Header Ads

തൊടുപുഴ കൂട്ടക്കൊല: അന്വേഷണം അടുപ്പമുള്ളവരെ ചുറ്റിപ്പറ്റി



ഇടുക്കി വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ടതിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്ന സംശയത്തില്‍ പൊലീസ്. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്. കൊല്ലപ്പെട്ട കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയും അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. 

വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായുസഞ്ചാരം പോലും കടക്കാത്തവിധം അടച്ചുകെട്ടിയ നിലയിലായിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന സംശയവും പോലീസിനുണ്ട്. അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്ക് ഒറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. ഒരു സംഘം ആളുകളാണ് കൊലയ്ക്ക് പിന്നിലെന്നും സംശയിക്കുന്നു. മോഷ്ടാക്കളാണോ കൊലപ്പെടുത്തിയതെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വീട്ടില്‍ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ആസൂത്രണ കൊലപാതകമാണ് ഇതെന്ന വിലയിരുത്തലിലാണ് പൊലീസ്.

കൃഷ്ണന്റെയും ഭാര്യയുടേയും രണ്ടു മക്കളുടേയും മൃതദേഹങ്ങള്‍ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേര്‍ന്ന ഒരു കുഴിയില്‍ നിന്നാണ് മൃതദേഹങ്ങല്‍ കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീട്ടില്‍ ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരിച്ചിലില്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടെത്തിയിരുന്നു. വീടിന് സമീപത്ത് അസ്വാഭാവികമായി കുഴി കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തൊടുപുഴ തഹസീല്‍ദാരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നാട്ടുകാരോട് അടുത്തിടപഴകാറില്ലെങ്കിലും കൃഷ്ണനും കുടുംബാംഗങ്ങളും കുഴപ്പക്കാരനായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം. കുടിയേറ്റ കര്‍ഷകര്‍ മാത്രമുള്ള ഗ്രാമപ്രദേശത്ത് താമസിച്ചുവന്ന ഈ കുടുംബത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലായ്മ ചെയ്യാന്‍ തക്ക വിരോധം ആര്‍ക്കാണെന്നതില്‍ നാട്ടുകാര്‍ക്കുള്ള സംശയം ചെറുതല്ല. ആഭിചാരമാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമായി അറിവുണ്ടായിരുന്ന നാട്ടുകാര്‍ ഒരിക്കല്‍ കാളിയാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍നടപടിയൊന്നുമുണ്ടായില്ല. താന്‍ ആഭിചാരമാണ് ചെയ്യുന്നതെന്ന് മറ്റുള്ളവരോട് പറയാന്‍ കൃഷ്ണന് മടിയുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട വീടായതുകൊണ്ടുതന്നെ നാട്ടുകാരുടെ വലിയ ശ്രദ്ധ കുടുംബത്തിനുമേല്‍ പതിഞ്ഞിരുന്നുമില്ല. ആഭിചാര ക്രിയകള്‍ക്കായി എത്തിയിരുന്നവരില്‍ നിന്നും ലഭിച്ചിരുന്ന തുകയാണ് ഇവരുടെ വരുമാനം എന്ന് നാട്ടുകാര്‍ പറയുന്നു.

അയല്‍ക്കാരനായ പുത്തന്‍പുരയ്ക്കല്‍ ശശിയാണ് കൂട്ടമരണം പുറത്തു വരാന്‍ ഇടപെടല്‍ നടത്തിയത്. ദിവസവും തങ്ങളുടെ വീട്ടില്‍ നിന്നു പാല്‍ വാങ്ങുന്ന കൃഷ്ണന്റെ കുടുംബം രണ്ടു ദിവസമായി പാല്‍ വാങ്ങാന്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയത്. കൃഷ്ണനും കുടുംബവും എവിടെക്കെങ്കിലും പോകുമ്പോള്‍ പാല്‍ വേണ്ട എന്ന് നേരത്തേ പറയുകയാണ് പതിവ്. ഇടുങ്ങിയ വഴിലൂടെ വീട്ടിലെത്തിയ ശശി വീട്ടുകാരെ വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. തുടര്‍ന്ന് കമ്പകക്കാനത്ത് താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളായ യജ്ഞേശന്‍, വിജയന്‍ എന്നിവരെ വിവരം അറിയിച്ചു. ഇവര്‍ വാതില്‍ തുറന്ന് നോക്കുമ്പോള്‍ മുറിയില്‍ ഇരുട്ടായിരുന്നു. വീടിനു വെളിയില്‍നിന്ന നാട്ടുകാരാണ് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറി നോക്കുമ്പോള്‍ രക്തം തളംകെട്ടി കിടക്കുകയായിരുന്നു. രക്തം കഴുകിക്കളയാന്‍ ശ്രമിച്ചതായും കാണാന്‍ കഴിഞ്ഞു. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ അടുക്കള വഴി ഇറങ്ങി നോക്കുമ്പോഴാണ് ആട്ടിന്‍കൂടിന് താഴെ മണ്ണ് മാറ്റിയിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൃഷ്ണന്റെ മകള്‍ ആര്‍ഷ പാല്‍ വാങ്ങാന്‍ വീട്ടില്‍ എത്തിയിരുന്നതായി ശശി പറഞ്ഞു. തിങ്കളാഴ്ച ആരും പാല്‍ വാങ്ങാന്‍ എത്താത്തതിരുന്നപ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് പോയതാകും എന്നാണ് വിചാരിച്ചത്. രണ്ടു ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ശശി പറഞ്ഞു.

.............................................................................................................................................

Tags: Thodupuzha murdercase: Police enquirers the involvement of known people, Malayalam News, thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.