രജേഷ് പോളിനും രൂപേഷിനുമെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍
ബ്രാഹ്മണിക്കല്‍ അജണ്ടയുടെ ഭാഗമായി മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് 'ഫക്ക് ഹ്യൂമനിസം' എന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് 2015ല്‍ സംഘടിപ്പിച്ച അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമായ രാജേഷ് പോളിനെതിരെ വീണ്ടും ലൈംഗിക ആരോപണം. സൈബര്‍ ലോകത്ത് അറിയപ്പെടുന്ന യുവതിയാണ് പതിനാറാമത്തെ വയസ്സില്‍ അയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സഹായിക്കാനെന്ന ഭാവേനെ അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് യുവതി വ്യക്തമക്കുന്നത് ഇങ്ങനെ:
പത്തില്‍ പഠിക്കുന്ന കാലം മുതല്‍ രജേഷ് പോളിനെ എനിക്ക് അറിയാം. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രാജേഷിനെ ഞാന്‍ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി.
ഒരിക്കല്‍ കണ്ണൂരിലെ ഒരുവീട്ടില്‍ ഒരുമിച്ച് പോയപ്പോള്‍ രജേഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കിടത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നത്. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നതെന്നും മറ്റും ചോദിച്ചിരുന്നു. പിന്നീട് ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.
ഒരു 16 വയസ്സുകാരിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അത്. ആത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് ഇയാള്‍ എനിക്ക് അയാളോട് പ്രണയമാണെന്ന് പറഞ്ഞു നടന്നു.
മറ്റൊരു ദളിത് ആക്ടിവിസ്റ്റ് രൂപേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി ആരതി രഞ്ജിത്ത് എന്ന യുവതി.
ആരതി രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഇത്തിരി വല്യ പോസ്റ്റാണ്. ഈ ജൂലൈ 7ാം തീയതി തൂത്തുക്കുടിയിലേക്ക് ഒരു യാത്ര പോയിരുന്നു. സ്റ്റെര്‍ലൈറ്റ് പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ദളിത് ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനൊപ്പമാണ് യാത്ര നടത്തിയത്. ഒരുപക്ഷേ ജീവിതത്തില്‍ ഇത്രയധികം പേടിച്ചുകൊണ്ട് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല. ഏഴാം തീയതി പതിനൊന്ന് മണിയോട് കൂടിയാണ് തമ്പാനൂരില്‍ നിന്ന് ബസിന് യാത്ര തുടങ്ങിയത്. കുറെയധികം സംസാരിച്ചു. ജീവിതം, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങള്‍. വളരെ സന്തോഷത്തിലാണെന്നും ഇങ്ങനെയൊരു പെണ്ണിനെ ആദ്യമായി പരിചയപ്പെടുവാണെന്നും രൂപേഷ് പറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഫേസ്ബുക്കിലെ എന്റെ പ്രൊഫൈല്‍ പിക്ചര്‍ കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
'ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാന്‍ ഉറപ്പിച്ചത്' ഞാന്‍ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായില്‍ നിന്നാണ് കലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫേസ്ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.
രാത്രിയിലെ സംഭവവികാസങ്ങള്‍ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഞാന്‍ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങള്‍ വേറെ. എന്റെ ദേഹത്ത് തൊട്ടാല്‍ കൊന്നു കളയുമെന്ന് ഞാന്‍. അപ്പോള്‍ പുള്ളിയുടെ അടുത്ത അടവ്.. എനിക്ക് ഒരു അമ്മേടേം അച്ഛന്റേം സ്നേഹം കിട്ടീട്ടില്ല.. എന്ന ഇന്നസെന്റ് മട്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് നിക്കുവാണ്.. സ്നേഹം വേണമെന്ന്. മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി. എനിക്ക് അയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാള്‍ ഉറങ്ങി. പക്ഷേ പേടിയും വെറുപ്പും കൊണ്ട് ആ രാത്രി അത്രയേറെ യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാനേ പറ്റീല.
പിറ്റേ ദിവസം രാവിലെ വീണ്ടും പകല്‍ മാന്യനായി അയാള്‍ ഇറങ്ങി. ഉറക്കമില്ലായ്മയും യാത്രാക്ഷീണവുമായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് വന്നാല്‍ മതിയെന്നായി. ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ കഴിഞ്ഞ രാത്രിയിലെ അയാളുടെ പെരുമാറ്റത്തെ പറ്റി ചോദിച്ചു. ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പിന്നെ നീ എന്ത് കണ്ടിട്ടാണ് ഇത്രയും ദൂരം എന്നോടൊപ്പം വന്നതെന്നാണ് അയാള്‍ തിരിച്ച് ചോദിച്ചത്. ആ മലരന്‍ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഇരുന്നു പോയി. ഞാന്‍ എന്റെ ജോലിക്ക് മാത്രമാണ് വന്നതെന്നും അതിന് ഒരു പുരുഷന്റെ കൂടെയല്ല ഒരു മാധ്യമപ്രവര്‍ത്തകന്റെ കൂടെയാണ് ഞാന്‍ വന്നതെന്നും മറുപടി കൊടുത്തു. കുടിച്ച് ബോധമില്ലാതെ ചെയ്തതാണെന്ന് പറഞ്ഞ് അയാള്‍ ക്ഷമ ചോദിച്ചു. കൂടുതലൊന്നും ശ്രദ്ധിക്കാനാകാതെ ഞാന്‍ അസ്വസ്ഥയായി. എത്രയും പെട്ടെന്ന് വീടെത്തണം. വൈഭൂന്റെ (മകന്‍) ഫോട്ടോ പതിവിലേറെ തവണ നോക്കി. തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ കയറിയിട്ടാണ് ഉറങ്ങിയത്.
ഇത് ആരോടും പറയണമെന്ന് എനിക്കില്ലായിരുന്നു. പക്ഷേ ഈയിടെയായി അറിയുന്നതൊക്കെയും വല്ലാണ്ട് വേദനിപ്പിക്കുന്നു. പ്രതിസ്ഥാനത്ത് ഒരേ മലരന്മാര്‍, അവരുടെ സംഘം. പേര് പറയാതെ പലരും ഇതിനോടകം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞു. പക്ഷേ അവര്‍ക്ക് അങ്ങനൊരു മറ നല്‍കുന്നതില്‍ യാതൊരു യോജിപ്പുമില്ല. അതുകൊണ്ടാണ് പേരും സ്ഥലവും സമയവും നല്‍കി ഒരു പോസ്റ്റ്.
ജോലി സ്ഥലത്ത് സ്ത്രീ സമത്വം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അഭിപ്രായപ്പെടുന്നതില്‍ ഉപരി അത് പ്രാവര്‍ത്തികമാക്കുന്നവളാണ് ഞാന്‍. പക്ഷേ പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ സ്ത്രീകള്‍ക്ക് നേരെ കടന്നാക്രമിക്കുന്നവനെ, അവന്‍ ദളിതനായാലും സവര്‍ണനായാലും ഒരു ന്യായീകരണം കൊണ്ടും മറകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ താല്പര്യമില്ല. രൂപേഷ് കുമാര്‍, നിങ്ങള്‍ തുരുത്തിയിലെ പെണ്‍കുട്ടികള്‍ എന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ പേടിയാണ്. കാരണം അത് പോലൊരു ഇര ഇന്നലെ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവളുടെ അനുഭവം കേട്ട് തരിച്ചിരുന്നു പോയി. 'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാന്‍ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.'
ഡോ. രേഖാരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
രൂപേഷ് കുമാര്‍, രജേഷ് പോള്‍ എന്നീ രണ്ടു പേര് എനിക്ക് സഹോദരതുല്യര്‍ ആയി തോന്നിയിട്ടുള്ളവര്‍ ആണ്. അത് ഇവിടെ അവസാനിക്കുന്നു എന്ന് അറിയിക്കട്ടെ! രജേഷ് പോളിന്റെ പോസ്റ്റുകളിലെ പര പുച്ഛവും ആണത്ത വയലന്‍സും കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ ഈയിടെ അണ്‍ഫ്രന്റ് ചെയ്തിരുന്നു. രൂപേഷ് പുറമെ പറയുന്ന രാഷ്ട്രീയം വിശ്വസിച്ചു ഒരു സാഹോദര്യം ഞാന്‍ ഇന്നലെ വരെ അവനോടു സൂക്ഷിച്ചിരുന്നു. ഇന്നലെയാണ് ചാന്ദിനി ലത എന്ന എച്ച് സി യു വില്‍ പഠിക്കുന്ന പെണ്‍കുട്ടി എന്നെ വിളിച്ചു രൂപേഷ് പല പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്ന തെളിവുകളോടെ എന്നോട് പറയുന്നത്. അപ്പോള്‍ മുതല്‍ ആരതി രഞ്ജിത്തിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. കിട്ടിയിരുന്നില്ല. ആരതിയുടെ പോസ്റ്റ് എല്ലാവരും വായിക്കണം. കുറെ സ്ത്രീകള്‍ എന്നോട് രൂപേഷിന്റെ പെരുമാറ്റത്തിലെ അതിക്രമ സ്വഭാവത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു.
ദളിത് ആക്ടിവിസ്റ്റ് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികള്‍ നാട്ടുകാര്‍ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് ? തങ്ങള്‍ അപമാനിക്കുന്ന പെണ്ണുങ്ങള്‍ ഒക്കെ കുറെ സമരം ചെയ്താണ് ഈ സ്പെയ്സില്‍ നില്‍ക്കുന്നത് എന്ന് അവര്‍ക്ക് അറിയാം. ഒരു പ്രശ്നം ഉണ്ടായാല്‍ അതിനെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുകയും ഒറ്റയ്ക്കാക്കുകയും, പിന്നെ വീടിനു പുറത്തു പോലും ഇറക്കില്ലെന്നും ആ പെണ്‍കുട്ടികള്‍ക്ക് അറിയാമെന്ന ആ അറിവ് തരുന്ന ധൈര്യമുണ്ടല്ലോ ആണ് ഇവരെക്കൊണ്ട് അത് ചെയ്യിക്കുന്നത്. പരാതി പറയാനും വേണല്ലോ അല്‍പം എങ്കിലും പ്രിവിലേജ് !. ഇവരുടെ ഒപ്പം തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ ഇടപെടുന്ന യാത്ര ചെയ്യുന്ന പലപ്പോഴും കീഴാളമായ സാഹചര്യത്തില്‍ വരുന്ന പെണ്‍കുട്ടികളോട് അതെ വാള്‍നറബില്‍ ആയവരോട് ആണ് ഇതൊക്കെ ചെയ്യുന്നത്. ഫെമിനിസ്റ്റുകള്‍ തരാം കിട്ടിയാല്‍ ഒക്കെ അപമാനിക്കുന്ന ഇവര്‍ തങ്ങളുടെ അധികാര പരിധിയില്‍ വന്നു പോവുന്ന പെണ്ണുങ്ങളോട് പെരുമാറുന്നത് ഒന്ന് മാത്രം മതി ഇവന്റെയൊക്കെ ആണ്‍ ധാര്‍ഷ്ട്യം മനസ്സിലാക്കാന്‍ . അതിനു വേണ്ടി ജാതി മുതല്‍ ലിബറല്‍ വിമര്‍ശനം വരെ എടുക്കും, തങ്ങളുടെ ആരാധകരും ലൈംഗിക കോളനികളും ആയി തങ്ങളുടെ സര്‍ക്കിളിലേയ്ക്ക് വരുന്നവരെ മാറ്റുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
രാജേഷ് പോള്‍ എന്ന അമാനവ സംഘം നേതാവ് ( ഇത് പറയാന്‍ കാരണം ലോകത്തെ മനുഷ്യ സംഗമ എന്നും അമാനവ സംഗമം എന്നും രണ്ടായി തിരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍ എന്ന നിലയ്ക്ക് ആണ് ) കണ്ണൂരിലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പിന്മുറക്കാരനാണ് , ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയും കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടാവും .സ്വന്തം ഐഡന്റിറ്റിറ്റി സൗകര്യമായി മറച്ചു പിടിക്കും,ലോകത്തു ആരെയും വിചാരണ ചെയ്യും ,ദളിത് ആക്ടിവിസ്റ്റുകളോട് പുച്ഛം ,അവര്‍ നടത്തുന്ന പരിപാടികളെ അതിലും പുച്ഛം , ഫെമിനിസ്റ്കളെ തൂക്കിക്കൊല്ലണം എന്ന് ഇടയ്ക്കിടെ ആഹ്വനം ചെയ്യും , ഒരു ട്രാന്‍സ് സുഹൃത്ത് ഉണ്ടെന്നതിനാല്‍ എല്ലാ ഹെട്രീയ സ്‌ക്ഷ്വല്‍ മാനുഷ്യരെയും അപമാനിക്കും. അവനെക്കുറിച്ചു കഴിഞ്ഞ ദിവസം ഞാന്‍ കേട്ടത് ഞെട്ടിപ്പോകുന്ന വാര്‍ത്തകള്‍. ഒരു ദളിത് പെണ്‍കുട്ടിയെ വര്‍ക്ക് ചെയ്യാന്‍ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിര്‍ബന്ധിച്ചു സെക്സ് ചെയ്യിക്കുക,ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നോ പറഞ്ഞാല്‍ അവളെ മൊറാലിസ്റ് ഊളെ എന്ന് വിളിക്കുക , സെക്സ് ചെയ്യാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക അവള്‍ക്കു താല്പര്യം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുക , അവള്‍ കരയുമ്പോള്‍ സോറി പറയുക പിറ്റേന്ന് വീണ്ടും ആവര്‍ത്തിക്കുക .
തൊഴില്‍ പോകാതിരിക്കാനും പിന്നെ താന്‍ ഇടപെടുന്നതു ഏതോ ബുദ്ധിജീവി മഹാന്റെ കൂടെയാണ് എന്ന് കരുതി നോ പറയാന്‍ തോന്നുന്നത് തന്റെ കുഴപ്പം ആണെന്ന് കരുതി അവള്‍ പേടിച്ചു മിണ്ടാതിരിക്കുക. പിന്നീട് കടുത്ത ട്രോമയില്‍ അവള്‍ ജീവിക്കുക . ഇവന്‍ എന്നിട്ട് ഫേസ് ബുക്കില്‍ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക. വീട്ടുകാര്‍ അറിഞ്ഞാല്‍ ഇനി പുറത്തു പോലും പോകാന്‍ സമ്മതിക്കില്ല എന്ന് പേടിച്ചു ,പഠിപ്പു മുടങ്ങുമെന്നു ഭയന്ന് ,ഇവര്‍ക്കൊക്കെ ഫേസ്ബുക്കില്‍ വലിയ വിലയുള്ളതുകൊണ് ആരും തന്റെ കൂടെ നില്‍ക്കില്ല എന്ന് കരുതി മിണ്ടാതെ ഇരിക്കാന്‍ വിധിക്കപ്പെടുക എന്നോട് സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഞാന്‍ രജീഷിന്റെ സുഹൃത്താണ് എന്ന് കരുതി പേടിച്ചു. പറയാതിരിക്കുക.നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ. ഇതിന്റെ പേരല്ലേ ഇന്റലക്ച്വല്‍ ടെററിസിങ് ? സമ്മതി എങ്ങനെയൊക്കെയാണ് ലൈംഗിക പീഡകര്‍ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഓര്‍ത്തു നോക്കൂ ? ഇതിനൊക്കെ മറയായി പിടിക്കുന്നത് മര്‍ധിതരുടെ കീഴാളരുടെ രാഷ്ട്രീയം ഇവര്‍ക്ക് മാപ്പില്ല . ഇവരെയൊക്കെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം എന്ന് ഞാന്‍ എന്റെ മുഴുവന്‍ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു..
എന്നോട് പരാതി പറഞ്ഞവര്‍ ഒരു പക്ഷെ ഔദ്യോഗികമായി പരാതി കൊടുക്കില്ലായിരിക്കാം ..അവര്‍ പലകാരണങ്ങളാലും തിരുത്തി പറഞ്ഞേക്കാം ,ഒരു പക്ഷെ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം, നിഷേധിച്ചേയ്യ്ക്കാം. ഈ പറഞ്ഞതിനൊക്കെയുള്ള തെളിവുകള്‍ എന്റെ കൈയിലുണ്ട് അത് മാത്രം മതി . സംഘര്‍ഷത്തോടെ എന്നോട് ഇതൊക്കെ വിവരിച്ച പെണ്‍കുട്ടികളുടെ ചിലമ്പിച്ച ശബ്ദം മാത്രം ഊര്‍ജ്ജമായി എടുത്തു കൊണ്ട് പക്ഷെ എനിക്ക് ഇത് ഇവിടെ പറയണം എന്ന് തോന്നി ,എന്റെ എത്തിക്സ് ആണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഞാന്‍ അനുഭവിക്കാന്‍ തയ്യാറാണ് ! എന്ത് തന്നെയാണെങ്കിലും.
....................................................................................................................................................
Tags: More women come forward to complaint against dalit activists Rupesh Kumar and Rejeesh Paul
അഭിപ്രായങ്ങളൊന്നുമില്ല