ഞാന്‍ ഇനി സര്‍ക്കാരിന്റെ മകള്‍
അതിജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോളജ് വിദ്യാര്‍ഥി ഹനാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമോദനം. മീന്‍വില്‍പ്പന നടത്തി ജീവിതം കഴിച്ചുകൂട്ടിയിരുന്ന ഹനാന് എല്ലാവിധ സംരക്ഷണവും വാഗ്ദാനം ചെയ്തു സംസ്ഥാന സര്‍ക്കാര്‍. ഇന്ന് സെക്രട്ടറിയേറ്റിലെത്തിയാണ് ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടത്. ഏറെ സന്തോഷവതിയായിട്ടാണ് ഹനാന്‍ ഇന്നു മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. താന്‍ ഈ സര്‍ക്കാറിന്റെ മകളാണെന്ന് ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു മകളെന്ന നിലയില്‍ അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുക. ആ മകളുടെ സംരക്ഷണം എനിക്ക് സര്‍ക്കാര്‍ നല്‍കുമെന്നാണ് വിശ്വാസം. അതുകൊണ്ട് ധൈര്യത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത്. ഈ സര്‍ക്കാറിന്റെ മകളാണ് ഞാന്‍. മുഖ്യമന്ത്രി എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് വലിയ ആത്മവിശ്വാസം തോന്നുന്നുണ്ട്,' ഹനാന്‍ വ്യക്തമാക്കി.
'ഒരാള്‍ക്ക് പോലും എന്റെ കൈവെട്ടാന്‍ കഴിയില്ല, ഒരു വെടിയുണ്ട പോലും ഈ നെറ്റിയില്‍ പതിക്കില്ല. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമുണ്ട്, പഠനമായാലും സുരക്ഷയ്ക്കായാലും ഒരു മകളെ പോലെ നിന്ന് സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നെ സൈബര്‍ ലോകത്ത് അപമാനിച്ചവര്‍ക്കെതിരെ എല്ലാ നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ,' ഹനാന്‍ വ്യക്തമാക്കി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജിനൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ ഹനാന്‍ എത്തിയത്.
അതേസമയം, ഹനാനെ ലൈംഗികമായി കളിയാക്കിയവര്‍ക്കും വാക്കുകളിലൂടെ പരിഹസിച്ചവര്‍ക്കുമെതിരെ നടപടികളുമായി പോലീസ് മുന്നോട്ടു നീങ്ങുകയാണ്. എന്നാല്‍, ഹനാന്റെ മീന്‍ വില്‍പ്പനയില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടായേക്കില്ല. അവരൊന്നും ഹനാനെ അപമാനിച്ചിട്ടില്ല. മറിച്ച് സംശയം ചര്‍ച്ചയാക്കുകയാണ് ചെയ്തത്. എന്നാല്‍ ഹനാനെ ലൈംഗികമായി കളിയാക്കിയവര്‍ക്കെതിരെ കേസെടുക്കും. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സംഭവത്തില്‍ 24 പേരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ കണ്ടെത്തി. ഇവരില്‍ പത്തുപേര്‍ വളരെ മോശം ഭാഷയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു പോസ്റ്റുകളിട്ടവരാണ്. മറ്റു 14 പേര്‍ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവരുമാണ്.
ഹനാനെ അപമാനിക്കാന്‍ ലൈംഗികത കൊണ്ടു വന്നവരാണ് കുടുങ്ങുന്നത്. കേസില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ് എന്നിവര്‍ക്കു പുറമെ നാലു പേരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. ഇവരെ പിന്നീടു വിട്ടയച്ചു. സ്ഥിരമായി ഇത്തരം വ്യാജപ്രചാരണങ്ങളില്‍ പങ്കാളികളായ നാലു വിദേശ മലയാളികളുടെ വിവരങ്ങളും സൈബര്‍ സെല്ലിനു ലഭിച്ചു. ഹനാനെ അപമാനിച്ച കൂട്ടത്തിലും ഇവരുണ്ടായിരുന്നു. ഇവരെ നോട്ടീസ് അയച്ച് പൊലീസ് വിളിച്ചു വരുത്തും. താക്കീതും ചെയ്യും. ഹനാന്‍ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അശ്ലീല പ്രചരണങ്ങള്‍ക്ക് കടിഞ്ഞാണ് ഇടനാണ് നീക്കം.
..........................................................................................................................................
Tags: I am the daughter of this government: Hanan reveals after meeting CM Pinarayi Vijayan, Nobody can abuse me anymore; Hanan, Hanan will be the brand Ambassador of Khadi Board
അഭിപ്രായങ്ങളൊന്നുമില്ല