പ്രീത ഷാജിയും സംഘവും അറസ്റ്റില്‍; HDFC കൊള്ളയ്‌ക്കെതിരെയുള്ള സമരവും അവതാളത്തില്‍
HDFC ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും കൊള്ളരുതായ്മയ്ക്കുമെതിരെ സമരം നടത്താനെത്തിയ പ്രീത ഷാജിയെയും സംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു. ജപ്തി നടപടികള്‍ തടസപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവര്‍ക്കൊപ്പമെത്തി പ്രതിഷേധിച്ച 12 പേരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കൊച്ചി പനമ്പള്ളി നഗറിലെ ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്.
ജപ്തി നടപടികള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജപ്തി നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രീത ഷാജിയും കുടുംബവും. നേരത്തെ സമരസമിതിയില്‍പ്പെട്ട ചില സമരക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വായ്പയെടുക്കാന്‍ സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധനേടി. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര്‍ പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
റിയല്‍ എസ്റ്റേറ്റ് സംഘവുമായി ചേര്‍ന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് തങ്ങളുടെ കിടപ്പാടം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഷാജിയും കുടുംബവും ആരോപിക്കുന്നത്. 'കൂട്ടുകാരന്‍ സാജന് വര്‍ക്ക് ഷോപ്പ് നടത്താന്‍ 1994ല്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാന്‍. അയാള്‍ പണം തിരിച്ചടച്ചില്ല. ഇപ്പോള്‍ 24 വര്‍ഷമായി. ഇപ്പോള്‍ തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തില്‍ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ളവ 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തില്‍ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റത്.
സുഹൃത്ത് സാജന്‍ പണമടയ്ക്കാതെ കുടിശ്ശിക പെരുകിയപ്പോള്‍ 1997ല്‍ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ ഷാജി നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്ന സമയത്ത് ഞങ്ങളുടെ അമ്മ സ്‌ട്രോക്ക് വന്ന തളര്‍ന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലായി. കുറച്ച നാള് കഴിഞ്ഞപ്പോ അമ്മ മരിച്ചു. അമ്മേനെ കൊന്നത് ഈ ബാങ്കാണ്. ഷാജിയുടെ ഭാര്യ പ്രീത പറഞ്ഞിരുന്നു.
ആലുവയിലെ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോര്‍ഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയന്‍ ബാങ്കിലും സെഞ്ചൂറിയന്‍ ബാങ്ക് തുടര്‍ന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.
.....................................................................................................................................................
Tags: Police arrested Preetha Shaji and the protesters, Looting of HDFC bank, Centurian Bank, Lord Krishna Bank, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല