Header Ads

കാരുണ്യം കാണിച്ചവരോട് കണ്ണില്‍ ചോരയില്ലാതെ HDFC ബാങ്ക്; രണ്ടുലക്ഷം രൂപയുടെ ലോണ്‍ 2.30 കോടിയില്‍ എത്തിച്ച മാജിക്




കാരുണ്യം... ആധുനിക കാലത്ത് ആ വാക്കിന് അര്‍ത്ഥം ചതി എന്നാണ്. എറണാകുളം ഇടപ്പള്ളിക്കടുത്ത് പത്തടിപ്പാലം സ്വദേശി മാന്നാനത്തുപാടം ഷാജിയും ഭ്രാര്യ പ്രീതയും കുടുബവും 24 വര്‍ഷമായി അനുഭവിക്കുന്ന കടക്കെണിക്കും ദുരിത ജീവിതത്തിനും കാരണം അവര്‍ കാണിച്ച കാരുണ്യമാണ്. ആപത്തു സമയത്ത് സഹായിക്കുന്നവനാണ് നല്ല സുഹൃത്തെങ്കില്‍, ആ നന്മയുടെ പേരിലാണ് ഇവര്‍ വേട്ടയാടപ്പെടുന്നത്. സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി ജാമ്യം നിന്നതാണ് ഈ കുടുംബം ചെയ്ത ഏക തെറ്റ്. അതിന്റെ പേരില്‍ ബാങ്ക് അധികാരികള്‍ കണ്ണില്‍ ചോരയില്ലാതെ പെരുമാറിയതോടെ പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കലിന്റെ വക്കിലാണ്. ഇന്നലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കുടിയൊഴിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുമ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പ്രതിഷേധവുമായി പ്രീത അണിനിരന്നതോടെ പൊലീസും ഒഴിപ്പിക്കാനെത്തിയവരും പിന്മാറി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ പൊലീസ് നടപടി ആരംഭിച്ചെങ്കിലും മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെയും വലിയ പ്രതിഷേധമുയര്‍ന്നു. അഭിഭാഷക കമ്മിഷന്‍, ആര്‍.ഡി.ഒ., തൃക്കാക്കര എ.സി.പി. പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ക്ക് എത്തിയത്. പക്ഷേ, ആത്മഹത്യാ ഭീഷണിയുള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി സമരാനുകൂലികള്‍ നിരന്നതോടെ പൊലീസ് പിന്തിരിഞ്ഞു. പൊലീസും പ്രതിഷേധക്കാരുമായി ചെറിയ സംഘര്‍ഷവുമുണ്ടായി. ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിന് ലോണെടുക്കാന്‍ പ്രീതയുടെ ഭര്‍ത്താവ് ഷാജി ജാമ്യം നിന്നത് 1994 ലായിരുന്നു. പക്ഷേ, എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ സുഹൃത്ത് തയ്യാറാകാതെ വന്നപ്പോള്‍ നാല് സെന്റ് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപ ഷാജി തിരിച്ചടച്ചു. എന്നാല്‍, വീണ്ടും തിരിച്ചടവ് മുടങ്ങിയതോടെ ഈട് നല്‍കിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. ഇത് 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. വീടും സ്ഥലവും ലേലത്തില്‍ പിടിച്ച രതീഷ് വീട് ഒഴിപ്പിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനു മുന്‍പ് രണ്ടുതവണ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.


തിങ്കളാഴ്ച രാവിലെ എട്ടോടെ പൊലീസ് സംഘം സ്ഥലത്തെത്തി. അതിനും മുന്‍പേ സമരാനുകൂലികള്‍ വീടിനു മുന്നിലും പറമ്പിലും കയറുകൊണ്ട് വേലി കെട്ടിയിരുന്നു. സമരനേതാക്കള്‍ വീട്ടുമുറ്റത്ത് പന്തലില്‍ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. പറമ്പിനകത്ത് പൊലീസോ മറ്റാരെങ്കിലുമോ പ്രവേശിച്ചാല്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതിഷേധം. എല്ലാവരും മണ്ണെണ്ണയും പെട്രോളും ഡീസലും കുപ്പികളിലാക്കി കരുതിയിരുന്നു. ഷാജിയും പ്രീതയും മകന്‍ അഖിലും ഭാര്യയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വീടിനകത്തു നിന്നു. വീടിന്റെ തിണ്ണയില്‍ സമരാനുകൂലികള്‍ തുണികൊണ്ട് പരസ്പരം കെട്ടി ജപ്തിക്കായി എത്തിയവരെ അകത്ത് കയറ്റാന്‍ സമ്മതിക്കാതെ സ്ഥാനമുറപ്പിച്ചു.

അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്യാന്‍ ഹോസ് ഘടിപ്പിച്ചു തുടങ്ങിയതോടെ സംഘര്‍ഷമായി. മുറ്റത്തുനിന്ന് പ്രതിഷേധക്കാര്‍ റോഡിലേക്ക് ഇറങ്ങി. സി.എസ്. മുരളി, പി.ജെ. മാനുവല്‍, വി സി. ജെന്നി, വി.കെ. വിജയന്‍, കെ.വി. റെജുമോന്‍ എന്നിവരാണ് റോഡിലേക്ക് ഓടിയിറങ്ങിയത്. കൂട്ടത്തിലൊരാള്‍ കൈയിലിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി ഉയര്‍ത്തി. ഇതോടെ മുറ്റത്തെ സമരപ്പന്തലില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവര്‍ മണ്ണെണ്ണയും പെട്രോളും ദേഹത്തൊഴിച്ചു. പൊലീസിനു നേര്‍ക്കും ചിലര്‍ മണ്ണെണ്ണയും പെട്രോളുമൊഴിച്ചു.

അവിടെ നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നില്‍ തീയിട്ടത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ അഗ്‌നിരക്ഷാസേന ഇവരുടെ നേര്‍ക്ക് വെള്ളവും പതയും ചീറ്റി. ചിലര്‍ വാക്കത്തി കൊണ്ട് അഗ്‌നിരക്ഷാസേനയുടെ ഹോസ് മുറിച്ചു. ഇതോടെയാണ് പൊലീസും മറ്റുള്ളവരും പിന്മാറിയത്.

കൊള്ളപ്പലിശക്കാരായ HDFC ബാങ്കും റിയല്‍ എസ്റ്റേറ്റ് സംഘവുമായി ബാങ്കിനുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ് ഷാജിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയത്. 'കൂട്ടുകാരന്‍ സാജന് വര്‍ക്ക് ഷോപ്പ് നടത്താന്‍ 1994ല്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് ഞാന്‍. അയാള്‍ പണം തിരിച്ചടച്ചില്ല. ഇപ്പോള്‍ 24 വര്‍ഷമായി. ഇപ്പോള്‍ തിരിച്ചടക്കേണ്ടത് രണ്ട് കോടി 30 ലക്ഷം രൂപയായി. ലോണ്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ബാങ്ക് ലേലത്തില്‍ വച്ചു. രണ്ടരക്കോടി മതിപ്പുവിലയുള്ള പുരയിടം 38 ലക്ഷം രൂപയ്ക്ക് ബാങ്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തില്‍ കൊടുത്തു. ഞങ്ങളറിയാതെ' ഷാജി പറയുന്നു. 18.5 സെന്റ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റത്.

ലോണ്‍ തിരിച്ചടയ്ക്കാതെ സുഹൃത്ത് സാജന്‍ കുടിശ്ശിക വരുത്തിയപ്പോള്‍ 1997 ല്‍ നാല് സെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ ഷാജി ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ തിരിച്ചടച്ചിരുന്നു. 'ജപ്തി നടപടിയുമായി ബാങ്ക് ആദ്യം വന്നപ്പോള്‍ ഞങ്ങളുടെ അമ്മ സ്‌ട്രോക്ക് വന്ന് തളര്‍ന്ന് കിടപ്പിലായിരുന്നു. ബാങ്ക് ജീവനക്കാരെയും പൊലീസിനെയുമൊക്കെ ഒരുമിച്ച് കണ്ട് പേടിച്ച അമ്മ പിന്നീട് മിണ്ടാന്‍ കഴിയാത്ത അവസ്ഥയിലായി. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. അമ്മയെ കൊന്നത് ഈ ബാങ്കാണ്,' ഷാജിയുടെ ഭാര്യ പ്രീത പറയുന്നു.

ആലുവയിലെ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നാണ് ഷാജി ജാമ്യം നിന്ന് പണം കടമെടുത്തത്. ലോര്‍ഡ് കൃഷ്ണബാങ്ക് പിന്നീട് സെഞ്ചൂറിയന്‍ ബാങ്കിലും സെഞ്ചൂറിയന്‍ ബാങ്ക് തുടര്‍ന്ന് HDFC ബാങ്കിലും ലയിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് എച്ച്.ഡി. എഫ്.സി ബാങ്കാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

'എച്ച്.ഡി.എഫ്.സി ബാങ്കില്‍ ചെന്ന് കുടിശ്ശിക അല്‍പാല്‍പമായി തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം താങ്ങാനാവുന്നതിലും വലിയ തുക പലിശയിനത്തില്‍ത്തന്നെ വരുമെന്നാണ് ബാങ്ക് അന്നേ ഞങ്ങളോട് പറഞ്ഞിരുന്നത്. എച്ച്.ഡി.എഫ്.സി. ബാങ്ക് പുരയിടമൊന്നാകെ ബാങ്കുമായി അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെ സ്ഥലം വില്‍ക്കാനോ കരമടയ്ക്കാനോ കഴിയാത്ത അവസ്ഥയായി. ഇതോടെ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കരമടച്ച രസീതോ വരുമാന സര്‍ട്ടിഫിക്കറ്റോ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കാതെയായി' പ്രീത പറയുന്നു.

'എന്നേം എന്റെ കുടുംബത്തിനേം ഈ ബാങ്ക് അന്ന് മുതല്‍ പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടര സെന്റ് സ്ഥലമുണ്ട്. പക്ഷെ സ്വന്തം വീട്ടില്‍ വാടകക്കാരായി ജീവിക്കേണ്ടി വരികയാണ്. ആരെങ്കിലും സ്ഥലം വാങ്ങാനായി വരുന്ന സമയത്ത് ബാങ്ക് മാനേജര്‍ എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ബാങ്കുമായി അറ്റാച്ച് ചെയ്ത സ്ഥലമാണ്. അത് വാങ്ങരുതെന്ന് അറിയിക്കും. അതോടെ വാങ്ങാന്‍ വരുന്നവരും പിന്മാറും. നാട്ടുകാരോടും അവര്‍ ഇതുതന്നൊണ് പറഞ്ഞിരിക്കുന്നത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അതിന്റെ എന്തെങ്കിലും ഒരു പങ്ക് എന്റെ മക്കള്‍ക്ക് കൊടുക്കണ്ടേ?' ഷാജി ചോദിക്കുന്നു.

2014ല്‍ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു. 'എങ്ങനെ ഇത്ര വലിയ തുകയായെന്ന് ഞങ്ങളും സംശയിച്ചു. തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ ബാങ്ക് ഓണ്‍ലൈനിലൂടെ ഭൂമി ലേലത്തില്‍ വച്ചു. ഈ ലേലത്തില്‍ രതീഷ് നാരായണന്‍ എന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തെടുത്തു. എന്നാല്‍ ഭൂമി ലേലത്തില്‍ വച്ചതോ വിറ്റ് പോയതോ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ബാങ്കില്‍ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോള്‍ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഞങ്ങള്‍ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകള്‍ ഇവിടെ വന്ന് വീട്ടില്‍ ആളില്ലെന്ന റിപ്പോര്‍ട്ട് അധികാരികള്‍ക്ക് നല്‍കുകയം ചെയ്തു' പ്രീത വിവരിക്കുന്നു. 80 ലക്ഷം കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ചെന്നപ്പോഴാണ് ലേലത്തിന്റെ കാര്യംതന്നെ ഇവര്‍ അറിയുന്നത്.

'റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് വേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക് ഞങ്ങളുടെ ഭൂമി ഒത്താശ ചെയ്തുകൊടുത്തതാണ്. എച്ച്.ഡി.എഫ്.സി ബാങ്കും ഭൂമി ലേലത്തില്‍ പിടിച്ച രതീഷ് നാരായണനും കൂടി കുടിയിറക്കാന്‍ വന്നപ്പോഴാണ് സ്വന്തം വീട് കൈവിട്ട് പോയെന്ന് ഞങ്ങള്‍ അറിയുന്നത്. ലേലത്തിന് ശേഷം കൈപ്പറ്റേണ്ട നോട്ടീസും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. കണ്‍സ്യൂമര്‍ നമ്പറടക്കം ഈ രതീഷ് നാരായണന്‍ ഞങ്ങളറിയാതെ ഇവിടെ വന്ന് ശേഖരിച്ചു. ഇപ്പോ വീട് അയാളുടെ പേരിലും അതിന്റെ കരണ്ട് ചാര്‍ജ്ജടക്കം അടയ്ക്കുന്നത് ഞങ്ങളും' ഷാജിയുടെ മകന്‍ അഖില്‍ പറയുന്നു.

എന്നും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അലട്ടിയിരുന്നു. മാനസിക വ്യഥകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ശരിക്കും അയാള്‍ (സാജന്‍) ഞങ്ങളെ ചതിക്കുകയായിരുന്നു. പലവട്ടം സംസാരിച്ചിരുന്നുവെങ്കിലും ഇയാള്‍ വേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല. ഉടനെ ശരിയാക്കാം എന്നു പറഞ്ഞ് കബളിപ്പിക്കുകയല്ലാതെ ഒരു രീതിയിലും സഹകരണമുണ്ടായിരുന്നില്ല. സ്വന്തമായുണ്ടായിരുന്ന നാലു സെന്റ് സ്ഥലം വിറ്റാണ് ബാങ്കിലേക്ക് ഒരു ലക്ഷം രൂപ അടച്ചത്'' അഖില്‍ പറഞ്ഞു.

വീട്ടില്‍ സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടാന്‍ തുടങ്ങിയിരുന്നു. ഡ്രൈവറായ അച്ഛന്റെ ഒരാളുടെ വരുമാനത്തിലായിരുന്നു വീട് മുന്നോട്ടു പോയിരുന്നത്. ഇതിനിടയില്‍ വിദ്യാഭ്യാസം വേണ്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായില്ല. ബിരുദ പഠനത്തിനു ശേഷം വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നു. ബിരുദാനന്തര ബിരുദം എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ സ്ഥിതി മോശമായതുകൊണ്ട് പഠനം അവിടെ നിര്‍ത്തുകയായിരുന്നു. പിന്നീട് പല ജോലികളെടുത്തെങ്കിലും ഒന്നും സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ളവയായിരുന്നില്ല. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലാണ് ലോണും ജപ്തി ഭീഷണിയും നല്‍കുന്ന മാനസിക വിഷമവും.

സുധീഷ്, സക്കറിയ മണവാളന്‍, രതീഷ് നാരായണന്‍ എന്നീ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ തന്ത്രപൂര്‍വ്വം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ സ്ഥലം കൊള്ളയടിച്ചതാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ വിളിക്കുന്ന മധ്യസ്ഥ ചര്‍ച്ചകളിലടക്കം ഇവര്‍ മൂന്ന് പേരുമാണ് സംസാരിക്കുന്നതെന്നും ഷാജി പറയുന്നു. ലേലത്തില്‍ സ്ഥലം വിറ്റ് പണം തിരിച്ച് പിടിച്ചതോടെ ബാങ്ക് പിന്‍വാങ്ങി. തുടര്‍ന്ന് ഷാജിയും കുടുംബവും ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായിട്ടായി പിന്നീടുള്ള ചര്‍ച്ച. ബാങ്കിന് ഇവര്‍കൊടുത്തെന്ന് പറയപ്പെടുന്ന 80 ലക്ഷം രൂപ തിരികെ നല്‍കാമെന്നും ഭൂമി തിരിച്ചേല്‍പിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ തന്നാല്‍ ഭൂമി തിരികെ നല്‍കാമെന്നായി രതീഷും സംഘവുമെന്ന് ഷാജി പറയുന്നു. ഈ ഭൂമി വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള വരുമാനമോ സാമ്പത്തികാവസ്ഥയോ ഇവര്‍ക്കില്ല.

രണ്ടുകോടി 30 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് ഷാജിയെയും കുടുംബത്തെയും അറിയിച്ച HDFC ബാങ്ക് എങ്ങനെയാണ് 38 ലക്ഷം രൂപയ്ക്ക് പുരയിടം ലേലത്തില്‍ വിറ്റ് പ്രശ്‌നം ഒത്തുതീര്‍ത്തത്..?? ഈ ചോദ്യത്തിന് ബാങ്ക് ഉത്തരം പറഞ്ഞേ തീരൂ. സഹായിച്ച സുഹൃത്തിന് തീരാദുരിതം സമ്മാനിച്ച സാജനും മാപ്പര്‍ഹിക്കുന്നില്ല. 

......................................................................................................................................

Tags; Protest against HDFC bank at Edappally, Preetha Shaji's protest to protect her house from land mafia, Malayalam news, thamasom

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.