ആര്‍ സി സി ടാറ്റയ്ക്ക് സ്വന്തമായേക്കും; പാവപ്പെട്ടവന്റെ ക്യാന്‍സര്‍ ചികിത്സ ഇനി പെരുവഴിയില്‍
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ടാറ്റയ്ക്കു കൈമാറാന്‍ നീക്കം. ആര്‍ സി സിയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയായാല്‍ നിര്‍ദ്ധന രോഗികളുടെ ക്യാന്‍സര്‍ ചികിത്സ പെരുവഴിയിലാവും. സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സ്വതന്ത്രസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ആര്‍.സി.സിയെ മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 'സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാ'യി ഉയര്‍ത്തിയിരുന്നു.
പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ആശ്രയമായിരുന്നു ആര്‍ സി സി. ഇത് ടാറ്റയ്ക്കു കൈമാറിയാല്‍ അര്‍ബുദ ചികിത്സാച്ചെലവുകള്‍ കുതിച്ചുയരും. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പു മറികടന്നുള്ള അധികൃതരുടെ നീക്കത്തിന് ഉന്നതതലപിന്തുണയുമുണ്ട്. ഏറ്റെടുക്കലിന്റെ ആദ്യഘട്ടമായി, ആര്‍.സി.സിക്കു മുംബൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സാങ്കേതികസഹായം നല്‍കുന്നുണ്ട്. രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സമയം നിശ്ചയിക്കുന്നതും ഭരണപരമായ ചില കാര്യങ്ങളും നിലവില്‍ ടാറ്റയുടെ നിയന്ത്രണത്തിലാണ്. മരുന്നുവിതരണവും ഏറ്റെടുക്കാന്‍ കമ്പനി സന്നദ്ധമായെങ്കിലും ജീവനക്കാരുടെ എതിര്‍പ്പുമൂലം നടന്നില്ല.
കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനോടു ജീവനക്കാര്‍ക്കു കടുത്ത എതിര്‍പ്പുള്ളത്. അതിനാല്‍, സ്വകാര്യവത്കരണം വളരെ സാവധാനത്തില്‍ നടപ്പാക്കാനാണ് തീരുമാനം. മരുന്നുവിതരണത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനി ഏറ്റെടുത്താല്‍ രോഗികളുടെ പൂര്‍ണവിവരങ്ങള്‍ അവര്‍ക്കു ലഭിക്കും. ഇതു സ്വകാര്യ മരുന്നു കമ്പനികള്‍ക്കു സഹായകമാകുമെന്നും ആരോപണമുണ്ട്. ഓരോവര്‍ഷവും ആര്‍.സി.സിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ട്. 2016-2017 വരെ 32,622 പേരും കഴിഞ്ഞവര്‍ഷം 65,000-ല്‍ അധികം പേരും ചികിത്സ തേടി.
1981-ലാണ് തിരുവനന്തപുരത്ത് ആര്‍.സി.സി. സ്ഥാപിതമായത്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അര്‍ബുദനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തുടങ്ങിയ ആറു റീജണല്‍ കാന്‍സര്‍ സെന്ററുകളില്‍ ഒന്നാണിത്. ഏകദേശം 3000 രോഗികളാണ് ആദ്യവര്‍ഷം ചികിത്സ തേടിയത്. ആര്‍.സി.സിയില്‍ എത്തുന്ന രോഗികളില്‍ 90 ശതമാനവും നിര്‍ധനരാണ്. അര്‍ബുദ ചികിത്സാച്ചെലവു ഭീമമായതിനാല്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നിരവധി സഹായപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ പ്രതിദിനം രണ്ടായിരത്തിലേറെ രോഗികള്‍ ആര്‍.സി.സിയിലെത്തുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഓരോ രോഗിക്കും ആര്‍.സി.സിയില്‍ ചികിത്സ നല്‍കുന്നത്. ചികിത്സയ്ക്കു പുറമേ അര്‍ബുദ ഗവേഷണകേന്ദ്രം കൂടിയാണിത്.
...............................................................................................................................................
Tags: Regional cancer center, R C C, Kerala State Cancer Institute, Privatisation of regional cancer center, Central and state governments are planning to privatise Regional Cancer Center, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല