Header Ads

ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഭോഗാസക്തരെന്നു പറഞ്ഞ എസ് ഹരീഷിനെതിരെ സംഘപരിവാര്‍'പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തില്‍ പോകുന്നന്നത്? ആറു മാസം മുന്‍പ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. 'പ്രാര്‍ത്ഥിക്കാന്‍' ഞാന്‍ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍'. ഞാന്‍ ചിരിച്ചു. 'അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍.'മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസദ്ധീകരിക്കുന്ന യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലെ സംഭാഷണമാണ്. ഈ സംഭാഷണത്തിന്റെ പേരില്‍ ഹരീഷ് ഇപ്പോള്‍ സംഘപരിവാറിന്റെ കടുത്ത വിമര്‍ശനം നേരിടുകയാണ്. 

മനപ്പൂര്‍വ്വം ഹിന്ദുത്വത്തെ അവഹേളിക്കാന്‍ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാര്‍ അനുകൂലികളുടെ നിലപാട്. കുരീപ്പുഴ ശ്രീകുമാറിനെ പരസ്യമായി മര്‍ദ്ദിച്ച പോലെ ഹരീഷിനെയും മര്‍ദ്ദിക്കുമെന്നും ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാര്‍ അനുയായികള്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ ഹരീഷിന്റെ അമ്മയെ ഉള്‍പ്പടെ ഉള്ള ആളുകളെ സംഘം ചേര്‍ന്ന് സൈബര്‍ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോള്‍ ഹരീഷ് ഫെയ്‌സ് ബുക്ക് പേജ് തന്നെ പൂട്ടി. അപ്പര്‍ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തിനിരയായിരിക്കുന്നത്. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരന്‍ കഥ പറയുന്നത്. ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് ഹരീഷ്. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. നോവല്‍ പ്രസീദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ട്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ കൊലവിളി കേരളത്തിലും സജീവമാക്കുന്നതിന്റെ സൂചനയായി ഇതിനെ സോഷ്യല്‍ മീഡിയയിലെ മറുവിഭാഗം വിലയിരുത്തുന്നു. കലാകാരന്മാര്‍ക്ക് പ്രതികരിക്കാനാവാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന വിലയിരുത്തലും സജീവമാണ്. ഏതായാലും ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഹരീഷ് തയ്യാറല്ല. എന്നാല്‍ ഹിന്ദുമതത്തെ അവഹേളിക്കുന്നതാണ് ഹരീഷിന്റെ നോവലെന്ന നിലപാടില്‍ ഉറച്ചു നിന്ന് കലാകാരനെ കടന്നാക്രമിക്കുന്നത് തുടരുകയാണ് പരിവാറുകാരും.

'ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയില്‍ വ്യാഖ്യാനം നടത്തിയാല്‍ വിവരമറിയുമെന്നും ഈ കൂട്ടര്‍ക്ക് അറിയാം. ഹൈന്ദവ സംസ്‌ക്കാരങ്ങളുടെ വേരറുക്കാന്‍ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്‌ക്കരിക്കപ്പെടേണ്ടതാണ്. ഇതിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും. എല്ലാവരും പ്രതികരിക്കുക.' എന്ന് തുടങ്ങിയ ആഹ്വാനമാണ് സോഷ്യല്‍ മീഡിയയില്‍ പരിവാറുകാര്‍ നടത്തുന്നത്.ഹരീഷിന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ ഭീഷണികള്‍.

അതിനിടെ ഹരീഷിനെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദകുട്ടിയും രംഗത്ത് വന്നു. ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാര്‍ഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങള്‍ക്കെല്ലാമറിയാം. മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങള്‍ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങള്‍ക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവര്‍ക്കറിയാം. രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരന്‍. വര്‍ഗ്ഗീയതയുടെ വര്‍ത്തമാനകാലത്ത്, സ്ത്രീപക്ഷ വായനയുടെ കാലത്ത്, ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാകും. മീശക്ക് വര്‍ഗ്ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്.ശാരദകുട്ടി പറയുന്നു.

വ്യായാമം കൊണ്ട് ശരീരത്തെ കബളിപ്പിക്കാന്‍ കഴിയാതെ ഹൃദയാഘാതം വന്ന് മരിച്ച ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിലാകുന്നത്. മതേതര കേരളവും ഹിന്ദുക്കളും കണ്‍ തുറന്ന് കാണുക എന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ആക്രമണങ്ങള്‍. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ രണ്ട് അധ്യായങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജാതിയെ അഭിസംബോധന ചെയ്യുന്ന നോവല്‍ ആ അര്‍ത്ഥത്തില്‍ കൂടിയാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത് എന്ന് വ്യക്തം. അടിസ്ഥാന ജനവിഭാഗമായ പുലയരെ അടയാളപ്പെടുത്താനാണ് നോവലിലൂടെ കഥാകൃത്ത് ശ്രമിക്കുന്നത്.

............................................................................................................................................

Tags: S Hareesh, Meesa, Women go to temple for declaring there willingness for sex, Novel Meesa, Mathrubhumi, Malayalam News, Thamasoma

No comments

Powered by Blogger.