മുഖ്യാതിത്ഥിയാകാന്‍ ആരും തന്നെ ഇതുവരെ ക്ഷണിച്ചില്ലെന്ന് മോഹന്‍ലാല്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ തന്ന ഇതുവരെ ആരും ക്ഷണിച്ചില്ലെന്നു മോഹന്‍ലാല്‍. ഇദ്ദേഹത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍ സ്വരങ്ങളോടും വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇദ്ദേഹത്തിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്. ഇതോടെയാണ് മോഹന്‍ലാല്‍ തന്റെ നിലാപാടു വ്യക്തമാക്കിയത്. തന്നെ ഈ പരിപാടിക്ക് തന്നെ ആരും ക്ഷണിച്ചിട്ടു പോലുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
'സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണ് അഭിപ്രായം പറയുക?' മോഹന്‍ലാല്‍ ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുച്ചതാണ് ലാലിനെതിരെ പ്രതിഷേധം ഉയരാനുള്ള കാരണം. ഇതിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും. സാസ്‌കാരിക നായകര്‍ കത്തെഴുതിയതും ഇതിന്റെ പേരിലാണ്. ഈ സാഹചര്യത്തിലാണ് തന്നെ ആരും വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി മോഹന്‍ലാല്‍ എത്തുന്നത്. അമ്മ (AMMA)യുടെ അധ്യക്ഷനായി മോഹന്‍ലാല്‍ എത്തിയത് മുതല്‍ വിവാദങ്ങളാണ് പിന്തുടരുന്നത്. ഇത് ബ്രാന്‍ഡ് ഇമേജിന് കോട്ടവുമാണ്. അതുകൊണ്ട് തന്നെ അമ്മയുടെ അധ്യക്ഷ സ്ഥാനം ഒഴിയാനും ആലോചനയുണ്ട്.
'എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും' മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലുമായി മന്ത്രി എകെ ബാലന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെ എല്ലാ പരിപാടിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനപ്പുറം ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ആരും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് ലാലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. വിവാദമായ സാഹചര്യത്തില്‍ അവാര്‍ഡ് നിശയുമായി മോഹന്‍ലാല്‍ സഹകരിക്കാന്‍ സാധ്യതയില്ല.
പുരസ്‌കാര ജേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അവരെ മറികടന്ന് മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് അനൗചിത്യമാണെന്നുമാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ വാദം. ഇത് ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടുകയാണെന്നും ഇവര്‍ വാദിക്കുന്നു. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട വിധി നിര്‍ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ ചെറുതാക്കുന്ന നടപടിയാകുമത്. ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ജേതാക്കളും മാത്രമായിരിക്കണം. മറ്റൊരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി നല്ല സന്ദേശമല്ല നല്‍കുന്നത്. ഇതു ദൂരവ്യാപക ദോഷം ചെയ്യുന്ന കീഴ്വഴക്കമായി മാറും, സാംസ്‌കാരിക നായകര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്.
എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണു നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്‍പഴ്സന്‍ ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
............................................................................................................................................
Tags: AMMA, Association of Malayalam Movie Artists, Mohanlal, Kerala chief minister, voices against the chief guest in cinema award function, Malayalam News, Kerala News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല