ഇതാണ് രാഹുലിന്റെ ആ പ്രസംഗം
By: Y Constantine
ടി.ഡി.പി നേതാവ് ജയദേവ് ഗല്ലയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ജയന്ത് സിന്‍ഹയുടെ വേദന തനിക്കു മനസിലാവും എന്നു പറഞ്ഞ് രാഹുല്‍ ആരംഭിച്ചു. ‘ 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ് നിങ്ങള്‍. നിങ്ങളെപ്പോലെ ഒരുപാട് ഇരകളുണ്ട്. ‘ജുംല സ്‌ട്രൈക്ക്’ എന്നാണ് ആ ആയുധത്തെ വിളിക്കുന്നത്. കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെല്ലാം ഈ ആയുധത്തിന്റെ ഇരകളാണ്.
ജുംല സ്‌ട്രൈക്കിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. ആദ്യം വലിയ അതിശയവും സന്തോഷവും ഉണ്ടെന്ന തോന്നലുണ്ടാവും. അതിനുശേഷം ഒരു ഞെട്ടലായിരിക്കും. പിന്നെ കുറ്റബോധവും.
ഇന്ത്യയിലെ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചു. അദ്ദേഹം നടത്തിയ എല്ലാ പ്രസംഗങ്ങളിലും പറഞ്ഞത് രാജ്യത്തെ രണ്ടുകോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ്. പക്ഷേ വെറും നാലുലക്ഷം ജനങ്ങള്‍ക്കാണ് ജോലി ലഭിച്ചത്. ചൈന 24 മണിക്കൂറില്‍ 50000 ജോലി നല്‍കുന്നു. പക്ഷേ മോദി 24 മണിക്കൂറില്‍ നല്‍കുന്നത് വെറും 400 ജോലികള്‍ മാത്രമാണ്.
പണമിടപാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭങ്ങളെ (എം.എസ്.എം.ഇ) സര്‍ക്കാര്‍ ഏറെക്കുറെ വിസ്മരിച്ചതുപോലെയാണ്. ഞാന്‍ സൂറത്തില്‍ പോയിരുന്നു. അവിടുത്തെ കച്ചവടക്കാര്‍ എന്നോട് പറഞ്ഞത് അവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നാണ്. നോട്ടുനിരോധനത്തോടെ ദുരിതം അവസാനിച്ചില്ല. പിറകേ ജി.എസ്.ടിയും വന്നു. ഒറ്റനിരക്ക് ജി.എസ്.ടിയായിരുന്നു നമുക്കു വേണ്ടത്. പക്ഷേ വന്നത് പല നിരക്ക്. നിങ്ങള്‍ ചെറുകിടക്കാരുടെ സംരംഭങ്ങള്‍ റെയ്ഡ് ചെയ്ത് അവരുടെ ജീവിതം നരകതുല്യമാക്കി.
മോദിയുടെ വിദേശയാത്രകളെ രാഹുല്‍ വിമര്‍ശിച്ചപ്പോള്‍ ചിരിച്ചുതള്ളുകയായിരുന്നു മോദി. സ്യൂട്ടും ബൂട്ടും ധരിച്ച ബിസിനസുകാരെക്കുറിച്ചു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്‌പ്പോഴും പറയുന്നത്. ചെറുകിട ബിസിനസുകൊണ്ട് സമ്പാദിക്കുന്നവരെ നിങ്ങള്‍ കൊള്ളയടിച്ചു. നിങ്ങള്‍ക്ക് മാറ്റാന്‍ പറ്റാത്ത ഒരു യാഥാര്‍ത്ഥ്യമാണത്. നിങ്ങള്‍ വമ്പന്മാരെ സഹായിക്കാന്‍ പോയി. പാവപ്പെട്ടവരുടെ കാര്യം വരുമ്പോല്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഇന്ത്യയുടെ കാവല്‍ക്കാരനാണ് മോദീ നിങ്ങള്‍. പക്ഷേ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചപ്പോള്‍ പ്രധാനമന്ത്രി മൗനം ഭജിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് റാഫേല്‍ 520 കോടിയുടെ എയര്‍ക്രാഫ്റ്റായിരുന്നു. എത്ര നല്ല കരാറായിരുന്നു പ്രധാനമന്ത്രി തകര്‍ത്തതെന്ന് നിങ്ങള്‍ക്ക് അറിയാമോ? എയര്‍ക്രാഫ്റ്റിന്റെ വില ഇപ്പോള്‍ 1600 കോടിയായി.
ചിലവിനെക്കുറിച്ച് താന്‍ രാജ്യത്തോടു പറയുമെന്നാണ് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. പിന്നീട് അവര്‍ പറഞ്ഞു രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യ കരാറാണതെന്ന്. രഹസ്യകരാറിനെക്കുറിച്ച് ഞാന്‍ ഫ്രഞ്ച് പ്രസിഡന്റിനോടു ചോദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു കരാറുണ്ടെന്ന വാദം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ചിലവ് പരസ്യമാക്കുന്നതില്‍ തനിക്ക് ഒരു എതിര്‍പ്പുമില്ലെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. മോദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിര്‍മ്മലാ സീതാരാമന്‍ കള്ളം പറഞ്ഞതെന്നും രാഹുല്‍ ആരോപിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചില ബിസിനസുകാരോടുള്ള അടുപ്പം എല്ലാവര്‍ക്കും അറിയുന്നതാണ്. മോദിയുടെ മാര്‍ക്കറ്റിങ്ങിലേക്ക് പോകുന്നത് എത്രപണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരില്‍ ഒരാള്‍ക്കാണ് റാഫേല്‍ കരാറ് ലഭിച്ചിരിക്കുന്നത്. ആ മാന്യനുണ്ടായ നേട്ടം 45000 കോടിയുടേതാണ്. ആ ബിസിനസുകാരന് 35,000 കോടിയുടെ കടമുണ്ട്. അദ്ദേഹം ജീവിതത്തിലിന്നുവരെ ഒരു എയര്‍ക്രാഫ്റ്റ് പോലും നിര്‍മ്മിച്ചിട്ടില്ല. മോദി ഒരിക്കലും സത്യസന്ധനായിരുന്നില്ല. അതാണ് യാഥാര്‍ത്ഥ്യം.
‘ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണില്‍ നോക്കി. അദ്ദേഹത്തിന് എന്റെ മുഖത്തുനോക്കാന്‍ പോലുമാകുന്നില്ല. അദ്ദേഹമൊരു കാവല്‍ക്കാരനല്ല. ഗുണഭോക്താവാണ്. ചൈനീസ് പ്രസിഡന്റിനൊപ്പം കടല്‍ക്കാറ്റ് കൊണ്ട് ആസ്വദിക്കാന്‍ മാത്രം അറിയുന്നയാള്‍.
‘ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് അവരുടെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നൊരു അഭിപ്രായം ആഗോളതലത്തിലുണ്ട്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അപകീര്‍ത്തികരമായ ഒരു അഭിപ്രായം നേരിടേണ്ടിവരുന്നത്. ഒട്ടേറെ സ്ത്രീകള്‍ കൊല്ലപ്പെടുന്നു ചൂഷണം ചെയ്യപ്പെടുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ അതിനെക്കുറിച്ചൊരക്ഷരം മിണ്ടിയിട്ടില്ല.
ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ അക്രമികളെ മാലയിട്ട് സ്വീകരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തന്റെ മനസില്‍ എന്താണുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറയണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രണ്ട് വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. പക്ഷേ രണ്ടുപേര്‍ക്കും അധികാരം നഷ്ടമാകുന്നത് സഹിക്കാനാവില്ല.
ഇന്ത്യക്കാര്‍ ചൂഷണം ചെയ്യപ്പെടുകയും രാജ്യത്ത് കൊല്ലപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് മറുപടി പറയുകയെന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.
രാജ്യത്ത് ഒരാള്‍ അതിക്രമം കാണിക്കുമ്പോള്‍ അത് വ്യക്തികള്‍ക്കുനേരെയുള്ള ആക്രമണമല്ല മറിച്ച് ബി.ആര്‍ അംബേദ്കറിന്റെ ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണ്. ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങളെ ഞങ്ങള്‍ സഹിക്കില്ല.
Tags: Rahul Gandhi hugs Modi, Rahul's speech at Lok Sabha during non-confidence motion, Prime Minister Nardra Modi, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല