ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പോലീസുകാരായ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ജിതകുമാര്‍ ഇപ്പോള്‍ ഡിസിആര്‍ബിയില്‍ എഎസ്ഐ ആണ്. ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഹെഡ്കോണ്‍സ്റ്റബിളും. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. വളരെ അപൂര്‍വ്വമായിട്ടാണ് സര്‍വീസിലുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്.
കേസിലെ നാലും അഞ്ചും ആറും പ്രതികളായ നേമം പള്ളിച്ചല്‍ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയുമായ ടി. അജിത്കുമാര്‍, വെള്ളറട കെ.പി ഭവനില്‍ മുന്‍ എസ്പി ഇ.കെ. സാബു എന്നിവര്‍ക്ക് ആറുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ. നാസറാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. രണ്ട് കേസുകളിലായി മൂന്ന് വര്‍ഷം വീതം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിനാല്‍, ആകെ ശിക്ഷകാലാവധി മൂന്ന് വര്‍ഷമാണ്. വട്ടിയൂര്‍ക്കാവ് സ്വദേശി മുന്‍ എസ്പി ടി.കെ. ഹരിദാസിനും മൂന്ന് വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.
ദരിദ്രനും സാധുവുമായ ഒരു യുവാവിനെ ആസൂത്രിതമായി മോഷണ കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഉരുട്ടിക്കൊന്നത് സമാനതകളില്ലാത്ത ക്രൂരകൃത്യമാണെന്ന് കണ്ടെത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം കോടതിയില്‍ മൂന്ന് വര്‍ഷം തടവിന് വിധിച്ച പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം വക്കീല്‍ വ്യക്തമാക്കി.
കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരെയുള്ളത്. തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് മറ്റുപ്രതികള്‍ക്കെതിരെയുള്ളത്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പൊലീസുകാരനായ സോമന്‍ ആറുമാസം മുമ്പ് മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കിയിരന്നു.
2005 സപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് മറ്റൊരു പ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ ഉരുട്ടിക്കൊന്നു. എസ്ഐ ആയിരുന്ന അജിത് കുമാര്‍, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത് ദൃക്സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു.
...........................................................................................................................................
Tags: Udayakumar custody murder case: Death sentence for first and second culprits, Malayalam News, kerala news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല