Header Ads

അഭിമന്യുവിനെ കുത്തുന്നതും കുത്തിയ കത്തി വലിച്ചൂരുന്നതും ഞാന്‍ കണ്ടു; അര്‍ജുന്‍



രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് തന്നെയും അഭിമന്യുവിനെയും കുത്തിയതെന്ന് അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജ്ജുന്‍. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുഹൃത്ത് അര്‍ജുന്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയത് നെഞ്ചു പിളര്‍ന്നുള്ള ഒറ്റക്കുത്തിലായിരുന്നു. തന്നെയാണ് ആദ്യം അക്രമി സംഘം കുത്തിയതെന്നും രണ്ടാമതാണ് അഭിമന്യുവിനെ കുത്തിയതെന്നും അര്‍ജുന്‍ പറഞ്ഞു.

'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു. അക്രമി സംഘത്തില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങള്‍ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല' അര്‍ജുന്‍ പറഞ്ഞു.

കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയല്‍ കഴിഞ്ഞ അര്‍ജുന്‍ ഇല്ലനെ ഉച്ചകഴിഞ്ഞാണ് ആശുപത്രിവിട്ടത്. ആശുപത്രി വിട്ടങ്കിലും കുറച്ചു കാലം കൂടി ചികിത്സ തുടര്‍ന്നാല്‍ മാത്രമേ അര്‍ജുന് വീണ്ടും കോളേജില്‍ പഠിക്കാന്‍ പോകാന്‍ സാധിക്കുകയുള്ളൂ. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന്റെ ക്ഷീണമുണ്ട്; സംസാരിക്കാന്‍ ഡോക്ടര്‍മാരുടെ വിലക്കും. കരളിനും ആഗ്‌നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍.

ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അണുബാധയേല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ ഒഴിവാക്കണം. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്ണപ്രയാഗില്‍ മനോജ്-ജെമിനി ദമ്പതികളുടെ മകനാണ് അര്‍ജുന്‍. അര്‍ജുനും അഭിമന്യുവും മഹാരാജാസ് ഹോസ്റ്റലിലായിരുന്നു താമസം. ഉറ്റസുഹൃത്തിന്റെ മരണം അര്‍ജുന്‍ അറിഞ്ഞത് ആശുപത്രിയിലെ നാലാംദിനമാണ്. മൊഴിയെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍. തുടര്‍ന്ന് എത്രയും വേഗം അഭിമന്യുവിന്റെ വീട്ടില്‍ പോകാന്‍ വീട്ടുകാരെ അര്‍ജുന്‍ നിര്‍ബന്ധിച്ചു. ആശുപത്രിച്ചെലവായ അഞ്ചുലക്ഷത്തോളം രൂപ സിപിഎമ്മാണു വഹിച്ചത്.

അഭിമന്യുവും അര്‍ജുനും കോളേജില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറിയായിരുന്നു അഭിമന്യു. അര്‍ജുനാകട്ടെ, കുറച്ചുകൂടി വലിയ ഉത്തരവാദിത്വമായിരുന്നു വഹിച്ചിരുന്നത്. എസ്.എഫ്.ഐയുടെ ബ്ലഡ് ഡോണേഴ്‌സ് സെല്ലിന്റെ ചുമതല അര്‍ജുനായിരുന്നു. ക്ലാസ്സ് കട്ട് ചെയ്തും, വെയിലും മഴയും കൊണ്ട് ഓടി നടന്നും, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദിവസവും നിരവധി രോഗികള്‍ക്കായി നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് രക്തം എത്തിച്ചുകൊടുക്കാന്‍ അര്‍ജുനായിരുന്നു മുന്‍കൈ എടുത്തിരുന്നത്. രാഷ്ട്രീയം നോക്കിയായിരുന്നില്ല, ഇതെല്ലാം ചെയ്തിരുന്നത്. 'ആര്‍ക്കാണോ എത്ര യൂണിറ്റാണോ രക്തം ആവശ്യം അത് നമുക്ക് എത്തിച്ചുകൊടുക്കാന്‍ കഴിയണം. ഒരു ജീവന്‍ നിലനിര്‍ത്താന്‍ നമ്മുടെ രക്തം ആവശ്യമെങ്കില്‍ അതുകൊടുക്കുന്നതല്ലേ എറ്റവും വലിയ സാമൂഹ്യ സേവനം,' ഇതായിരുന്നു യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ അര്‍ജുന്‍ എസ്.എഫ്.ഐ കമ്മിറ്റിയില്‍ ഒരിക്കല്‍ പറഞ്ഞത്.

അഭിമന്യൂവും അര്‍ജുനും സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നവരാണ്. പട്ടിണിയും വിഷമതകളും നിറഞ്ഞ ജീവിത ചുറ്റുപാട്. കൊട്ടാരക്കര സ്വദേശിയായ അര്‍ജുന്‍ അഭിമന്യൂവിനെപ്പോലെ തന്നെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇരുവരും കോളേജില്‍ എത്തിയത് മുതല്‍ നല്ല കൂട്ടാണ്. ഏകദേശം ഒരേ സ്വഭാവക്കാരാണ് അവര്‍. രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദത്തെ, സ്‌നേഹിക്കുന്നവര്‍. രണ്ടാളും, ഏത് സംഘടനയില്‍ ഉള്ള വിദ്യാര്‍ത്ഥികളാണെന്ന് നോക്കിയല്ല ആളുകളെ പരിചയപ്പെട്ടിരുന്നത്. അഭിമന്യു മരിക്കുന്നതിന് തലേ ദിവസമാണ് അര്‍ജുന്റെ അച്ഛന്‍ മനോജ് ജോലി സംബന്ധമായ ആവശ്യത്തിനായി ഉത്തര്‍ പ്രദേശിലേക്ക് പോയത്.

വൈകിട്ട് റെയില്‍വെ സ്റ്റേഷനില്‍ പോയി അച്ഛനെ ട്രെയിനില്‍ അര്‍ജുനും മുസ്തഫയും ചേര്‍ന്നാണ് കണ്ടത്. അച്ഛന്‍ കുറച്ച് കാശും അര്‍ജുന് കൊടുത്തിരുന്നു. ബന്ധുക്കളും സ്വന്തക്കാരും മറ്റ് വിദ്യാര്‍ത്ഥികളുമെല്ലാം ഇപ്പോള്‍, ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ആരേയും കാണിക്കുന്നില്ല. അമ്മയും അടുത്ത ഒരു ബന്ധുവുമാണ് തീവ്ര പരിചരണ വിഭാഗത്തിന് മുന്നില്‍ കൂട്ടായി ഉള്ളത്. അച്ഛന് ഇന്ന് രാവിലെ വരെ ആശുപത്രിയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. അതും അമ്മയുടെ മനസ്സിന്റെ വേദന വര്‍ധിപ്പിക്കുന്നുണ്ട്.

ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.15 ഓടെയാണ് എന്‍.ഡി.എഫ് അക്രമി സംഘം, കോളേജിന്റെ പിന്‍വശത്തെ, ഗെയിറ്റിന്റെ വലത് വശത്തുള്ള ചാമ്പമരത്തിന്റെ ചുവട്ടില്‍ വെച്ച് അഭിമന്യുവിന്റെ കൈകള്‍ പിന്നിലേക്ക് പിടിച്ചുവെച്ച്, നെഞ്ചിലേക്ക് പ്രത്യേകതരം കത്തി കുത്തിയിറക്കിയത്. കുത്ത് കിട്ടിയ അഭിമന്യു ഗെയിറ്റിന് ഇടത് വശത്ത്, 25 മീറ്ററോളം ഓടി നിലത്ത് കമഴ്ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ കൈയില്‍ കോരിയെടുത്ത് മൂപ്പത് അമ്പത് മീറ്ററോളം ഓടി. ഇതിനിടയില്‍ തന്നെ അഭിമന്യൂ മരണത്തിന് കീഴ്‌പ്പെടുകയിയിരുന്നു.

അര്‍ജുന് കുത്തേറ്റത് വയറിനായിരുന്നു. കരളിനും, രക്തധമനികള്‍ക്കും അടിയന്തര ശസ്ത്രക്രിയ നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്താനായത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അര്‍ജുന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മഹാരാജാസിലേക്ക് എത്തിയത്. മഹാരാജാസില്‍ പഠിക്കുക എന്നത് അര്‍ജ്ജുന്റെ സ്വപ്നമായിരുന്നു. അതുകൊണ്ട് അര്‍ജുന്‍ ഇനിയും ഇവിടെതന്നെ പഠിക്കണം. അമ്മ ജെമിനി സുഹൃത്തുക്കളോട് പറഞ്ഞു. ബിഎ ഫിലോസഫി വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍.

ആത്മകഥ എഴുതുന്നതിനായി മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സൈമണ്‍ ബ്രിട്ടോയെ സഹായിച്ചിരുന്നത്. സൈമണ്‍ ബ്രിട്ടോയെ ആദ്യമായി അര്‍ജുന് പരിചയപ്പെടുത്തുന്നത് മുസ്തഫയാണ്. എഴുത്ത് അധികം വഴങ്ങാത്തതിനാല്‍, ഒരുദിവസം മാത്രമാണ് സൈമണ്‍ ബ്രിട്ടോയുടെ വീട്ടിന്‍ പോകാന്‍ അര്‍ജുന് കഴിഞ്ഞുള്ളു. പിന്നീട് അര്‍ജുനാണ് അഭിമന്യൂവിനെ ബ്രിട്ടോയ്ക്ക് പരിചയപ്പെടുത്തുന്നത്. അഭിമന്യൂ കുറേയധികം എഴുത്തുകള്‍ പൂര്‍ത്തിയാക്കിയത് ബ്രിട്ടോയുടെ വീട്ടില്‍ വച്ചായിരുന്നു.

Tags: Abhimanyu murder case, Arjun leaves hospital, They attacked abhimanyu after attacking me: Arjun, the murders of Abhimanyu came in two bikes, there were 4 members in that group, Malayalam News, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.