Header Ads

മോഹന്‍ലാല്‍ അഥവാ ഉരുണ്ടുകളിയുടെ ഉസ്താദ്, നട്ടെല്ലില്ലായ്മയുടേയും


മോഹന്‍ലാലിന്റെ പത്രസമ്മേളനത്തില്‍ കണ്ടത് സര്‍വ്വത്ര ഉരുണ്ടുകളിയാണ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നു എന്നു പറയുന്നതിനൊപ്പം കുറ്റാരോപിതനായ ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നു പറയുന്നത്. രണ്ടു വഞ്ചിയില്‍ കാല്‍ വയ്ക്കുന്നതിനു തുല്യം. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു കണ്ടെത്തേണ്ടത് പോലീസാണ്. ആ ജോലി അവര്‍ ചെയ്യട്ടെ. അതല്ല ഇവിടുത്തെ വിഷയം. മോഹന്‍ ലാലിന്റെ ഉരുണ്ടുകളി മാത്രം. സ്‌ക്രീനില്‍ ആണത്തം കാണിക്കുന്നവന് വാഴപ്പിണ്ടിയുടെ അത്രപോലും കരുത്തുള്ള നട്ടെല്ല് ഇല്ല എന്നു തെളിയിക്കുന്ന തരത്തിലുള്ള ഉരുണ്ടുകളി. അതിന്റെ ഉദാഹരണം അതാ.....ഒരിക്കല്‍ കമ്മ്യൂണിസ്റ്റിന്റെ തീപ്പൊരി നേതാവായിരുന്ന സിന്ധു റാം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് ഇത്....സിന്ധു ഷെയര്‍ ചെയ്ത പോസ്റ്റി ഇങ്ങനെ....ഉരുണ്ടു കളിയുടെ ഉസ്താദ് ആണ് മോഹന്‍ലാല്‍ എന്ന നടന്‍. ഇതിന് അമ്മ സംഘടനയോ , ദീലീപ് ആയോ യാതൊരു ബന്ധവും ഇല്ല. ഇദ്ദേഹം ഒരു ഇന്റര്‍വ്യൂ തയ്യാറാകുന്നത് എങ്ങനെ എന്നു ഞാന്‍ പറഞ്ഞു തരാം.''നമസ്‌കാരം ലാലേട്ടാ, ലോകം മുഴുവന്‍ ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, എന്താണ് ലാലേട്ടന് തോന്നുന്നത്?''''ലോകകപ്പ് നല്ലതല്ലേ, എപ്പോഴും ലോകത്തിനു നല്ലതു മാത്രം സംഭവിക്കണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളൊക്കെ, അല്ലേ? കൂടുതല്‍ കൂടുതല്‍ ലോകകപ്പുകള്‍ ഉണ്ടാവട്ടെ, നല്ല നല്ല ലോകകപ്പുകള്‍ സംഭവിക്കട്ടെ, അത് നമ്മള്‍ക്ക് കാണാന്‍ കഴിയട്ടെ. '''എപ്പോഴാണ് ലാലേട്ടന് ഫുട്‌ബോള്‍ ഒരു ഹരമാകുന്നത്? ആ ഓര്‍മ്മകള്‍ ഒന്നയവിറക്കാമോ?''നോക്കൂ, പന്ത് എന്താണ്? അതിനകത്തു കാറ്റാണ്, അല്ലേ? കാറ്റ് നമ്മുടെ ശ്വാസമാണ്, നമ്മള്‍ അങ്ങനെയാണ് കരുതുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാനും. ഈ നിമിഷം ആ പന്ത് അവിടെയുണ്ട്, അടുത്ത നിമിഷം ആ പന്ത് അവിടെയില്ല. കാലില്‍ നിന്നും കാലിലേക്കുള്ള ഒരു യാത്രയാണത്. യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്, എനിക്കും ഇഷ്ടമാണ്. ഞാനും യാത്ര ചെയ്യുന്ന ആളാണ്, ഒരുപാടു യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഒരാളാണ്. അപ്പോഴാണ് നമ്മുടെ കാഴ്ച കൂടുതല്‍ കൂടുതല്‍ സുന്ദരമാകുന്നത്, ഈ ലോകം തന്നെ സുന്ദരമാകുന്നത്. ലോകം കൂടുതല്‍ കൂടുതല്‍ സുന്ദരമാകട്ടെ. നമുക്ക് രണ്ടാള്‍ക്കും അതിനുവേണ്ടി ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, അല്ലേ?''ലാലേട്ടന്റെ ഫേവറേറ്റ് ടീമേതാണ്?''അങ്ങനെ എന്റെ ഇഷ്ടം എന്നൊരു ഇഷ്ടം അല്ലല്ലോ, അതു മാറിക്കൊണ്ടിരിക്കും, അല്ലേ? നേരത്തെ പ്ലാന്‍ ചെയ്ത് ഒരു ടീമിനെ ഇഷ്ടപ്പെടുകയല്ലല്ലോ. ഞാന്‍ അങ്ങനെ ഒന്നും പ്ലാന്‍ ചെയ്യാത്ത ഒരാളാണ്. ഇപ്പോള്‍ ആരെയാണ് ഇഷ്ടം എന്നേ നമുക്ക് പറയാന്‍ കഴിയൂ. ഫുട്!ബോളിനെയാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്, അല്ലേ? അപ്പോള്‍ അത് കളിക്കുന്ന ആരോടും നമുക്ക് പ്രണയം തോന്നാം. ഞാനിപ്പോഴും പ്രണയത്തിലാണ്. എല്ലാവരെയും ഇഷ്ടപ്പെടാന്‍ കഴിയുമ്പോഴാണ് ഫുട്‌ബോള്‍ ഒരു വിസ്മയമാകുന്നത്. വിസ്മയം എന്നവാക്കാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഞാന്‍ ഇതിനുമുന്‍പും പറഞ്ഞിട്ടുണ്ട്. പ്രണയത്തിലായിരിക്കുക, വിസ്മയമുള്ളവരായിരിക്കുക. ''എന്നാലും ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട ആ ടീം?''ഇതൊന്നും നമ്മള്‍ ചെയ്യുകയല്ലല്ലോ, നമ്മുടെ ഉള്ളിലിരുന്നു നമുക്കറിയാത്ത ഏതോ ഒരു ശക്തി ചെയ്യിക്കുകയാണ്, അല്ലേ. അതിനു നിങ്ങള്‍ക്കും കഴിയട്ടെ, ഈ ലോകത്തു എല്ലാവര്‍ക്കും കഴിയട്ടെ. നമുക്ക് ഒരുമിച്ചു അതിനുവേണ്ടി ശ്രമിക്കാം.''ലാലേട്ടന്‍ ഒഴിഞ്ഞു മാറരുത്, ഈ ലോകകപ്പിലെ ലാലേട്ടന്‍ ഫോളോ ചെയ്യുന്ന ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരന്‍ ആരാണ്? ഞങ്ങടെ ചങ്കും ചങ്കിടിപ്പുമാണ് ലാലേട്ടന്‍, ആ ലാലേട്ടന്റെ ചങ്കിടിപ്പ് ആരാണ്?''നോക്കൂ, ചങ്കിടിപ്പെന്നു പറഞ്ഞാല്‍ നമ്മള്‍ നമ്മുടെ തന്നെ ശ്വസന പ്രക്രിയയുടെ ഭാഗമായി കേള്‍ക്കുന്ന ഒരു ചെറുശബ്ദമാണ്, അല്ലേ? നമ്മളില്‍ തന്നെയുള്ള, നമ്മളുടെ ഒപ്പമുള്ള ഒരു ശബ്ദവിസ്മയമാണത്. നല്ല ശ്രദ്ധയുള്ളവരായിരിക്കുമ്പോഴാണ് അത് നമുക്ക് കേള്‍ക്കാന്‍ കഴിയുക. അല്ലേ? അതവിടെ ഉണ്ട്, നമ്മള്‍ കേട്ടാലും കേട്ടില്ലെങ്കിലും അതവിടെ ഉണ്ട്. ഹാര്‍ട്ട് ബീറ്റ്‌സ് എന്നൊക്കെ ആളുകള്‍ വിളിക്കാറുണ്ട്, എല്ലാം ഒന്നാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എല്ലാവരും ശ്രദ്ധയുള്ളവരായിരിക്കട്ടെ, എല്ലാവര്‍ക്കും ചങ്കിടിപ്പ് ആസ്വദിക്കാന്‍ കഴിയട്ടെ, നല്ലതല്ലേ. അങ്ങനെ ആവാന്‍ പറ്റുക, ആളുകള്‍ അങ്ങനെയൊക്കെ നമ്മളെയും സ്‌നേഹിക്കുക, അതൊക്കെ വളരെ നല്ല കാര്യമാണ്, അതവരുടെ സ്‌നേഹമാണ്. ഞാന്‍ അതൊക്കെ ആസ്വദിക്കുന്ന ഒരാളാണ്.''എന്നാലും ലാലേട്ടന്റെ കളിക്കാരന്‍?''ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ കളി ഇഷ്ടപ്പെടുന്ന ഒരാളാണ്, പന്തിനോട് എനിക്ക് പ്രണയമാണ്. അത് ഈ ഭൂമിയുടെ തന്നെ ഒരു ചെറുരൂപമാണ്, അല്ലേ? അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല, അതുരുളുകയും ചെയ്യുകയാണ്. ഫുട്‌ബോള്‍ കളിക്കുന്ന എല്ലാവരും ചങ്കിടിപ്പാവട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം, അങ്ങനെ ഗ്രൗണ്ടും ഗാലറിയും എല്ലാം ഒരു വലിയ വിസ്മയമാവട്ടെ. എല്ലാവരെയും എല്ലാവരും സ്‌നേഹിക്കട്ടെ, എല്ലാവരും പ്രിയപ്പെട്ട കളിക്കാരാവട്ടെ. അതിനു വേണ്ടി നമുക്ക്, അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കാം.''ലാലേട്ടാ, ലാസ്റ്റ് ബട്ട് നോട്ട് ലീസ്‌റ്, ഇന്നു അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തി. മിശിഹാ തിരിച്ചു വരുമോ എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ലാലേട്ടന്‍ ആര്‍ക്കൊപ്പമാണ്? ''എല്ലാവരും തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. നോക്കൂ, ജീവിതം തന്നെ അങ്ങനെയല്ലേ? എല്ലാവരും തിരിച്ചുവരട്ടെ. അയാള്‍ മികച്ച പ്ലെയറാണ്, നിങ്ങളെ എല്ലാവരെയും പോലെ അയാള്‍ നന്നായി കളിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാനും. എല്ലാം സംഭവിക്കട്ടെ, സംഭവിക്കുന്നതെല്ലാം നല്ലതിനാവട്ടെ. നല്ല നല്ല ഗോളുകള്‍ ഉണ്ടാവട്ടെ. അല്ലേ?''എന്നാലും ഏത് ടീം ജയിക്കുമെന്നാണ് ലാലേട്ടന്‍..?''ജയവും തോല്‍വിയും ആപേക്ഷികമാണ്, അല്ലേ? ജയം എന്നുപറഞ്ഞാല്‍ സന്തോഷമാണ്. സന്തോഷം ആഗ്രഹിക്കാത്ത ആരാണുള്ളത്. അതിന്റെ അന്വേഷണത്തിലാണ് നമ്മള്‍ എല്ലാവരും, ഞാനും നിങ്ങളും എല്ലാം. കൂടുതല്‍ കൂടുതല്‍ സന്തോഷങ്ങളുണ്ടാവട്ടെ, അപ്പോള്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും സന്തോഷമാകും, അല്ലേ? രണ്ടുപേരും ജയിക്കട്ടെ. അതിനു വേണ്ടി നമുക്ക് രണ്ടാള്‍ക്കും ഒരുമിച്ചു പ്രാര്‍ത്ഥിക്കാം.''നന്ദി ലാലേട്ടാ.''നന്ദി. നമ്മളെ പോലെ എല്ലാവരും നന്ദിയുള്ളവരായിരിക്കട്ടെ. ലോകം മുഴുവന്‍ നന്ദിയോടെ ഇരിക്കട്ടെ. അതിനു വേണ്ടി നമുക്ക് ആഗ്രഹിക്കുകയും ചെയ്യാം.'


......................................................................................................................

Tags: Press conference of AMMA president Mohanlal, Mohan Lal got powerful characters in the screen, but in real life, he is a man without a backbone, Mohanlal supports Dileep and the victim alike, he told he is praying for superstar Dileep, at the same time he said, he supports the victim of the incident, Malayalam news, Thamasoma

No comments

Powered by Blogger.