Header Ads

അനുസരിച്ചാല്‍ ശീലാവതി, അല്ലെങ്കില്‍ തേവിടിശ്ശി
'ഞാന്‍ അനുസരണാശീലമുള്ളവളായിരുന്നു, അതിനാല്‍ അച്ചന്‍ പറഞ്ഞ അശ്ലീലം മുഴുവന്‍ ഞാന്‍ കേട്ടുനിന്നു......'

പള്ളിയിലച്ചന്റെ മൃഗീയ ലൈംഗികതയ്ക്ക് ഇരയായ ഒരു കന്യാസ്ത്രീ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞ ഒരു വാചകമാണ് മേല്‍പ്പറഞ്ഞത്... ഞാന്‍ അനുസരണം പഠിപ്പിക്കുന്ന മഠത്തിലെ അംഗമായിരുന്നു..... അനുസരിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്. അതിനാല്‍, ഫോണില്‍ അച്ചന്‍ പറഞ്ഞ അശ്ലീലം മുഴുവന്‍ ഞാന്‍ കേട്ടു നിന്നു......

പെരുവിരല്‍ മുതല്‍ അരിച്ചുകയറുന്ന രോഷത്തെ ഞാന്‍ പണിപ്പെട്ട് അടക്കുന്നു....അനുസരണം പോലും അനുസരണം....കലിയടങ്ങുന്നില്ല....

ദൈവാലയത്തെ കച്ചവടസ്ഥലമാക്കിയ ദുരമൂത്ത പിശാചുക്കളെ ചാട്ടവാര്‍ കൊണ്ട് അടിച്ചോടിച്ച യേശുദേവന്റെ മണവാട്ടികളില്‍ ഒരാള്‍ പറയുന്നു, ഞാന്‍ അനുസരണ ശീലമുള്ളവളായിരുന്നു.... അതിനാല്‍ ഞാനത് കേട്ടുനിന്നു....

അനുസരണാശീലം.... കാലാകാലങ്ങളായി, എല്ലാ മതങ്ങളിലെയും പുരോഹിത വര്‍ഗ്ഗം വിശ്വാസികളെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ഉപയോഗിക്കുന്ന ചാട്ടവാര്‍. അനുസരണയില്ലാത്ത സ്ത്രീകളെ വിശേഷിപ്പിക്കാന്‍ പുരോഹിത, യാഥാസ്ഥിതിക പുരുഷ കേസരികളും 'കുടുംബത്തില്‍ പിറന്ന' ചില പെണ്‍പിറന്നവള്‍മാരും ഉപയോഗിക്കുന്ന ഒരു ഭാഷയുണ്ട്. അടക്കം വരാത്തവളെന്ന്. വേലി ചാടുന്നവള്‍ എന്ന്. തെറ്റിനെതിരെ, അതു തനിക്കു നേരെയുള്ള അതിക്രമമായാലും, ശബ്ദിക്കുന്നവള്‍ അടങ്ങാത്ത കാമദാഹമുള്ളവളായി മുദ്രകുത്തപ്പെടുന്നു. 

സ്ത്രീയുടെ തുടയിടുക്കുകളില്‍ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിട്ടുള്ള ആണും പെണ്ണും അവളെ അനുസരണയുള്ളവളാക്കി മാത്രം വളര്‍ത്തുന്നു. തെറ്റിനെ എതിര്‍ക്കുന്ന സ്ത്രീകളെ അടിച്ചിരുത്തുന്ന വാക്കുകളും പ്രവര്‍ത്തികളും നോട്ടങ്ങളും പുരുഷന്മാരില്‍ നിന്നുമാത്രമല്ല, സ്ത്രീകളില്‍ നിന്നു പോലും അവര്‍ക്കു നേരിടേണ്ടിവരുന്നു, അതാണ് ഏറ്റവും ദയനീയം....

നമ്മള്‍ സ്ത്രീകളല്ലേ, എല്ലാം സഹിക്കേണ്ടവരല്ലേ.... ആണുങ്ങളും മുതിര്‍ന്നവരും പറയുന്നത് അനുസരിക്കേണ്ടവരല്ലേ....പുരോഹിത വര്‍ഗ്ഗത്തെയും പതപണ്ഡിതരെയും എതിര്‍ക്കാന്‍ പാടുണ്ടോ.... എന്നിത്യാതി നിരവധി നിരവധി കൂച്ചുവിലങ്ങുകള്‍. ഈ കൂച്ചുവിലങ്ങുകള്‍ ഭേതിക്കുന്നവരെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് 'കൂത്തിച്ചികള്‍' എന്ന്.... അവളെ നിയന്ത്രിക്കാന്‍ ഒരു പുരുഷനെക്കൊണ്ടൊന്നും കഴിയില്ലത്രെ...!!! 

നീ വെറും അബല... നീ പുരുഷനു നേരെ കൈ ഓങ്ങരുത്..... അവനെ എതിര്‍ക്കരുത്, കാരണം നീ വെറും പെണ്ണാണ്.... വീടിന്റ പൂമുഖത്തു നീ ഇരിക്കാന്‍ പാടില്ല.... പുരുഷന്റെ മുഖത്തു പോലും നോക്കാന്‍ പാടില്ല.... നീ നൃത്തം ചെയ്യരുത്.... നിന്റെ വസ്ത്രവും നിന്റെ നടപ്പും നിന്റെ വര്‍ത്തമാനവും കാണുമ്പോള്‍ ഞങ്ങളിലെ കാമ വികാരമുണരും...... അതിനാല്‍ സ്ത്രീയേ, ശീലാവതിയേ, നീ വീടിനകത്തു കയറിയിരിക്കുക. ഇതുകേള്‍ക്കുന്ന ശീലാവതികള്‍ അഥവാ കുടുംബത്തില്‍ പിറന്നവള്‍ വായ്മൂടിക്കെട്ടി പുരയ്ക്കകത്തു കയറും. തെറ്റിനെ എതിര്‍ക്കുന്നവര്‍ തേവിടിശ്ശികളും കൂത്തിച്ചികളുമായി മാറും. 

കാമവികാരം പുരുഷനു കൂടുതലാണത്രെ.... സ്ത്രീയുടെ വേഷമൊന്നു സ്ഥാനം തെറ്റിയപ്പോള്‍ ലിംഗചലനം സംഭവിച്ചു എന്ന് പ്രശസ്ത എഴുത്തുകാരന്‍ ബാബു കുഴിമറ്റം പറഞ്ഞു. എന്തിന്, ജനമനസുകളില്‍ സാത്വിക പരിവേഷമുള്ള ഗന്ധര്‍വ്വഗായകനു പോലും മനസ്ചാഞ്ചല്യം.... പുരുഷകേസരികളും തറവാട്ടില്‍ പിറന്ന സ്ത്രീകളും അത് ആര്‍ത്തുപാടി. സ്ത്രീയേ നീ പുരുഷനെ വഴിതെറ്റിക്കരുത്....!! നിന്നെ അവന്‍ കയറിപ്പിടിച്ചെങ്കില്‍ അത് നിന്റെ സ്വഭാവ ദൂഷ്യം കൊണ്ടുമാത്രം.....!! പുരുഷനെ വഴിതെറ്റിച്ചവള്‍ നീ.....!!! തപസിരുന്ന വിശ്വാമിത്രന്റെ മനസിളക്കിയ മേനകയുടെ വംശത്തില്‍ പെട്ടവള്‍ നീ.....! സ്വന്തം കാമവികാരത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്‍, സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കാണുന്ന മാത്രയില്‍ വികാരം കൊണ്ട് രതിമൂര്‍ച്ഛയുണ്ടാകുന്ന പുരുഷന്‍, അങ്ങനെ തറവാട്ടില്‍ പിറന്നവരും തറവാടികളുമായി മാറി. സ്വന്തം ഇഷ്ടത്തിനൊത്ത് വേഷം ധരിക്കുകയും സ്വന്തം അഭിപ്രായം പൊതുവേദിയില്‍ പ്രകടിപ്പിക്കുകയും പുരുഷനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവള്‍ കൂത്തിച്ചികളുമായി മാറി.....!


ലൈംഗികമായ കടന്നാക്രമണത്തെ ചെറുക്കുന്ന മാത്രയില്‍ തന്നെ പുരുഷന്റെ ഭാഗത്തു നിന്നും വരുന്ന അഭിപ്രായമിതാണ്. നീ അത്ര ശീലാവതി ആവുകയൊന്നും വേണ്ട.... നീ ഏതുതരത്തില്‍ പെട്ടവളാണ് എന്ന് എനിക്കറിയാം..... അവളുടെ മാറിലേക്കും തുടയിടുക്കിലേക്കും കൈകള്‍ പായിച്ച ആ ലൈംഗികതിമിരം ബാധിച്ച ആമൃഗവും പറയുക, എന്റെ വികാരങ്ങളെ ഇളക്കിയവള്‍ നീയാണ് എന്നായിരിക്കും.....

ഞായറാഴ്ചകളിലെ വിവാഹ പരസ്യങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. എല്ലാവര്‍ക്കും ദൈവഭയമുള്ള അനുസരണയുള്ള, കുടുംബത്ത് ഇരുത്താന്‍ കൊള്ളാവുന്ന പെണ്ണിനെ മതി. സ്വന്തമായി വ്യക്തിത്വമുള്ള, അഭിപ്രായമുള്ള, ആത്മാഭിമാനമുള്ള ഒരു പെണ്ണിനെ ആര്‍ക്കും വേണ്ട. അവള്‍ നടന്നു പോകുമ്പോള്‍ കാലിനടിയിലെ ഉറുമ്പുകള്‍ക്കു പോലും വേദനിക്കാന്‍ പാടില്ലത്രെ....!! പുരുഷന്റെ അടക്കി നിര്‍ത്താനാവാത്ത ലൈംഗിക വാസനയെ തൃപ്തിപ്പെടുത്താന്‍ പുരുഷന്‍ തന്നെ കല്പിച്ചു നല്‍കിയ പേരാണ് ശീലാവതി എന്ന് മനസിലാക്കാത്ത സ്ത്രീകള്‍ അവരെ അനുസരിച്ചു കൊണ്ടേയിരിക്കും. ഒടുവില്‍, പീഢനം സഹിക്കവയ്യാതെ പ്രതികരിച്ചു തുടങ്ങുമ്പോള്‍, തറവാട്ടില്‍ പിറന്ന ആണും പെണ്ണും ഒന്നടങ്കം അവള്‍ക്കു നേരെ ഗര്‍ജ്ജിക്കും. 'ഹും, ഇത്രയും നാള്‍ കിടന്നുകൊടുത്തു സുഖിച്ചിട്ട് ഇപ്പോള്‍ അവള്‍ക്കു പറ്റില്ലാത്രെ....!!! ഒരു ശീലാവതി വന്നിരിക്കുന്നു!'

ബലാത്സംഗം... ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃഗീയമായ, ക്രൂരമായ ഒരു ആക്രമണമാണത്. കത്തിയെടുത്ത് ചങ്കില്‍ കുത്തിയിറക്കിയാല്‍ പോലും അതിന്റെ വേദന ബലാത്സംഗത്തോളം വരില്ല എന്നു തന്നെ ഞാന്‍ കരുതുന്നു. ലൈംഗികതയ്ക്ക് സ്ത്രീ ശരീരം തയ്യാറാകാത്ത അവസരത്തില്‍ നടത്തപ്പെടുന്ന ഏതൊരു ലൈംഗിക വേഴ്ചയും അവള്‍ക്കു സമ്മാനിക്കുന്നത് മരണതുല്യമായ വേദനയാണ്. ഒരു സ്ത്രീശരീരം ലൈംഗിക വേഴ്ചയ്ക്കു തയ്യാറെടുക്കണമെങ്കില്‍ പോലും കുറച്ചു സമയം അത്യന്താപേക്ഷിതമാണ്. സ്ത്രീ എന്തെന്നോ അവളുടെ വികാരങ്ങളെന്തെന്നോ അവളുടെ ലൈംഗികതയെന്തെന്നോ മനസിലാക്കാത്ത പുരുഷന്‍ സ്വന്തം ലിംഗത്തിന്റെ ഉയര്‍ന്നു പൊങ്ങലിനു മാത്രം വില കല്‍പ്പിക്കുന്നു. അതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നു. എതിര്‍പ്പു പ്രകടിപ്പിക്കുന്ന സ്ത്രീയെ 'നിനക്കിതില്‍ മുന്‍പരിചയം വല്ലതുമുണ്ടായിരുന്നോ' എന്നു ചോദിച്ച് അനുസരിപ്പിക്കുന്നു. തേവിടിശ്ശി എന്നു വിളിക്കപ്പെടാന്‍ താല്‍പര്യമില്ലാത്തവള്‍ എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. വിധിയെപ്പഴിച്ച് എല്ലാം ഉള്ളിലൊതുക്കുന്നു. ബലാത്സംഗം എന്ന വാക്കുപോലും ചില പുരുഷന്മാരെ കോള്‍മയിര്‍ കൊള്ളിക്കുന്നത് അതുകൊണ്ടാണ്. 'ഇവരില്‍ ആരു ബലാത്സംഗം ചെയ്തപ്പോഴാണ് നിനക്കു കൂടുതല്‍ സുഖിച്ചത്' എന്ന് ഒരു പുരുഷന്‍ ചോദിച്ചതിനു പിന്നിലും ക്രൂരമായ ആ ആത്മരതിയാണ്. 

ലൈംഗികതയുടെ സൗന്ദര്യം കീഴടക്കലുകളിലല്ല, മറിച്ച് കൊടുക്കല്‍ വാങ്ങലുകളിലാണ് എന്ന് എത്ര പുരുഷന്മാര്‍ക്ക്, തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് അറിവുണ്ട്...?? കിടപ്പറയില്‍, സ്ത്രീയെ സ്വന്തം കാല്‍ക്കീഴില്‍ ഞെരിച്ചമര്‍ത്തുന്നതാണ് ലൈംഗികത എന്ന കാഴ്ചപ്പാടുള്ള പുരുഷന്മാരില്‍ നിന്നും എന്തുനീതിയാണ് അവള്‍ക്കു കിട്ടുന്നത്...??? സ്ത്രീയുടെ ശരീരം കണ്ട്, നൃത്തം കണ്ട് പൊറുതിമുട്ടിയ ചില ആണുങ്ങള്‍ക്ക് ഇതെല്ലാം ചിന്തിക്കാന്‍ എവിടെയാണു സമയം...?? ഉയര്‍ന്നു പൊങ്ങിയ ലിംഗം താഴും വരെ ഉഴുതുമറിക്കലിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു മൃഗത്തിന് അവളുടെ വേദനകളെക്കുറിച്ചു ചിന്തിക്കാന്‍ നേരമെവിടെ....?? 

ക്രിസ്ത്യാനിയുടേയോ മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ ആരുടേതുമായിക്കൊള്ളട്ടെ. ഓരോ ദൈവസങ്കല്പങ്ങളും അനീതിക്കെതിരെ പ്രതികരിച്ച് സ്വന്തം ജീവിതം പോലും വെടിഞ്ഞവരാണ്. പക്ഷേ, ഈ മതങ്ങളുടെ മൊത്തവ്യാപാരികളായ പുരോഹിത വര്‍ഗ്ഗം പഠിപ്പിക്കുന്നതെന്ത്...??? അനുസരണം, സഹനം, ക്ഷമ.... അതിന്റെ പ്രതിഫലമാണത്രെ, സ്വര്‍ഗ്ഗം. ഈ ലോകത്തിലെ സകല കൊള്ളരുതായ്മകളും പഞ്ചപുച്ഛമടക്കി സഹിക്കുന്നവര്‍ക്ക്, മരിച്ച് അങ്ങേലോകത്തു ചെല്ലുമ്പോള്‍ രാജകീയ ജീവിതം ഒരുക്കിവച്ചിരിക്കുന്നുവത്രെ....!! ഒരു മതഗ്രന്ഥവും എഴുതിയത് ഈ ദൈവാവതാരങ്ങളല്ല, മറിച്ച്, അവരുടെ പിന്നാലെ പറ്റിക്കൂടിയ മനുഷ്യരാണ്. ദൈവങ്ങളെ വിറ്റുകാശാക്കിയവര്‍. ദൈവത്തെ ഒറ്റുകൊടുത്തവര്‍. ആപത്തു സമയത്ത് കൈവെടിഞ്ഞവര്‍. മരണസമയത്ത് കൂടെ നില്‍ക്കാത്ത ആ ചെറ്റകള്‍ വിശുദ്ധന്മാരായി. അവര്‍ എഴുതിവച്ചതെല്ലാം ദൈവവാക്യമായി..... അങ്ങനെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ അതിനെതിരെ നിരന്തരം പോരാടിയ ആ ക്ഷുഭിത യൗവനം സമാധാനത്തിന്റെ കാവല്‍ഭടനായി.... എന്തൊരു വിരോധാഭാസം.... 

സര്‍വ്വാംഗം അഴിമതിയില്‍ മുങ്ങിക്കുളിച്ച റോമാസാമ്രാജ്യത്തിന്റെ ക്രൂരതയ്‌ക്കെതിരെ പോരാടിയതുകൊണ്ടാണ് ജീസസ് ക്രൈസ്റ്റിനെ തൂക്കിക്കൊന്നതെന്ന് ഏതു വേദപാഠക്ലാസിലാണ് ഇവര്‍ പഠിപ്പിക്കുന്നത്....??? ഏതു വിശ്വാസിക്കാണ് അത് അറിയുന്നത്....??? അല്ലെങ്കില്‍ത്തന്നെ, ആര്‍ക്കാണ് അതറിയാന്‍ താല്‍പര്യം...??? കാരണം, അനീതിയെ എതിര്‍ക്കുന്നവരെ (അതു വെറും വാക്കുകള്‍ കൊണ്ടു മാത്രമല്ല, പ്രവൃത്തികള്‍ കൊണ്ടും) എതിര്‍ക്കുന്നവരെ കാത്തിരിക്കുന്നത് കുരിശുമരണങ്ങള്‍ മാത്രമാണ്. അച്ചടക്കത്തിന്റെയും അനുസരണയുടേയും വാള്‍ വീശുമ്പോള്‍ ലഭിക്കുന്ന രാജകീയ ജീവിതം വിട്ടെറിഞ്ഞ് കുരിശിലേറാന്‍ തക്ക ഭ്രാന്ത് ആര്‍ക്കാണുള്ളത്...??? ഈ ജനതയെമുഴുവന്‍ വെറും ഷണ്ഡന്മാരാക്കി, സ്ത്രീകളെ വിനീത ദാസികളാക്കി, അടക്കിഭരിച്ച, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന് ദൈവങ്ങളുടെ പേരുച്ചരിക്കാനുള്ള അവകാശമില്ല. ജീസസോ കൃഷ്ണനോ നബിയോ ആരെങ്കിലും ഇവിടെ വീണ്ടും അവതാരമെടുത്താല്‍ ആദ്യം വാളിനിരയാക്കുന്നത് നാറിപ്പുഴുത്ത ഈ പുരോഹിത വര്‍ഗ്ഗത്തെ തന്നെയായിരിക്കും. ജനക്കൂട്ടത്തെ നയിക്കേണ്ടത് അന്ധന്മാരല്ല, മറിച്ച് കാഴ്ചശക്തിയുള്ളവരാണ്. വിവേകമുള്ളവരാണ്. തെറ്റിനോടു കോംപ്രമൈസ് ചെയ്യാത്തവരാണ്. 

ഓരോ മതപണ്ഡിതനും മനസിലാക്കുക, നിങ്ങളെ അന്ധമായി അനുസരിക്കുന്ന കഴുതകളെ സൃഷ്ടിക്കാനുള്ളതല്ല നിങ്ങളുടെ പൗരോഹിത്യമെന്ന്. മറിച്ച്, രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാന്‍ ചങ്കൂറ്റമുള്ള ആണിനെയും പെണ്ണിനെയും സൃഷ്ടിക്കുവാനുള്ളതാണ് നിങ്ങളുടെ പൗരോഹിത്യം. തെറ്റിനെ എതിര്‍ക്കുന്ന, ധീരരായ സ്ത്രീകള്‍ക്ക് അടങ്ങാത്ത ലൈംഗിക വികാരമാണ് എന്നുള്ള സമൂഹകാഴ്ചപ്പാടിനെ മാറ്റിയെടുക്കുവാനുള്ളതാണ് പൗരോഹിത്യം. ലൈംഗികത കുറ്റമല്ല, മറിച്ച് ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ ഭാഗമാണ് എന്നു പഠിപ്പിക്കാനുള്ളതാണ്. പക്ഷേ, പുരോഹിതരാരും ഇതൊന്നും ചെയ്യില്ല, കാരണം, അവര്‍ ആര്‍ത്തിയോടെ പാനം ചെയ്യുന്ന മുന്തിരി ചഷകം അവര്‍ ഉപേക്ഷിക്കുന്നത് എങ്ങനെ....??? 

ആണിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്നതാണ് തറവാട്ടില്‍ പിറന്ന പെണ്ണുങ്ങളുടെ ലക്ഷണമെന്നു വിശ്വസിക്കുന്ന പെണ്ണുങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു, ഒരു കോടി പുച്ഛം എന്നുമാത്രം....! തറവാട്ടില്‍ പിറന്നവരെ, ഇത് ശീലാവതികളുടെ ലക്ഷണമല്ല, മറിച്ച് തേവിടിശ്ശികളുടേതാണ്. ഭര്‍തൃമതീ ലക്ഷണങ്ങളോടെ, കാലിലെ പെരുവിരലില്‍ നോക്കി നടക്കുന്ന പെണ്ണുങ്ങളേ...., നിങ്ങള്‍ക്കാണ് തേവിടിശ്ശി എന്ന പേരു ചേരുക. അല്ലാതെ, കടന്നാക്രമണങ്ങളെ ചെറുക്കുന്നവര്‍ക്കല്ല, ഓര്‍മ്മയിരിക്കട്ടെ....!!! അനുവാദമില്ലാതെ തന്റെ മാറിടത്തിലേക്കും ജനനേന്ദ്രിയത്തിലേക്കും കടന്നാക്രമണം നടത്തുന്ന ഓരോ പുരുഷന്റെയും വിജൃംഭിച്ച ലിംഗം കടിച്ചു പറിക്കാനെങ്കിലും പറ്റുന്ന തന്റേടത്തിലേക്ക് ഒരോ സ്ത്രീയും വളരേണ്ടിയിരിക്കുന്നു.... ഉദ്ധരിച്ച ലിംഗം കാണുന്ന മാത്രയില്‍ പേടിച്ചു വിറച്ച് അവനു മുന്നില്‍ കൈകൂപ്പി യാചിക്കുന്നതല്ല കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളുടെ മഹിമ. മറിച്ച്, ഞാനിതെത്ര കണ്ടതാണ് എന്ന മട്ടില്‍ മനോധൈര്യം കൈവെടിയാതെ ആ മൃഗത്തിനു മുന്നില്‍ അക്ഷോഭ്യയായി നില്‍ക്കാനും കഴിയുമെങ്കില്‍ അവന്റെ ആ ലിംഗം ചവിട്ടിപ്പറിക്കാന്‍ അവളൊന്നു ശ്രമിക്കുകയെങ്കിലും ചെയ്യണം..... അവിടെ അനുസരണയുള്ള കുഞ്ഞാടുകളല്ല, മറിച്ച് ഝാന്‍സി റാണിയാണ് ആവേണ്ടത്. പോരാട്ടവീര്യം ഉള്‍ക്കൊണ്ടു വളരേണ്ട പെണ്‍കുട്ടികളെ അനുസരണാ ശീലമുള്ള കുഞ്ഞാടുകളാക്കി മാറ്റേണ്ടത് ലൈംഗിക തിമിരം ബാധിച്ച പുരുഷന്മാര്‍ക്ക് അത്യന്താപേക്ഷിതമാണ് എന്നു മനസിലാക്കാന്‍ കഴിയാത്ത കുരുപ്പുകള്‍ക്കു മാത്രമേ തറവാട്ടില്‍ പിറന്ന പെണ്ണ്, ശീലാവതി എന്നെല്ലാമുള്ള പേരു ചേരുകയുള്ളു. പെണ്ണുങ്ങളേ..., അനുസരണമെന്ന അടിമത്തമല്ല, മറിച്ച്, തെറ്റിനെ എതിര്‍ക്കാനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത്. ഏതു കന്യാസ്ത്രീ മഠത്തിലാണ് അവളെ ചീറ്റപ്പുലിയായി മാറാന്‍ പരിശീലനം നല്‍കുന്നത്...??? അനുസരണമാണത്രെ, അനുസരണം..... കലിയടങ്ങുന്നില്ലെനിക്ക്.......

..............................................................................................................................................

Tags: Rape at Christian churches in Kerala, More priests are involved in rape case


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.