Header Ads

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ബിഷപ്പ് പ്രതികാര നടപടിയിലേക്ക്



ജലന്ദര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. റിപ്പോര്‍ട്ടിന് പുറമേ പരിശോധന നടത്തിയ ഡോക്ടറിന്റെ മൊഴികൂടി അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും. അന്വേഷണത്തില്‍ കന്യാസ്ത്രീക്ക് അതൃപ്തി ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കന്യാസ്ത്രീ സംശയം പ്രകടിപ്പിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി അന്വേഷണ സംഘം അപേക്ഷ നല്‍കി. 

ജലന്ധര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്.. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുളളു. കേരളത്തിലെത്തി അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ ബിഷപ്പിനോട് ആവശ്യപ്പെടാനാണ് സാധ്യത. എന്നാല്‍ ജലന്ധറിലെത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

എറണാകുളത്ത് ബിഷപ്പുമാരുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി 2014 മേയ് അഞ്ചിനാണ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷണറീസ് ഓഫ് ജീസസ് മഠത്തിലെത്തിയത്. അവിടെ മദര്‍ സുപ്പീരിയര്‍ ആയിരുന്നു പീഡനത്തിന് ഇരയായ കന്യാസ്ത്രീ. ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചപ്പോള്‍ ളോഹ ഇസ്തിരിയിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും തിരികെ വന്നപ്പോള്‍ പീഡിപ്പിച്ചെന്നും പിന്നീട് 13 തവണ ഇവിടെവച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നുമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. 

കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് സഹോദരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴികൂടി പൊലീസ് ശേഖരിക്കും. കൂടാതെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകളും കൈമാറും. ഇതിന് ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.


കന്യാസ്ത്രീയുടെ സഹോദരനെ കേസില്‍ കുടുക്കി ബിഷപ്പ്


ലൈംഗിക പീഡനാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുരുക്കുകള്‍ മുറുകുമ്പോള്‍ കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കി എതിര്‍നീക്കം നടത്തിയിരിക്കുകയാണ് ബിഷപ്പ്. കന്യാസ്ത്രീയുടെ സഹോദരനെതിരായ ബിഷപ്പിന്റെ പരാതിയില്‍ പഞ്ചാബ് പോലീസ് നോട്ടീസ് അയച്ചുകഴിഞ്ഞു. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരനായ കോടനാട് സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസിന്റെ നോട്ടീസ് ലഭിച്ചത്. 

നേരിട്ട് ഹാജരാകാനാണ് പഞ്ചാബ് പോലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ എത്താന്‍ കഴിയില്ലെന്ന് ഇയാള്‍ വക്കീല്‍ വഴി പോലീസിനു മറുപടി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ സമാനസ്വഭാവമുള്ള പരാതി കേരള പോലീസില്‍ നിലനില്‍ക്കുകയാണെന്ന് കാണിച്ചാണ് മറുപടി നല്‍കിയത്. കന്യാസ്ത്രീയും സഹോദരനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബിഷപ്പിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായാണ് പഞ്ചാബ് പോലീസില്‍ ബിഷപ്പ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ പരാതി കോട്ടയം ജില്ല പോലീസ് മേധാവിക്കും ആരോപണവിധേയനായ ജലന്ദര്‍ ബിഷപ്പ് നല്‍കിയിരുന്നു.



....................................................................................................................................................

Tags: Jalandhar Bishop Franco Mulackal, Medical report ascertains rape of nun in Kerala, Bishop registered a police case against the brother of the nun, rape and sex in Christian church in Kerala 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.