Header Ads

വീട് തകര്‍ത്തതും ഭാര്യയെ മര്‍ദ്ദിച്ചതും ചാക്കോയുടെ ബന്ധുക്കള്‍ എന്ന്



ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ ഭര്‍ത്താവ് കെവിനെ അതിക്രൂരമായി കൊന്ന കേസില്‍ നീനുവിന്റെ അമ്മ രഹ്ന എല്ലാക്കുറ്റവും ഭര്‍ത്താവ് ചാക്കോയുടേയും മകന്‍ ഷാനുവിന്റെയും തലയില്‍ കെട്ടിവച്ച് കേസില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ ചാക്കോയുടെ ബന്ധുക്കളാണ് രഹ്നയെ വീടുകയറി തല്ലിയതെന്നാണ് നിഗമനം. ചാക്കോയുടെ സഹോരന്‍ രഹ്നയോടു പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.

കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യ രഹ്നയെ മര്‍ദിച്ചതായാണ് പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മര്‍ദനമേറ്റു. രഹ്നയുടെ ഭര്‍ത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ രഹ്ന ഒളിവില്‍ പോയി.

കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവന്‍ സംഭവങ്ങള്‍ക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് അറസ്റ്റിലായവരില്‍ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും അത് മകന് പറഞ്ഞു കൊടുത്തതും രഹ്‌നയായിരുന്നു. എന്നാല്‍ കേസില്‍ രഹ്‌ന മാത്രം പ്രതിയായില്ല. ഇതാണ് ചാക്കോയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

നീനുവിനെ കാണാനില്ലെന്ന് പൊലീസില്‍ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാല്‍ തനിക്ക് കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹ്‌ന ഇടപെടലുമായി എത്തിയത്. കെവിനും നീനുവും താമസിച്ച സ്ഥലം കണ്ടെത്താന്‍ രഹ്‌ന കോട്ടയത്ത് എത്തി. ഗാന്ധി നഗര്‍ പൊലീസില്‍ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് നാടിനെ നടുക്കിയ ദുരഭിമാന കൊല നടന്നതെന്നാണ് വിലയിരുത്തല്‍.

ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി മകളെ കാണാന്‍ അവസരനൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൊലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇവര്‍ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും സൂചനയുണ്ട്. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹ്‌ന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകന്‍ ഷാനുവിനെ വിവരങ്ങള്‍ ധരിപ്പിച്ചെന്നും ഏതുമാര്‍ഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവര്‍ ഷാനുവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണില്‍ വിളിച്ചിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹ്‌ന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ രഹന പൊലീസിന് കൈമാറിയത്.

കെവിനെ തട്ടിക്കൊണ്ടു വരാന്‍ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹ്‌നയാണ്. നിയാസിന്റെ വീട്ടില്‍ രഹ്‌നയും എത്തിയിരുന്നു. രഹ്‌നയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയില്‍ രഹ്‌നയ്ക്കുള്ള പങ്കിന് തെളിവാണ്. പക്ഷേ പൊലീസ് മാത്രം രഹ്നയെ വെറുതെ വിടുകയാണ്. ഈ സാഹചര്യത്തിലാണ് രഹ്നയെ ചാക്കോയുടെ ബന്ധുക്കള്‍ ആക്രമിച്ചതെന്നാണ് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്ത ഭര്‍ത്താവും മകനും ബന്ധുവും നടത്തിയ ഗൂഢാലോചനയിലോ തുടര്‍ന്ന് നടന്ന സംഭവങ്ങളിലോ രഹ്‌നയ്ക്ക് പങ്കില്ലന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് ഇത്.

'എന്റെ തകര്‍ച്ചയ്ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണ്. സ്‌നേഹം എന്തെന്ന് പപ്പയില്‍നിന്നും അമ്മയില്‍നിന്നും ഞാനറിഞ്ഞിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുകയും കൈയാങ്കളി നടത്തുകയും ചെയ്യുന്ന അച്ഛനമ്മമാര്‍. തടസ്സം പിടിച്ചതിന് പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അവരുടെ കലഹം മൂക്കുമ്പോള്‍ മുറിയടച്ചിട്ടിരുന്ന് ഞാന്‍ കരയും. ആ അന്തരീക്ഷത്തില്‍നിന്ന് എങ്ങനെയും രക്ഷപ്പെടാനാണ് കോട്ടയത്തേക്കു പഠിക്കാന്‍ വന്നത്' കെവിന്‍വധക്കേസിലെ കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരുമായി അന്നും ഇന്നും ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്‌നേഹത്തോടെ വളര്‍ത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാന്‍ പോയി കാണുന്നതും മിണ്ടുന്നതും' നീനു തന്റെ ദുരിത ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു. അച്ഛന്റെ വീട്ടുകാരുമായി നീനുവിനും അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സ്‌നേഹവും അക്രമത്തിന് കാരണമായെന്ന വിലയിരുത്തലുണ്ട്.

ഇതിനിടെ ചാക്കോയും ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങളോളം വല്യമ്മച്ചിയുടെയും വല്യപ്പച്ചന്റെയും കൂടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞു. ആറേഴുവര്‍ഷം കഴിഞ്ഞ് രഹന നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കുട്ടികള്‍ അവര്‍ക്കൊപ്പം താമസമാക്കിയത്. 'അപ്പോഴേക്കും ഞാന്‍ ആറാം ക്ലാസിലായിരുന്നു. എന്തിനും അമ്മ കഠിനമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ ക്ലാസില്‍, കൂടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ മിണ്ടിയാല്‍പ്പോലും എന്നെ അതിഭയങ്കരമായി മര്‍ദിക്കും. തല ഭിത്തിയില്‍ പിടിച്ചിടിക്കും. എന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ നോക്കിനില്‍ക്കും. പക്ഷേ, അമ്മയെ പേടിച്ച് ആരും അടുത്തുവരില്ല'. ഇതായിരുന്നു അമ്മയെ കുറിച്ച് നീനു പറയുന്നത്. ഈ കുടുംബത്തില്‍ നീനുവിന്റെ അമ്മ അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ കെവിനെ കൊലപ്പെടുത്തിയതും രഹ്‌നയ്ക്ക് അറിയാമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പൊലീസ് ഇത് ഗൗരവത്തില്‍ എടുക്കുന്നില്ല.

.......................................................................................................................

Tags: honor killing, Neenu's mother Rehna is attacked by the relatives of her husband, Rehna is out from the criminal conspiracy, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.