Header Ads

ഉണ്ണികൃഷ്ണന്‍ ഔട്ട്, നിഷ സാരംഗ് ഇന്‍: സംവിധായകനായി പ്രൊഡ്യൂസര്‍; ഉപ്പും മുളകും വീണ്ടും



ജനപ്രിയ സീരിയലായ ഉപ്പും മുളകും പ്രതിസന്ധി മാറുന്നു. അപമര്യാദയായി പെരുമാറിയ സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കിയതോടെ നിഷ സാരംഗ് വീണ്ടും ഉപ്പും മുളകും ടീമിനൊപ്പം ചേര്‍ന്നു. പരിപാടിയുടെ പ്രൊഡ്യൂസറാണ് ഇപ്പോള്‍ ഈ സീരിയലിന്റെ സംവിധായകന്‍. വിവാദങ്ങള്‍ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനല്‍ അധികൃതര്‍ പ്രേക്ഷകരെ അറിയിച്ചത്.

ഉപ്പും മുളകും ടീമിനെ അണിയറക്കാരെയും അഭിനേതാക്കളെയുമാണ് ഫേസ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തിയത്. ബാലുവിനും കുടുംബത്തിനൊപ്പം നീലിവുനെയും ഫേസുബുക്ക് ലൈവില്‍ കാണാന്‍ സാധിക്കും. കുഞ്ഞുവാവയും മുടിയനും മറ്റു കഥാപാത്രങ്ങളുമൊക്കെ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നു. കാറും കോളും ഒഴിഞ്ഞ് പരിപാടിയുമായി ശക്തമായി മുന്നോട്ടു പോകാനാണ് ചാനല്‍ അധികൃതരുടെ നീക്കം. അതിനിടെ സംവിധായകനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഫഌവേഴ്‌സ് ചാനലിനും തനിക്കുമെതിരെയുള്ള വിമര്‍ശനത്തിനുള്ള മറുപടി ശ്രീകണ്ഠന്‍നായര്‍ നല്‍കിയത് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനെയും ആത്മ പ്രസിഡന്റ് കെ ബി ഗണേശ് കുമാറിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫഌവഴ്‌സ് സംപ്രേഷണം ആരംഭിക്കുമ്പോള്‍ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്‌ളവേഴ്‌സ് ചാനല്‍ നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയായതിനാല്‍ അത്രയും താല്‍പര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ടെന്ന് പറയുന്നതു വരെ തുടരുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

'ഇത്രയും ഉയര്‍ന്ന പ്രേക്ഷകപ്രീതിയുള്ള ഒരു പരിപാടി പെട്ടെന്ന് നിര്‍ത്തുമെന്ന് ആളുകള്‍ പ്രചരിപ്പിക്കുമ്പോള്‍ സാമന്യ മര്യാദയുള്ളവര്‍ക്ക് മനസിലാകും അത് മാനേജ്‌മെന്റ് നിര്‍ത്തില്ലെന്നുള്ള കാര്യം. നിഷ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ അഭിമുഖം സത്യമല്ലാത്ത രീതിയിലും പ്രചരിക്കുന്നുണ്ട്. അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിഷയുടെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ചാനല്‍ അവരോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ സംവിധായകനെ പുറത്താക്കിക്കഴിഞ്ഞു,' ശ്രീകണ്ഠന്‍നായര്‍ പറഞ്ഞു.

'ഉപ്പും മുളകും സീരിയലിന്റെ തുടര്‍ച്ചയായുള്ള ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കും. ഇത് നിര്‍ത്താന്‍ ആലോചിട്ടില്ല. പുതിയ സംവിധായകനാണ് ഇനി മുതല്‍ ഉപ്പും മുളകിലുമുണ്ടാവുക. അത് ഞങ്ങളുടെ തന്നെ ഒരു പ്രൊഡ്യൂസറാണ്. നിഷയുടെ പരാതി നിയമപരമായി തന്നെ പോകട്ടെ. നിഷയ്ക്കും ബാക്കിയുള്ള താരങ്ങള്‍ക്കും ചാനല്‍ പിന്തുണ പ്രഖ്യാപിക്കുന്നു,' ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

'ഈ പരിപാടി നിര്‍ത്തി ചപ്പും ചവറും എന്നൊരു പരിപാടി സംപ്രേഷണം ചെയ്യും എന്ന് ആത്മ പ്രസിഡണ്ട് ഗണേശ് കുമാര്‍ പറയുന്നത് കേട്ടു. ഗണേശ് ഒന്നു കൂടി ആലോചിക്കണം ആത്മ പോലൊരു സംഘടന ഫ്‌ളവേഴ്‌സ് ചാനലിനെ വിലയിരുത്തുമ്പോള്‍ കുറേക്കൂടി പക്വതയും ഔചിത്യവും കാണിക്കണമായിരുന്നു. ആത്മയ്ക്ക് ആവശ്യം വന്നപ്പോഴെല്ലാം ചാനല്‍ കൂടെ നിന്നിട്ടേ ഉള്ളൂ. തന്നെയോ ഫ്‌ളവേഴ്‌സിലെ ജീവനക്കാരെയോ ഒന്ന് വിളിച്ച് ചോദിക്കാമായിരുന്നു. ചപ്പും ചവറും എന്നൊക്കെ പറയുന്നത് ഒട്ടും ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ഗണേശ് ഒന്നുകൂടി ആലോചിക്കണം,' ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

'ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണന് പകരം തങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഉണ്ണിക്കൃഷ്ണന്റെ ചിത്രമെടുത്ത് പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും ചാനലിന് ജീവശ്വാസമായി ഉപ്പും മുളകും സീരിയലിനെ ഉപയോഗിക്കാം എന്നാണെങ്കില്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല. ബാലുവും നീലുവുമെല്ലാം അവിടെ തന്നെ ഉണ്ടാകും. ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ചാനല്‍ സഹകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം. കലാകാരന്മാരുടെ പ്രശ്‌നങ്ങള്‍ മുന്നില്‍ വന്നാല്‍ അതില്‍ കഴിയും പോലെ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. ഈ വിവാദത്തില്‍ പൊങ്കാല എന്ന പേരില്‍ ചാനലിനെ തെറിവിളിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെ തെറിവിളിച്ചതുകൊണ്ട് പിന്‍വാങ്ങി പോവുകയുമില്ല. ഐടി ആക്ടിനെ കുറിച്ച് അറിയാത്തവര്‍ അത് പഠിക്കണം,' ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കുന്നു. 
....................................................................................................................................................

Tags: Uppum Mulakum, Nisha Sarung, Director Unnikrishnan, Sreekandan Nair, Flowers channel, Flowers channel fired director Unnikrishnan for sexual allegations, Nisha Sarang will continue working for Uppum Mulakum serial. 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.