Header Ads

അഭിമന്യു വധം ഭീകരാക്രമണത്തിന് തുല്യം: അന്വേഷണം ഊര്‍ജ്ജിതമാക്കിഎറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും വട്ടവട സ്വദേശിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് വിടാനും ആലോചനയുണ്ട്. ഈ കേസിന്റെ അന്വേഷണം ഇപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണ് നടത്തുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുമേല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം (യു.എ.പി.എ) ചുമത്താന്‍ ഡി.ജി.പി നിയമോപദേശം തേടി. അതിനിടെ സംഭവത്തിലെ തീവ്രവാദ ബന്ധത്തേക്കുറിച്ച് എന്‍.ഐ.എയും അന്വേഷണം തുടങ്ങി. ഇതുവരെ ആറുപേരാണ് ഈ കേസില്‍ അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അഭിമന്യു കൊലക്കേസില്‍ ഇതുവരെ അറസ്റ്റിലായവരെ സൂക്ഷിച്ചിരിക്കുന്നത് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഇവരെ ചോദ്യം ചെയ്തു. മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കേസിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്ച. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായതായി ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കറ്റ് ജനറലുമായും ഡി.ജി.പി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് കേസ് എന്‍ ഐ എയ്ക്ക് വിടാനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. ഇതിനെ വെറുമൊരു കാമ്പസ് ആക്രമണമായി പൊലീസ് കരുതുന്നില്ല. തീവ്രവാദ സ്വഭാവം കേസിന് കൊടുക്കാനാണ് തീരുമാനം. എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ വേണ്ടിയാണ് യുഎപിഎ കുറ്റം ചുമത്തുന്നത്.

കേരളത്തില്‍ എന്‍ഐഎ അന്വേഷണം നടത്തിയ കൈവെട്ടുകേസ്, വാഗമണ്‍ ആയുധ പരിശീലന ക്യാംപ് കേസ്, കളമശേരി ബസ് കത്തിക്കല്‍ കേസ് എന്നിവയിലെ പ്രതികളാരെങ്കിലും അഭിമന്യു വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോക്‌നാഥ് ബെഹ്‌റ ഡയറക്ടറായിരുന്ന കാലഘട്ടത്തിലാണ് ഈ കേസുകളുടെ അന്വേഷണം എന്‍ഐഎ തുടങ്ങിയത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമന്യുവിന്റെ കൊലയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് തെളിഞ്ഞാല്‍ അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്താനാകും. അതിനാല്‍ അഭിമന്യു കൊലക്കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംയുക്തമായി ആസൂത്രണം ചെയ്തുകൊലപാതകമാണ് അഭിമന്യുവിന്റേത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മുമ്പ് തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേസിലെ തീവ്രവാദ ബന്ധം എന്‍.ഐ.എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. ഇതിന്റെ മുന്നോടിയായി എന്‍.ഐ.എ പൊലീസില്‍ നിന്നും പ്രാഥമിക വിവരം തേടി. കേസ് ബെഹ്‌റ നേരിട്ട് അന്വേഷിക്കാനെത്തിയതോടെ എസ് ഡി പി ഐ പ്രതിരോധത്തിലായി. നിരോധന ഭീഷണി നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടും കരുതലോടെയാണ നീങ്ങുന്നത്. ഇടത് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനും അന്വേഷണം അട്ടിമറിക്കാനും അവരും സജീവമായി തന്നെ കരുനീക്കം നടത്തുന്നുണ്ട്.

എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി കര്‍ശനനടപടിക്ക് ഒരുങ്ങുകയാണ് പോലീസ്. സിഐ.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ചയ്ക്കകം സിഐ.മാരുള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കണം. വരുംദിവസങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

കോടതി അനുമതിയോടെ എവിടെവേണമെങ്കിലും പരിശോധന നടത്താനാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. എസ്.ഡി.പി.ഐ.ക്കാരുമായി ബന്ധപ്പെട്ട ഏത് സ്ഥാപനവും താമസസ്ഥലവും പരിശോധിക്കാന്‍ സര്‍ക്കാന്‍ ആഭ്യന്തരവകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രശ്‌നക്കാരായ പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്നനിലയില്‍ അറസ്റ്റുചെയ്യാം. ആവശ്യമെങ്കില്‍ രാത്രിയിലും പരിശോധന നടത്താം. കോടതിയില്‍ സെര്‍ച്ച് മെമോറാണ്ടം നല്‍കി, പരിശോധനയ്ക്കുശേഷം സെര്‍ച്ച് ലിസ്റ്റ് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കോടതിയില്‍നിന്ന് വാറന്റ് വാങ്ങി വരുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാലാണ് സെര്‍ച്ച് മെമോറാണ്ടവുമായി വരുന്നതെന്ന് സ്ഥാപനമേധാവികളെയും വീട്ടുടമയെയും ബോധ്യപ്പെടുത്തണം.

എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. ഇവര്‍ക്കു വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്ന പൊലീസിലെ ചാരന്മാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ജൂവലറി കവര്‍ച്ചയടക്കമുള്ളവയില്‍ ചില പ്രവര്‍ത്തകരുടെ പങ്കാളിത്തം മുമ്പുതന്നെ വെളിപ്പെട്ടിരുന്നു. കുഴല്‍പ്പണംതട്ടല്‍, ലഹരിക്കടത്ത് കേസുകളിലും ഇവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അക്രമം, ഭീഷണി, ആയുധം കൈവശംവെക്കല്‍ തുടങ്ങിയ കേസുകളാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയുള്ളത്. പഴയകേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കുന്നുണ്ട്. ബുധനാഴ്ച തൃശ്ശൂരില്‍ ഇതിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു. അക്രമി സംഘത്തില്‍ മുഹമ്മദെന്ന് പേരുള്ള രണ്ട് പേരുണ്ട്. ഇതിലൊരാളാണ് അഭിമന്യുവിനെ കുത്തിയത്. ഇത് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ്. രണ്ടുതവണയാണ് അക്രമിസംഘം ക്യാമ്പസ് പരിസരത്തെത്തിയത്. തര്‍ക്കം തുടങ്ങിയ സമയം ആറംഗ സംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷമാണ് മറ്റുള്ളവര്‍ എത്തിയത്. ഇവര്‍ ക്യാമ്പസിനകത്ത് കയറണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എസ്ഡിപിഐ ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ പിടികൂടാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാദഗത്തുനിന്നുള്ളത്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡ് പൊലീസ് നടത്തുന്നുണ്ട്. എസ് ഡി പി ഐയാണ് അഭിമന്യുവിനെ കൊന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മത തീവ്രവാദം കാമ്പസുകളില്‍ എത്തിക്കാനാണ് അഭിമന്യുവിനെ കൊന്നതെന്ന നിലപാടില്‍ പൊലീസ് എത്തുന്നത്.

കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്കു പുറമെ 16 പേര്‍കൂടി പ്രതികളാവാന്‍ സാധ്യതയുണ്ട്. കൊലയ്ക്കുശേഷം പ്രതികളെ കേരളത്തിനു പുറത്തേക്കു കടക്കാന്‍ സഹായിച്ചവരുടെ വിവരങ്ങളും പൊലീസിനു ലഭിച്ചു. പ്രതികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ അഞ്ചു സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷകരുടെ നീക്കം. കൊച്ചി സൈബര്‍ സെല്‍, തിരുവനന്തപുരം സൈബര്‍ ഡോം എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തിനു പുറത്ത് അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്നു കൊലയാളിയെ ഏതാണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാല ദൃശ്യങ്ങളായതിനാല്‍ കൊലയാളി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം സംബന്ധിച്ച് അവ്യക്തതയുണ്ട്. 

കൊലപാതകം നടന്ന ജൂലൈ ഒന്നിനു സ്വന്തം നാടായ ഇടുക്കി കാന്തല്ലൂരിനു സമീപം വട്ടവടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തങ്ങി പുലര്‍ച്ചെ പുറപ്പെടാനായിരുന്നു അഭിമന്യുവിന്റെ ഉദ്ദേശ്യം. എന്നാല്‍, അന്നു പകല്‍ എറണാകുളത്തുനിന്നു തുടര്‍ച്ചയായി അഭിമന്യുവിനെ ഫോണില്‍ വിളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കി. എത്രയും വേഗം കോളജിലെത്താനുള്ള നിര്‍ദ്ദേശമാണു ഫോണില്‍ അഭിമന്യുവിനു ലഭിച്ചത്. ഈ സമ്മര്‍ദത്തിലാണു പാര്‍ട്ടി പരിപാടി കഴിഞ്ഞ ഉടന്‍ എറണാകുളത്തേക്കു തിരിച്ചത്. അന്നു രാത്രി ഏതു വിധേനയും അഭിമന്യുവിനെ കോളജിലെത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ ഫോണ്‍ വിളിയെന്നാണു പൊലീസ് പരിശോധിക്കുന്നത്. ബന്ധുക്കളുടെ സംശയം ശരിയാണെങ്കില്‍ അഭിമന്യുവിന് അടുപ്പമുള്ള ആരോ ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കരുതേണ്ടി വരും.

..........................................................................................

Tags: Abhimanyu murder case, DGP Loknath Behra is investigating Abhimanyu murder case directly, NIA willinvestigatve the connection of terror related groups in this case, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.