Header Ads

കന്യാസ്ത്രീയാകാന്‍ ഇനി കന്യകയാകേണ്ടെന്ന് വത്തിക്കാന്‍



കന്യാസ്ത്രീയാകാന്‍ ഇനി കന്യകയാകേണ്ടെന്നും ആത്മീയ കന്യകാത്വം മാത്രം മതിയെന്നും ശാരീരിക കന്യകാത്വം ആവശ്യമില്ലെന്നും വത്തിക്കാന്‍. മനുഷ്യത്വത്തിലൂന്നിയ വിവിധ പരിഷ്‌കാരങ്ങള്‍ സഭയില്‍ നടപ്പിലാക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പുതിയ ഈ പരിഷ്‌കാരത്തിനും പിന്നില്‍. എന്നാല്‍, പുരുഷകേന്ദ്രീകൃതമായ ക്രൈസ്തവ സഭയില്‍ മാര്‍പ്പാപ്പയുടെ ഈ പുതിയ തീരുമാനം വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. ആത്മീയമായി കന്യകയായ ആര്‍ക്കും കന്യാസ്ത്രീ ആകാമെന്നാണ് വത്തിക്കാന്റെ തീരുമാനം. 

ക്രിസ്തുവിന്റെ മണവാട്ടിമാര്‍ എന്നാണ് കന്യാസ്ത്രീകള്‍ അറിയപ്പെടുന്നത്. അവര്‍ക്ക് ആ ജീവനാന്തം കന്യകാത്വം വേണമെന്നാണ് പരമ്പരാഗത വിശ്വാസം. ദൈവസ്മരണയില്‍ സ്വയം സമര്‍പ്പിതമായി സേവനം ചെയ്യുന്നവരാണ് അവര്‍. ഇതില്‍ നിന്നും വേറിട്ട തികച്ചും വ്യത്യസ്തമായ നിര്‍ദേശവുമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച വത്തിക്കാന്‍ ഡോക്യുമെന്റായ എക്ലെസിയ സ്‌പോന്‍സായ് ഇമാഗോയിലുള്ള ഒരു ക്ലോസിലാണ് കന്യാസ്ത്രീയാകുന്നവര്‍ക്ക് ശാരിരിക കന്യകാത്വം നിര്‍ബന്ധമില്ലെന്ന നിലപാട് വത്തിക്കാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധഭാവത്തോടെ ക്രിസ്തുവിനെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ ഏറി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിച്ച സ്ത്രീകളടക്കമുള്ള വിവിധ പ്രായത്തിലുള്ളവരുമുണ്ട്. അതിനാല്‍ അത്തരക്കാര്‍ക്ക് കന്യകാത്വമില്ലെന്ന് പറഞ്ഞ് അവരുടെ സമര്‍പ്പണമനോഭാവത്തെ നിഷേധിക്കാനാവില്ല. പുതിയ നീക്കത്തെക്കുറിച്ച് വത്തിക്കാന്‍ ഡോക്യുമെന്റ് നല്‍കുന്ന വിശദീകരണമിതാണ്. എന്നാല്‍, ഈ പുതിയ തീരുമാനം ഞെട്ടലുണ്ടാക്കുന്നുവെന്നാണ് യുഎസ് അസോസിയേഷന്‍ ഓഫ് കോണ്‍സെക്രാറ്റഡ് വെര്‍ജിന്‍സ് പ്രതികരിച്ചിരിക്കുന്നത്. വിശുദ്ധീകരണത്തിന് ശാരീരിക കന്യകാത്വം അത്യാവശ്യമല്ലെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും ഈ സംഘടന പറയുന്നു.

ശാരീരികവും മാനസികവുമായ കന്യാകാത്വം വിശുദ്ധീകരണത്തിന് ആവശ്യമാണ് എന്നത് ചര്‍ച്ചിന്റെ പരമ്പരാഗത നിലപാടാണെന്നും അത് അത്ര വേഗം തിരുത്താനാവില്ലെന്നും ഈ സംഘടന പറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകമാകമാനം വിശുദ്ധീകരണത്തിന് വിധേയരായയ 5000ത്തോളം കന്യകമാരാണുള്ളത്. ഇതില്‍ 230 പേര്‍ യുകെയിലും 200 പേര്‍ യുഎസിലുമാണ്. ആജീവനാന്ത കാലം ക്രിസ്തുവിന് സമര്‍പ്പിതമായി ബ്രഹ്മചര്യത്തോടെ ജീവിക്കാമെന്ന സത്യപ്രസ്താവനയാണ് വിശുദ്ധീകരണത്തിന് വിധേയരാകുന്ന സ്ത്രീകള്‍ പാലിക്കേണ്ടി വരുന്നത്. ഇത്തരം സ്ത്രീകള്‍ കന്യാസ്ത്രീകള്‍ ആകണമെന്നോ റീലീജിയസ് ഓര്‍ഡര്‍ സ്വീകരിക്കണമെന്നോയില്ല. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ തങ്ങള്‍ നല്‍കുന്ന വാഗ്ദാനത്തിന്റെ പ്രതീകമെന്നോണം ഒരു മോതിരം ധരിക്കാറുണ്ട്.


...............................................................................................................................................

Tags: Virginity is not required for becoming a nun: Vathican, Pop Francis declared that mental virginity is needed for becoming a nun, physical virginity is not required for a nun, protest against new norms for becoming a nun, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.