ഉദയകുമാറിനെ ഉരുട്ടിക്കൊന്നതില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്നതില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി സി ബി ഐ പ്രത്യേക കോടതി. ഉദയകുമാരിനെ സ്റ്റേഷനില്‍ വെച്ച് അതിമൃഗീയമായി ഉരുട്ടിക്കൊന്നു എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിലെ മുഖ്യ സാക്ഷി സുരേഷ് കുമാര്‍ വിചാരണ സമയത്തു കൂറുമാറിയിരുന്നു. കേസില്‍ വ്യാജ എഫ്ഐആര്‍ തയാറാക്കാന്‍ നിരവധി പേര്‍ സഹായിച്ചിരുന്നു. ഇവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചേക്കും.
2005 സെപ്റ്റംബര്‍ 27-ന് ഉച്ചയോടെയാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ കിടന്നുറങ്ങിയ നെടുങ്കാട് സ്വദേശി ഉദയകുമാറിനെ ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് ഉദയകുമാറിനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പൊലീസുകാര്‍ ഇരുമ്പ് പൈപ്പുപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉരുട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്. ഉച്ചയ്ക്ക് പിടികൂടിയ ഉദയകുമാര്‍ രാത്രിയോടെ മരിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ അതിമൃഗീയമായ മര്‍ദ്ദനമാണ് ഉദയകുമാറിന് ഏല്‍ക്കേണ്ടി വന്നത്.
പൊലീസിന്റെ അതിക്രൂരമായ മര്‍ദ്ദനത്തിലും ഉരുട്ടലിനും ശേഷം സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ഉദയകുമാറിനെ ആശുപത്രിയിലെത്തിച്ചിരുന്നു. അപ്പോഴാണ് മരണം ഉറപ്പാക്കിയത്. കാലിന്റെ ഇരു തുടകളിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധന നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ശ്രീകുമാരി പറഞ്ഞത്. ഉദയകുമാര്‍ അവശനിലയിലാണെന്ന വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ എസ്ഐ., സിഐ. എന്നിവരെ അറിയിച്ചിരുന്നതായി കേസിലെ മാപ്പുസാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസാണ്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം ഫലപ്രദമാകാതെ വന്നതിനാല്‍ ഹൈക്കോടതി ഈ കേസ് സി ബി ഐയ്ക്കു വിടുകയായിരുന്നു. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
ഈ കേസ് ആദ്യം അന്വേഷിച്ച് ലോക്കല്‍ പൊലീസിലെ നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ പി.പ്രഭയാണ്. ഇതിനുശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ രണ്ട് അന്വേഷണ സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കാതെ മൂന്ന് പൊലീസുകാരില്‍ മാത്രമായി കുറ്റപത്രം ചുരുക്കിയിരുന്നു. ഇതിന്റെ വിചാരണ തിരുവനന്തപുരം അതിവേഗ കോടതിയില്‍ നടക്കുമ്പോഴാണ് സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കൂറുമാറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ച് സിബിഐ. അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്പി. കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ഈ അന്വേഷണത്തിലാണ് കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രമം നടന്നുവെന്ന് കണ്ടെത്തിയത്. ഉദയകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരെ പ്രതിചേര്‍ത്തു. തെളിവു നശിപ്പിച്ചതിനും വ്യാജ എഫ്.ഐ.ആര്‍. തയ്യാറാക്കിയതിനും പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, വി.പി.മോഹന്‍, അന്നത്തെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ്ഐ. ടി.അജിത്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ.സാബു, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.ഹരിദാസ്, വനിതാ പൊലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ മണി എന്നുവിളിക്കുന്ന സുരേഷ്, ക്രൈം എസ്ഐ. രവീന്ദ്രന്‍ നായര്‍, റൈറ്റര്‍മാരായ ഹീരലാല്‍, തങ്കമണി, വിജയകുമാര്‍ എന്നിവരെ പ്രതിചേര്‍ത്ത് മറ്റൊരു കേസ് സിബിഐ. എടുത്തിരുന്നു.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു ശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജ രെഖകള്‍ ചമച്ചതിനും രണ്ട് കേസുകള്‍ കൂടിയെടുച്ചു. ഈ രണ്ട് കേസുകളും ഒരുമിച്ച് വിചാരണ ചെയ്യുന്നത് തടയാന്‍ പൊലീസുകാര്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ, ഈ ശ്രമം വിജയിച്ചില്ല. വിചാരണയ്ക്കിടെ മാപ്പ് സാക്ഷികളടക്കം ഏഴുപേര്‍ കൂറുമാറി. കൊല്ലപ്പെട്ട ഉദയകുമാറിന്റെ സുഹൃത്ത് മണി എന്ന സുരേഷ്‌കുമാറും പിന്നീട് കൂറുമാറിയിരുന്നു. പൊലീസുകാരനല്ലാത്ത ഏക സാക്ഷിയാണ് മണി. ജില്ലാക്കോടതിയില്‍ സുരേഷിന്റെ ചാഞ്ചാട്ടം മനസ്സിലാക്കിയ സിബിഐ ഇയാള്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തിരുന്നു. കേസ് സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്താം എന്ന ഉറപ്പിന് പിന്നാലെ ഇയാളെ മാപ്പ് സാക്ഷിയാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇയാള്‍ വീണ്ടും കൂറുമാറിയതിനാല്‍ തന്നെ തെളിവ് നശിപ്പക്കല്‍ കേസില്‍ പ്രതിയായി തന്നെ തുടരും.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായി വനിതാപോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ പൊലീസുകാരായ സജിതകുമാരി, ഷീജകുമാരി, ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ മണി എന്നു വിളിക്കുന്ന സുരേഷ്‌കുമാര്‍, ക്രൈം എസ്ഐ. രവീന്ദ്രന്‍ നായര്‍, റൈറ്റര്‍മാരായ ഹീരലാല്‍, തങ്കമണി, വിജയകുമാര്‍ എന്നിവരെ കോടതി മാപ്പുസാക്ഷിയാക്കി. രണ്ട് കുറ്റപത്രവും വെവ്വേറെ പരിഗണിക്കണമെന്ന് പ്രതികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കൊലപാതകക്കേസിലും തെളിവുനശിപ്പിക്കല്‍ കേസിലും പ്രതിയായ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനായിരുന്ന സോമന്‍ രണ്ടുമാസം മുന്‍പ് സര്‍വീസില്‍നിന്ന് വിരമിച്ചശേഷം മരിച്ചു. പൊലീസുകാരനായ വി.പി.മോഹനനെ സിബിഐ. കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ വിചാരണനേരിട്ട മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.ഹരിദാസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ.സാബു എന്നിവര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. എസ്ഐ.യായിരുന്ന ടി.അജിത്കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി.യാണിപ്പോള്‍. പൊലീസുകാരായ ജിതകുമാര്‍ ഡി.സി.ആര്‍.ബി.യില്‍ എഎസ്‌ഐ.യായും ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഹെഡ് കോണ്‍സ്റ്റബിളായും ജോലി ചെയ്യുന്നു.
വൃദ്ധയായ ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയം
അമ്മയ്ക്ക് ഓണക്കോടി വാങ്ങിവരാമെന്നു പറഞ്ഞു പോയ മകനാണ് മൃതശരീരമായി മടങ്ങിയെത്തിയത്. 2005 സെപ്റ്റംബറിന് രാവിലെയാണ് മകന്‍ വീട്ടില്‍ നിന്നും പോയത്. ചേങ്കോട്ടുകോണം മഠത്തിന് കീഴിലുള്ള ജഗതിയിലെ സ്‌കൂളില്‍ ആയയായി ജോലി നോക്കുകയായിരന്നു അവര്‍. രാവിലെ പതിനൊന്ന് മണിയോടെ അവിടെയെത്തിയ പൊലീസ് സംഘമാണ് പറഞ്ഞത് മോര്‍ച്ചറിയില്‍ മകന്‍ ഉദയകുമാര്‍ കിടക്കുകയാണെന്ന്.
അന്നുമുതല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി മകന്റെ ഘാതകരെ ശിക്ഷിക്കുന്നതിനായി ഈ അമ്മ പോരാടുകയാണ്. മകന്റെ മരണശേഷം സര്‍ക്കാരില്‍ നിന്നും നിരവധി സഹായങ്ങള്‍ ഉണ്ടായി. പക്ഷേ, മകനില്ലാതെ എന്തു സഹായം കിട്ടിയിട്ട് എന്താണ് എന്ന് ഈ അമ്മ.
...............................................................................................................................
Tags: Udayakumar custody murder case, Five police officers are found guilty, CBI special court, The verdict comes 13 years after the murder, Malayalam News, Kerala news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല