Header Ads

മതംമൂത്ത് കൊല്ലുന്നവര്‍ കാണുക, മനുഷ്യത്വം മൂത്ത് മരിക്കുന്നവരെ....!



ലോകം മുഴുവന്‍ ആശ്വാസനിശ്വാസമുതിര്‍ക്കുകയാണ്... തായ്‌ലണ്ടിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും യാതൊരു പോറലും കൂടാതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതില്‍. 12 കുട്ടികളെയും കോച്ചിനെയും ഇന്നലെ പുറത്തെത്തിച്ചപ്പോള്‍ ലോകം ഒരു പുതുചരിത്രം രചിച്ചു. മനുഷ്യന് അസാധ്യമായി ഒന്നുമില്ല, പക്ഷേ, ഒരുമിച്ചു നില്‍ക്കണമെന്നു മാത്രം. ഒരുമിച്ചു നിന്നാല്‍ മനുഷ്യന് എന്തും കീഴടക്കാം. അതേ, അതാണു സത്യം, പുതു ചരിത്രവും അതുതന്നെ. തായ്‌ലണ്ടിന് പുറമേ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ ഏകോപിപ്പിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 13 ജീവനുകള്‍ക്ക് തുണയായത്. അത്യന്തം ദുര്‍ഘടമായിരുന്ന, ഒരു ഘട്ടത്തില്‍ തീര്‍ത്തും അസാധ്യമെന്നു കരുതിയ ദൗത്യമാണ് സംഘബലത്തില്‍ നേടിയെടുത്തത്.

ചൊവ്വാഴ്ചയാണ് ഗുഹയില്‍ ശേഷിച്ചിരുന്ന നാല് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. അപ്പോഴേക്കും കൂരിരുട്ടും വെള്ളവും നിറഞ്ഞ ആ ഗുഹയ്ക്കകത്ത് അവര്‍ 18 ദിനരാത്രങ്ങള്‍ പിന്നിട്ടിരുന്നു. ജൂണ്‍ 23ന് ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞെത്തിയ കുട്ടികളും പരിശീലകനും ഗുഹ കാണാന്‍ കയറുന്നതോടെയാണ് ദുരന്തത്തിന്റെ തുടക്കം. അപ്പോള്‍ മഴയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ഗുഹാമുഖം അടഞ്ഞു. കുട്ടികളുടെ ബൂട്ടും സൈക്കിളും ഗുഹയ്ക്ക് പുറത്തുകണ്ടതും ഗുഹാമുഖത്തുനിന്ന് ഇവരുടെ കാല്‍പ്പാടുകളും വിരലടയാളങ്ങളും കണ്ടെത്തുകയും ചെയ്തതോടെ കുട്ടികള്‍ ഗുഹയില്‍ക്കുടുങ്ങിയെന്ന് ഉറപ്പിച്ചു.


ഒമ്പത് ദിവസത്തെ തിരച്ചിലിനും കഠിന പരിശ്രമത്തിനുമൊടുവില്‍, ബ്രിട്ടീഷ് മുങ്ങല്‍വിദഗ്ധരായ ജോണ്‍ വോളന്റൈനും റിച്ചാര്‍ഡ് സ്റ്റാന്റനും കുട്ടികളെ കണ്ടെത്തി. ഗുഹാമുഖത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെ പാറക്കെട്ടില്‍ ഇരിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്നങ്ങോട്ട് അതിവേഗ പ്രവര്‍ത്തനങ്ങളായാിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ പരിശ്രമത്താല്‍ കുട്ടികളെ പുറത്തെത്തിച്ചു. മഴ കനക്കുമെന്ന് ഉറപ്പായതോടെ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തിയാണ് എല്ലാവരെയും രക്ഷിച്ചത്. ഞായറാഴ്ച അടിയന്തര രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചയും തിങ്കളാഴ്ചയും നാലുപേരെ വീതം പുറത്തെത്തിച്ചു. അവശേഷിച്ച അഞ്ചുപേരെ ചൊവ്വാഴ്ചയും പുറത്തെത്തിച്ചു.

ഇവര്‍ അഞ്ചുപേരെയും സ്‌ട്രെച്ചറുകളിലാണ് ഗുഹയില്‍നിന്ന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ചിയാങ് റായിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന തായ് നാവികസേനയിലെ മൂന്ന് അംഗങ്ങളും സൈനിക ഡോക്ടറും പുറത്തിറങ്ങിയതോടെ, ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്ന് പൂര്‍ത്തിയായി. തായ്‌ലാന്‍ഡ് പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ പുറത്തെത്തിച്ച എട്ടുപേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് ചെറിയതോതില്‍ അണുബാധ സംശയിക്കുന്നുണ്ട്. പതിനൊന്ന് മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഗുഹയില്‍കുടുങ്ങിയത്.

ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യമാരംഭിച്ചതു മുതല്‍ ഓരോ നീക്കവും ശ്വാസമടക്കിപ്പിടിച്ചാണ് ലോകം വീക്ഷിച്ചത്. ഓരോ കുട്ടിയും പുറത്തെത്തിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശ്വാസം...നെടുവീര്‍പ്പ്. വീണ്ടും അടുത്തയാളുടെ വരവിന് കാതോര്‍ത്ത് കാത്തിരിപ്പ്. കഴിഞ്ഞ 18 ദിവസങ്ങള്‍ തായ്‌ലാന്‍ഡിന് ഇങ്ങനെയായായിരുന്നു. 90 പേരടങ്ങുന്ന മുങ്ങല്‍വിദഗ്ധ സംഘമാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. കുട്ടികളെ ഗുഹയില്‍നിന്ന് പുറത്തെത്തിക്കാനായി ചെളിയും വെള്ളവും നിറഞ്ഞ ഗുഹയിലെ ഇരുട്ടിലേക്ക് ഊളിയിട്ടത് 13 അന്താരാഷ്ട്ര മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് നേവി അംഗങ്ങളുമുള്‍പ്പെടെ 18 പേര്‍. ഗുഹയ്ക്ക് പുറത്ത് സജ്ജരായി പൊലീസും സൈനികരുമുള്‍പ്പെടെ ആയിരത്തോളം പേരും. ഇവരുടെ പരിശ്രമമാണ് ആ പതിമ്മൂന്ന് ജീവനുകളെ തിരിച്ചുപിടിച്ചത്. ബ്രിട്ടന്‍, യു.എസ്., ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, സ്വീഡന്‍, മ്യാന്മാര്‍, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും സാങ്കേതിക വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തിന് തായ് നാവികസേനയ്‌ക്കൊപ്പം ചേര്‍ന്നു.


കൂരിരുട്ടില്‍ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളില്‍ ഒരാള്‍ക്കു കഷ്ടി നീങ്ങാന്‍ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടന്നും നാലു കിലോമീറ്റര്‍ പിന്നിടുക. കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികള്‍ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളില്‍ ആര്‍ക്കും നീന്തല്‍ പരിചയം ഇല്ലായിരുന്നു.

മുഖം മറയ്ക്കുന്ന സ്‌കൂബ മാസ്‌ക്, ഹെല്‍മറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തല്‍ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റര്‍ ദൂരത്തില്‍ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിള്‍ ആയിരുന്നു ദൗത്യസംഘാംഗങ്ങള്‍ക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്‌സിജന്‍ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.

താം ലുവാങ് ഗുഹയില്‍ കുട്ടികളും കോച്ചും കുടുങ്ങിയതറിഞ്ഞ നിമിഷം അവിടേക്കു പറന്നെത്തിയ ലോകമെങ്ങും നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോള്‍ ലോകത്തെ യഥാര്‍ത്ഥ ഹീറോകള്‍. തായ് നാവികസേനാംഗങ്ങള്‍, ഗുഹാവിദ്ഗധര്‍, മെഡിക്കല്‍ ടീമുകള്‍, പൊലീസ്, നീന്തല്‍ വിദഗ്ദ്ധര്‍, സാങ്കേതിക വിഭാഗത്തിലുള്‍പ്പെട്ടവര്‍, മറ്റു സഹായികള്‍ എന്നിങ്ങനെ ആയിരത്തി അഞ്ഞൂറോളം പേരാണ്, ഈ ദിവസങ്ങളിലത്രയും 13 വിലപ്പെട്ട ജീവനുകള്‍ക്കു വേണ്ടി ഗുഹാമുഖത്ത് രാവും പകലുമില്ലാതെ, വിശ്രമമറിയാതെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചത്. ഒപ്പം ഒട്ടേറെ നാട്ടുകാരും.

കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിനായി ഒരുങ്ങിയത് 90 അംഗ സംഘമാണ്. ഇവരില്‍ 50 പേര്‍ വിദേശികള്‍. 40 പേര്‍ തായ് നാവികസേനാംഗങ്ങള്‍. ഇവരിലെ അഞ്ചു തായ് നേവി സീല്‍ അംഗങ്ങളും മറ്റു രാജ്യങ്ങളില്‍നിന്നുള്ള 13 പേരും ചേര്‍ന്ന് മൂന്നുദിവസം കൊണ്ടു 13 പേരെയും പോറല്‍ പോലുമേല്‍ക്കാതെ പുറത്തെത്തിച്ചു. 'ഞാന്‍ വളരെ വളരെ സന്തുഷ്ടനാണ്. എല്ലാവരോടും നന്ദി പറയാന്‍ എനിക്കു വാക്കുകളില്ല' പതിമൂന്നാമത്തെ ആളെയും പുറത്തെത്തിച്ച ശേഷം രക്ഷാദൗത്യത്തിന്റെ മേധാവി നരോങ്‌സാക് ഒസാറ്റനാകോണ്‍ പറഞ്ഞു.

അതേസമയം രക്ഷാദൗത്യം അവസാനിക്കുമ്പോല്‍ 13 ജീവന്‍ രക്ഷിക്കാനായി ഒരു ജീവന്‍ പൊലിഞ്ഞ അവസ്ഥയുണ്ടായി. സമന്‍ കുനോന്ത് എന്ന 36കാരനാണ് അത്. രക്ഷാദൗത്യത്തിലെ ഒരേയൊരു രക്തസാക്ഷി. തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ സമന്‍ ദൗത്യത്തിനായി ഓടിയെത്തിയതായിരുന്നു. ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന്‍ മരിച്ചത്.

അവധിക്കാല യാത്ര മാറ്റിവച്ചാണ് ഓസ്‌ട്രേലിയക്കാരനായ ഡോ. റിച്ചാഡ് ഹാരിസ് തായ്‌ലന്‍ഡിലേക്കു പാഞ്ഞെത്തിയത്. നീന്തലിലും ഡൈവിങ്ങിലും വിദഗ്ധനായ ഹാരിസിന്റെ സേവനം രക്ഷാസംഘത്തിനു വലിയ ആശ്വാസമായിരുന്നു. ഇദ്ദേഹമാണ് ഗുഹയ്ക്കുള്ളിലെത്തി കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചതും പുറത്തേക്കു കൊണ്ടുവരേണ്ടവരുടെ ക്രമം നിശ്ചയിച്ചതും.

............................................................................................................................

Tags: Rescue at Thai cave, all 12 students and the football coach are rescued, the biggest rescue operation in the world, all are alive, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.