Header Ads

ഒളിവില്‍ കഴിഞ്ഞിരുന്ന കുന്നത്തുകളത്തില്‍ ജൂവലറി ഉടമകള്‍ അറസ്റ്റില്‍രണ്ടായിരത്തോളം പേരുടെ ജീവിത സമ്പാദ്യം അടിച്ചു മാറ്റി മുങ്ങിയ കോട്ടയത്തെ കുന്നത്തുകളത്തില്‍ ജൂവലറി ഉടമകളെ പോലീസ് അറസ്റ്റു ചെയ്തു. ഒളുവില്‍ പോയി ഒരു മാസം തികയും മുമ്പേയാണ് ഇവരെ അറസ്റ്റു ചെയ്തത്. കുന്നത്തുകളത്തില്‍ പണമിടപാടു സ്ഥാപനങ്ങളുടെയും ജൂവലറികളുടെയും ഉടമ കെ.വി.വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ.ജയചന്ദ്രന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. നിക്ഷേപകരെ വഞ്ചിച്ചു മുങ്ങിയ കേസില്‍ പിടിയിലായ മുതലാളിമാരില്‍ നിന്ന് നഷ്ടപ്പെട്ട പണം പൊലീസ് വാങ്ങി നല്‍കുമെന്നാണ് പണം നഷ്ടമായവരുടെ പ്രതീക്ഷ. 

ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയത്. സ്വത്തുക്കളെല്ലാം ബിനാമി പേരിലേക്ക് മാറ്റിയ ശേഷമാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഇവരെ അറസ്റ്റു ചെയ്തതോടെ സ്വത്തുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന വിശ്വനാഥന്റെ മറ്റൊരു മകള്‍ ജിത്തു, മരുമകന്‍ ഡോ.സുനില്‍ ബാബു എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ആകെ 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 150 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് കണക്ക്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തല്‍. ഇവരില്‍ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വനാഥനും കുടുംബവും തട്ടിച്ചെടുത്തത് 200 കോടി കവിയുമെന്നാണ് വിലയിരുത്തല്‍. ഈ പണമെല്ലാം ബിനാമി പേരില്‍ ഇവര്‍ നിക്ഷേപിച്ച ശേഷമാണ് സ്ഥാപനം പൊളിഞ്ഞെന്ന് പ്രചരിപ്പിച്ചതെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. വേണ്ട വിധം ചോദ്യം ചെയ്താല്‍ പണം എങ്ങോട്ട് മാറ്റിയെന്ന് മനസ്സിലാക്കാനാകുമെന്ന് നിക്ഷേപകര്‍ പറയുന്നു.

മകള്‍ നീതുവിനെയും ഭര്‍ത്താവ് ഡോ ജയചന്ദ്രനെയുമാണ് ആദ്യം പിടികൂടിയത്. തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നുമാണ് പോലീസ് ഇവരെ പൊക്കിയത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നും വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവര്‍ ഇതോടെ നെട്ടോട്ടമായി. സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭവും തുടങ്ങി. ആറുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ തൃശൂരിലും പരിസരത്തുമുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ഏതാനും ദിവസമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചിട്ടിക്കമ്പനിപൊട്ടി പാപ്പര്‍ ഹര്‍ജി നല്‍കിയ കുന്നത്തുകളത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സബ് കോടതി റീസീവറെ നിയമിച്ചിട്ടുണ്ട്.

ഒളിവില്‍ പോകുന്നതിനു മുന്നോടിയായി കുന്നത്തുകളത്തില്‍ ജൂവലറിയുടെ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകള്‍ അടച്ചിടുകയായിരുന്നു. കമ്പനി പൊളിഞ്ഞതായും പാപ്പരായതായും മാധ്യമങ്ങളില്‍ കമ്പനി ഉടമ കെ.വി. വിശ്വനാഥ(68)ന്‍ പരസ്യവും നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ ഒലിവില്‍ പോയത്. ഇതോടെ പൊലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരുന്നു. കോടതിയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതു വരെ മാത്രം 22 കോടി രൂപയുടെ ബാധ്യത ചിട്ടി ഉടമയ്ക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അതിനിടെ വിശ്വനാഥനേയും കുടുംബത്തേയും കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലും സജീവമാണ്. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാര്‍ത്ത പരന്നതോടെ കുന്നത്തുകളത്തില്‍ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നില്‍ ഇടപാടുകാരായ നിരവധി പേര്‍ തടിച്ചുകൂടി.

കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരില്‍നിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭര്‍ത്താവും പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതായും അറിയാന്‍ സാധിച്ചത്. നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വന്‍കിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്‍ത്തിക്കുന്നതും. സ്വര്‍ണ്ണക്കടകൂടാതെ കുന്നത്തുകളത്തില്‍ ഫിനാന്‍സും, ചിട്ടിഫണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവര്‍ക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര്‍ ജംഗ്ഷനിലെ സി.എസ്‌ഐ ബില്‍ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവര്‍ക്കു ഓഫിസുകള്‍ നിലവിലുണ്ട്.

കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകള്‍. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാന്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു.

...................................................................................................................................

Tags: Kunnathukalathil jewelers owners arrested, Police arrested the owners of Kunnathukalathil Jewelers, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.