Header Ads

ഡബിള്‍ ഹോഴ്‌സിന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന ജെസി നാരായണനെതിരെ പ്രതികാര നടപടികള്‍തവിടും തവിടെണ്ണയും ചേര്‍ത്ത് പച്ചരി മട്ടയരിയാക്കി മാറ്റി ഉപഭോക്താക്കളെ കബളിപ്പിച്ച് കോടികള്‍ കീശയിലാക്കിയ ഡബിള്‍ ഹോഴ്‌സ് ഉടമകള്‍ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്ന വീട്ടമ്മയ്‌ക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. ജെസി നാരായണന്‍ എന്ന വീട്ടമ്മയോട് 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡബിള്‍ ഹോഴ്‌സ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ജെസി നാരായണന്‍ മൂലം ആളുകള്‍ കൂട്ടത്തോടെ ഡബിള്‍ ഹോഴ്‌സിനെ കൈവിട്ടെന്നും കമ്പനി പരാതി പറയുന്നു.

ഡബിള്‍ ഹോഴ്‌സിന്റെ പൊടിയരിയിലെ മായമാണ് ജെസി പുറത്തു കൊണ്ടു വന്നത്. ജെസി നാരായണന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ എങ്ങനേയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഡബിള്‍ ഹോഴ്‌സിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ രാജമാണിക്യം ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പരാതിക്കാരെ സമ്മര്‍ദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനുമാണ് ഡബിള്‍ ഹോഴ്‌സ് ഉടമയുടെ ശ്രമം. 20 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമയ്ക്ക് നോട്ടീസും അയച്ചു. എന്നിട്ടും ജെസിയെ പിന്തരിപ്പിക്കാന്‍ ഡബിള്‍ ഹോഴ്‌സ് ഉടമയ്ക്ക് ആയില്ല. ലാബ് ഫലം വന്നതോടെ ഡബിള്‍ ഹോഴ്‌സിന്റെ കള്ളം പൊളിയുകയും ചെയ്തു. 

ജെസിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് പൊലീസില്‍ കേസു കൊടുക്കാനും കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുമുള്ള നീക്കങ്ങളാണ്. ഇവരുടെ ഫെയ്‌സ് ബുക്കിലെ വീഡിയോ നിമിത്തം കമ്പനിക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസും അയച്ചത്. തവിട് കലര്‍ത്തിയ പച്ചരിയാണ് മട്ടയരിയെന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത് എന്ന് തെളിഞ്ഞിട്ടും കേസുമായി മുന്നോട്ടു പോവുകയാണ് ഡബിള്‍ ഹോഴ്‌സ്. ഈ തട്ടിപ്പിലൂടെ കോടികളുടെ ലാഭമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. ജെസിയുടെ വീഡിയോ വന്നപ്പോള്‍ തന്നെ ഇവരുടെ പൊടിയരി വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് ജെസി പറയുന്നത് ഇങ്ങനെ. 'കുഞ്ഞുങ്ങളേ മാപ്പ്! അമ്മിഞ്ഞപ്പാലിലും വിഷമാണു പൈതലേ.. മാപ്പിരക്കുന്നു ഞാനമ്മയാം ദ്രോഹി! അന്നത്തിലും വിഷംകലര്‍ത്തുന്ന ഈ ലോകത്തിരുന്ന് ഇങ്ങനെ പറയാന്‍ മാത്രമേ കേവലം ഒരമ്മയായ എനിക്കിപ്പോള്‍ ആവുന്നുള്ളൂ. ഇക്കഴിഞ്ഞ ജൂലൈ 7ന് വൈകിട്ട് അത്താഴത്തിന് കഞ്ഞിവെക്കാന്‍ നുറുക്കരി കഴുകുകയായിരുന്നു ഞാന്‍. പതിമൂന്നു വയസുള്ളപ്പോള്‍ എന്റെ അമ്മ പഠിപ്പിച്ചുതന്നതുപോലെ മൂന്നു തവണ അരി കഴുകി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ പ്രതിഭാസം കണ്ടത്. തവിടു മുഴുവനായും ഒലിച്ചുപോയി. എന്റെ വീട്ടില്‍ മുമ്പ് നെല്‍ക്കൃഷിയുണ്ടായിരുന്നതുകൊണ്ട് തവിടിനെക്കുറിച്ച് നന്നായറിയാം. സ്വാഭാവിക തവിട് മൂന്നു തവണ കഴുകിയാലും ഇളകിപ്പോകില്ല. അതിന്റെ കാടിയും കഞ്ഞിവെള്ളവുമൊക്കെ എത്ര കണ്ടിട്ടുള്ളതാണ്.

മട്ടയരി തുമ്പപ്പൂപോലെ വെളുത്തതുകണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഉള്ളൂരിലെ കാരുണ്യാ ഗൈഡന്‍സ് സെന്ററിലെ ക്യാന്‍സര്‍ രോഗികളായ കുട്ടികളെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ആ സ്ഥാപനത്തിലെ രോഗികളെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാറുണ്ട്. കീമോ തെറാപ്പിക്കായി ദൂരസ്ഥലത്തുനിന്നു വന്ന് താമസിക്കുന്ന ആ കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം അവരുടെ അമ്മമാര്‍ നല്‍കുന്നത് പൊടിയരിക്കഞ്ഞിയാണ്. പണ്ടുമുതല്‍ക്കേ കേരളീയര്‍ വയ്യാത്തവര്‍ക്കു കൊടുക്കുന്ന നേര്‍ത്ത ആഹാരമാണല്ലോ പൊടിയരിക്കഞ്ഞി. അമ്മിഞ്ഞപ്പാലുപോലെ വിശ്വസിക്കാവുന്ന പൊടിയരിക്കഞ്ഞിയിലും മായമുണ്ടെന്നറിയുമ്പോള്‍ പിന്നെ ക്യാന്‍സര്‍രോഗികളായ ആ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ എന്തു കൊടുക്കാനാണ്?

അന്നത്തിലും മായം കലര്‍ത്തുന്ന ഈ പ്രവണത അറിഞ്ഞിട്ടും അറിയാത്തവര്‍ക്കിടയില്‍, കണ്ടിട്ടും കാണാത്തവര്‍ക്കിടയില്‍ ഒരു വീട്ടമ്മയ്ക്ക് എന്തു ചെയ്യാനാകും? എന്നിലെ ജേര്‍ണലിസ്റ്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഒരു പോംവഴി തോന്നിയത് ഭക്ഷ്യസുരക്ഷാ കമ്മീണറെ അറിയിക്കുക എന്നതാണ്. അദ്ദേഹം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ നേരത്തേ മനസിലാക്കിയിരുന്നു. അതിനുവേണ്ടിയാണ് ആ വീഡിയോ തയ്യാറാക്കിയത്. എന്റെ കുട്ടികള്‍ ആ വീഡിയോ അവരുടെ സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. നേരം ഇരുട്ടിവെളുത്തപ്പോഴേക്കും വീഡിയോ വൈറലായി.

ഒരു വശത്ത് നുറുക്കരിക്കമ്പനിക്കാര്‍ തന്ത്രം മെനയാന്‍ തുടങ്ങിയപ്പോള്‍ മറുവശത്ത് എല്ലാ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍നിന്നും പ്രസ്തുത അരി നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പ് അതിവേഗം നടപടി ആരംഭിച്ചതോടെ ചില പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വാര്‍ത്ത പുറത്തുകൊണ്ടുവന്നു. ഇതിനു സമാന്തരമായി കമ്പനി പല രീതിയിലുള്ള നടപടികള്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരുന്നു. ബ്രാന്റുപോരിന്റെ ഭാഗമായിട്ടാണ് വീട്ടമ്മ വീഡിയോ ഇറക്കിയതെന്നു കാണിച്ച് സോഷ്യല്‍ മീഡിയയിലും മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലും വാര്‍ത്ത കൊടുത്തു. ഞാന്‍ മൗനം പാലിച്ചതേയുള്ളൂ. അടിസ്ഥാനമില്ലാതെയാണ് ഞാന്‍ കമ്പനിയുടെ ഉല്പന്നത്തെ ചോദ്യംചെയ്തതെന്നായിരുന്നു അവരുടെ ആരോപണം.

പൊലീസില്‍ കേസു കൊടുക്കാനും കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുമുള്ള നീക്കങ്ങള്‍ അവര്‍ നടത്തി. എന്റെ വീഡിയോ നിമിത്തം കമ്പനിക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചു. നമ്മുടെ നാട്ടില്‍ അഴിമതി തടയാന്‍ ഗവണ്‍മെന്റിന് സംവിധാനങ്ങളുണ്ട്. നിയമങ്ങളുമുണ്ട്. പക്ഷേ, സാധാരണക്കാര്‍ക്ക് നിയമയുദ്ധം നടത്തി വിജയം നേടണമെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. ഇത്രയും വലിയ തുക അടയ്ക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് ജയില്‍ശിക്ഷ അനുഭവിക്കാനാവും എന്റെ വിധി. എനിക്കതില്‍ അഭിമാനമേയുള്ളൂ. കാരണം ക്യാന്‍സര്‍രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ അനുഭവിക്കുന്ന വേദന കാണുമ്പോള്‍ ആ ശിക്ഷ എത്ര നിസാരം.

ഇതിനിടയിലാണ് സാമ്പിള്‍ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. വെള്ള അരിയില്‍ തവിടും തവിടെണ്ണയും ചേര്‍ത്തുപിടിപ്പിച്ച് മാര്‍ക്കറ്റില്‍ ഇറക്കിയ പൊടിയരിയായിരുന്നു അത്. ഭക്ഷ്യസുരക്ഷാ കമ്മീഷന് ആയിരം നന്ദി. എന്താണ് സംഭവിച്ചതെന്ന് അവര്‍ കണ്ടെത്തിക്കഴിഞ്ഞല്ലോ. എങ്കിലും അന്നത്തില്‍ വിഷം കലര്‍ത്തുന്ന ഈ ലോകത്ത് അമ്മമാരായ ഞങ്ങള്‍ നിസ്സഹായരാണ്. കുഞ്ഞുങ്ങളേ മാപ്പ്!'

..............................................................................................................................................

Tags: Double Horse, Jessy Narayanan, poisoning the rice, Double horse changed white rice into branded Matta rice, Double horse sent court notice to Jessy Narayanan for unfolding poisoning food items, Malayalam news, thamasoma, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.