Header Ads

മലബാര്‍ സിമന്റ്‌സ് അഴിമതി; മുഖ്യസാക്ഷി ശശീന്ദ്രന്റെ ഭാര്യയും മരിച്ചു; സ്വാഭാവികമായ അസ്വോഭാവിക മരണം


Picture courtesy: Manoramaonline

ചാക്ക് രാധാകൃഷ്ണന്‍ പ്രതിയായ, 400 കോടിയുടെ മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ മുഖ്യസാക്ഷിയും മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ ഭാര്യയുമായ ടീനയും മരിച്ചു. ശശീന്ദ്രനും രണ്ടുമക്കളും ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. ഇപ്പോഴിതാ, ആ കുടുംബത്തില്‍ അവശേഷിച്ച വ്യക്തിയും കൂടി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരിക്കുന്നു. കൊച്ചിയിലെ ഫഌറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ടീനയുടെ മരണം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. രണ്ട് വൃക്കകളും തകരാറിലായാണ് ടീന മരിച്ചതെന്ന് പറയുമ്പോഴും ഭരണത്തിലെ ഉന്നതര്‍ ആരോപണ വിധേയരായ 400 കോടിയുടെ അഴിമതി കേസിലെ നിര്‍ണായക സാക്ഷിയുടെ കൊലപാതകത്തെ കുറിച്ചു അറിവുള്ള ഒരു വ്യക്തി കൂടിയാണ് ദുരൂഹ സാഹചര്യത്തില്‍ വീണ്ടും മരിക്കുന്നത്.

മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഈ കേസില്‍ ആരോപണ വിധേയനാണ്. വി എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍ പ്രതിയും. ഈ അഴിമതി കേസുമായി ടീനയുടെ മരണത്തിന് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പു പനിയെത്തുടര്‍ന്ന് അവധിയെടുത്ത ടീന മടങ്ങി വരാഞ്ഞതിനെത്തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണു കൊച്ചിയിലെ ഫഌറ്റില്‍ അവശനിലയില്‍ ഇവരെ കാണപ്പെട്ടത്. അവിടം മുതാണ് ദുരൂഹതകള്‍ നിറയുന്നത്. തുടര്‍ന്നു കൊച്ചിയിലെ ബന്ധുവിന്റെ സഹായത്തോടെ കോയമ്പത്തൂരിലെ വീട്ടിലേക്കു കൊണ്ടുപോകുകയാണ് ഉണ്ടായത്. കൊച്ചിയില്‍ മികച്ച സേവനം ലഭിക്കുന്ന ആശുപത്രികള്‍ ഉണ്ടയിട്ടും എന്തുകൊണ്ടാണ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതെന്നാണ് ദുരൂഹതകളുയര്‍ത്തുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും തലച്ചോറില്‍ അണുബാധയുണ്ടാകുകയും ചെയ്തതോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് കോവൈ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ശശീന്ദ്രന്റെ ദുരൂഹമരണവും സിബിഐ അന്വേഷിക്കുന്നതിനിടെയാണു ശശീന്ദ്രന്റെ കേസിലെ സാക്ഷി കൂടിയായ ടീനയുടെ മരണം. ഭര്‍ത്താവിന്റെയും രണ്ടു മക്കളുടെയും മരണത്തോടെ ഒറ്റപ്പെട്ട ടീന ഏഴു വര്‍ഷമായി കൊച്ചിയില്‍ ജിയോജിത് സെക്യൂരിറ്റീസില്‍ അക്കൗണ്ട്‌സ് വിഭാഗം മാനേജരായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജോലിയുടെയും പഠനത്തിന്റെയും തിരക്കു കൊണ്ട് ഏകാന്തതയെ മറികടന്ന അവര്‍ കമ്പനി സെക്രട്ടറിഷിപ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി യോഗ്യതകള്‍ നേടിയിരുന്നു.

ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും 2011 ജനുവരി 24നാണു മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ടു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച 1.26 കോടി രൂപയുടെ അഞ്ചു കേസുകളിലെ പ്രധാന സാക്ഷിയായിരുന്നു അദ്ദേഹം. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ടീനയുടെ നിലപാടാണു സിബിഐ അന്വേഷണത്തിനു വഴി തുറന്നത്.

ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ശശീന്ദ്രന്റെ ബന്ധുക്കള്‍ ആരോപിക്കുമുണ്ട്. മലബാര്‍ സിമന്റ്‌സ് കേസുകളിലെ സാക്ഷികളില്‍ പലരുടെയും മരണത്തില്‍ ദുരൂഹതയുണ്ട്. ടീനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. സിബിഐ കേസുകളില്‍ ഉള്‍പ്പെടെ നിര്‍ണായക സാക്ഷിയായിരുന്നു അവര്‍. ഹൈക്കോടതി, വിജിലന്‍സ് ആസ്ഥാനം, മലബാര്‍ സിമന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നു രഹസ്യരേഖകള്‍ കടത്തിയത് ഒരേ സംഘമാണെന്ന ആക്ഷേപം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്റ്റ്രാര്‍ക്കും പരാതി നല്‍കിയിരിക്കെയാണു മരണം. ഇക്കാര്യവും കോടതിയെ അറിയിക്കുമെന്നും ശശീന്ദ്രന്റെ സഹോദരന്‍ വി.സനല്‍കുമാര്‍ പറഞ്ഞു. അതേ സമയം, ദുരൂഹതയോ സംശയങ്ങളോ ഇല്ലെന്നു ടീനയുടെ മാതാപിതാക്കള്‍ പറഞ്ഞു.

എല്ലാ ആഴ്ച്ചകിലും അച്ഛനമ്മമാരെ കാണാന്‍ കൊച്ചിയില്‍ നിന്നും പോത്തനൂര്‍ ചെട്ടിപ്പാളയം റോഡിലെ 'പ്രണവ'ത്തില്‍ ടീന എത്തുമായിരുന്നു. എന്നാല്‍, മൂന്നാഴ്ചയായി വന്നില്ല. ജോലിത്തിരക്കാണ് കാരണം പറഞ്ഞതെന്നും വീട്ടുകാര്‍ പറയുന്നു. മരുന്നു കഴിച്ചിട്ടും പനി മാറാത്തതിനാല്‍ പിറ്റേന്നു രാവിലെ പോത്തനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി തലച്ചോറിനെ ബാധിച്ചെന്നു കണ്ടെത്തിയതോടെ വൈകിട്ടു കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടു വിദഗ്ധ ചികില്‍സയ്ക്കു കോവൈ മെഡിക്കല്‍ സെന്ററിലേക്കു മാറ്റുമ്പോള്‍ നില വഷളായിരുന്നു. ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ച ടീനയെ പിന്നീടു വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ 3.10നു മരണം സ്ഥിരീകരിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ടീനയുടെ അച്ഛന്‍ ബാലന്‍ പോത്തനൂര്‍ റെയില്‍വേ എല്‍ ആന്‍ഡ് ടി വര്‍ക്ഷോപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 56 വര്‍ഷമായി പോത്തനൂരിലാണ് താമസം. ടീനയുടെ സഹോദരന്‍ രാജേഷ് കോയമ്പത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി രണ്ടിനു രാത്രിയാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും തുടര്‍ന്നു ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐയ്ക്കു വിട്ടു.

സംഭവവുമായി ബന്ധപ്പെട്ടു മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി എം. രാധാകൃഷ്ണനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി 2013 മാര്‍ച്ച് 19നു സിബിഐ അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുന്‍പു കടുത്ത മാനസിക സമ്മര്‍ദത്തിലാക്കി നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

കുറ്റപത്രം രണ്ടുതവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബര്‍ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയില്‍, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകള്‍ കൂടി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഭരണത്തിലെ ഉന്നതര്‍ ആരോപണ വിധേയരായ കേസില്‍ തുടക്കം മുതല്‍ ദുരൂഹതകളുണ്ടായിരുന്നു. ശശീന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം വിരല്‍ചൂണ്ടിയതു കൊലപാതകത്തിലേക്കായിരുന്നു. ഈ കേസിലെ നിര്‍ണായക സാക്ഷി കൂടിയാണ് ഇപ്പോള്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. അതു തന്നെയാണ് മരണത്തിലെ ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുന്നതും.

.............................................................................................................................

Tags: Malabar cements scam, death of Teena, Chakk Radhakrishnan, Ex minister Ilamaram Karim, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.