Header Ads

പ്രതിഷേധം വിലപ്പോയില്ല, അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി



സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു. പുരസ്‌കാര ദാനചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ക്ഷണിച്ചതിനെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ പുരസ്‌ക്കാര ചടങ്ങിനെ വേദിയാക്കുന്നു എന്നു മനസിലാക്കിയ മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. ഇതോടെ അദ്ദേഹം നേരിട്ടാണ് വിവാദം തീര്‍ക്കാര്‍ സാംസ്‌കാരിക മന്ത്രിയോട് അവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രിയും എ കെ ബാലനും മോഹന്‍ലാലിനോട് ചടങ്ങിനെത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ, സര്‍ക്കാരുമായി താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 

ഏതെങ്കിലും വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ പരസ്പരം ശത്രുത തീര്‍ക്കാനുള്ള വേദിയല്ല സര്‍ക്കാരിന്റെ ചടങ്ങ്. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും ചടങ്ങില്‍ ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ല. ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടു യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍, തങ്ങള്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്നു മാത്രമാണു നിവേദനത്തില്‍ ആവശ്യപ്പെട്ടതെന്നും ചലച്ചിത്ര കൂട്ടായ്മയിലെ ചിലര്‍ വിശദീകരിച്ചു. 'മുഖ്യാതിഥി വേണ്ടെന്ന നിലപാടിനെ മോഹന്‍ലാലിനെതിരായുള്ള നിവേദനമാക്കി മാറ്റിയതു മാധ്യമങ്ങളാണ്,' പ്രതിഷേധക്കാര്‍ വിശദീകരിക്കുന്നു. മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ ഭീമഹര്‍ജിയില്‍ തങ്ങളുടെ അനുമതിയില്ലാതെ പേരു കൂട്ടിച്ചേര്‍ത്തതാണെന്നും തങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടില്ലെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും പറഞ്ഞതോടെയാണ് നീക്കങ്ങള്‍ പൊളിഞ്ഞത്.


........................................................................................................................

Tags: Controversy in state film award 2018, Mohanlal will be the chief gust in state film award, biggest set back for the protesters, Malayalam news, Kerala news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.