Header Ads

കുട്ടനാട്ടിനെ രക്ഷിക്കാന്‍ യൂസഫലിയും കല്യാണരാമനും തുക നല്‍കുന്നത് ആര്‍ക്ക്? മനോരമയ്‌ക്കോ മാതൃഭൂമിക്കോ, അതോ സര്‍ക്കാരിനോ...??



കാലവര്‍ഷക്കെടുതിയില്‍ കുട്ടനാടിനുണ്ടായ സമാനതകളില്ലാത്ത ദുരിതങ്ങളും നഷ്ടങ്ങളും പരിഹരിക്കുന്നതിന് 50 ലക്ഷം രൂപ നല്‍കാമെന്ന് കല്ല്യാണ്‍ ഗ്രൂപ്പ് ഉടമ കല്ല്യാണരാമനും ഒരുകോടി രൂപ നല്‍കാമെന്ന് ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയും അറിയിച്ചു. എന്നാല്‍, ഈ തുക തങ്ങളുടെ ദുരിതാശ്വാസ സംരംങങ്ങള്‍ക്കാണ് നല്‍കിയതെന്ന് മാതൃഭൂമിയും മനോരമയും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. കൂടെയുണ്ട്, നാട് എന്ന പേരില്‍ മനോരമയും കുട്ടനാട്ടിന് കൈതാങ്ങ് എന്ന പേരില്‍ മാതൃഭൂമിയും കുട്ടനാടിനെ സഹായിക്കാന്‍ നേരത്തെ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. 

എന്നാല്‍ പത്രങ്ങളുടെ അവകാശ വാദം ശരിയാണെങ്കില്‍ യൂസഫലി രണ്ട് പേര്‍ക്കുമായി ഓരോ കോടി വീതവും (ആകെ രണ്ടു കോടി രൂപ) കല്യാണരാമന്‍ 50 ലക്ഷം വീതം രണ്ടു പേര്‍ക്കും (ആകെ 1 കോടി രൂപ) നല്‍കണം. പക്ഷേ, യൂസഫലിയുടെയും കല്യാണരാമന്റെയും പ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഈ വ്യവസായികള്‍ പണം നല്‍കുന്നത് ആര്‍ക്ക്...? മാതൃഭൂമിക്കോ മനോരമയ്‌ക്കോ അതോ സര്‍ക്കാരിനോ...???

അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. ഈ നാടിനെ സഹായിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറായ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം നല്‍കുമെന്നു പ്രഖ്യാപിച്ചു. മനോരമ തുടങ്ങിവച്ച 'കൂടെയുണ്ട്, നാട്' പദ്ധതിയിലേക്കുള്ള തുക വെള്ളിയാഴ്ച കൈമാറും. 50 ലക്ഷം രൂപ നല്‍കുമെന്നു കല്യാണ്‍ ജൂവലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമനും അറിയിച്ചെന്നാണ് മനോരമയുടെ വാര്‍ത്ത. വെള്ളപ്പൊക്കത്തില്‍ ദുരിതക്കയത്തിലായ കുട്ടനാടിനെ സഹായിക്കാനുള്ള മാതൃഭൂമിയുടെ 'കുട്ടനാടിന് ഒരു കൈത്താങ്ങ്' സംരംഭത്തിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങിയെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഒരുകോടി രൂപ നല്‍കുമെന്നാണ് മാതൃഭൂമിയുടെ വാര്‍ത്ത. വെള്ളിയാഴ്ച തുക കൈമാറും. ഇതിനൊപ്പം കല്യാണ രാമന്റേയും വാര്‍ത്തയുണ്ട്. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്.

തുക കൈമാറുന്നത് മുഖ്യമന്ത്രിക്കാണ്. പത്രമുതലാളിമാര്‍ക്കല്ല. ഈ തുക മുഖ്യമന്ത്രി പത്രമുതലാളിമാര്‍ക്കു നല്‍കുമോ...? അതോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണോ തുക പോവുക...?? അങ്ങനെയെങ്കില്‍ മനോരമയും മാതൃഭൂമിയും അതില്‍ അവകാശവാദമുന്നയിച്ചിട്ട് എന്തു കാര്യം...?? 

ദുരിതബാധിതര്‍ക്ക് നല്‍കാന്‍ നടന്‍ ജയറാമും ഭാര്യ പാര്‍വതിയും ചേര്‍ന്ന് രണ്ടര ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങളും ശുദ്ധജലവും എത്തിച്ചെന്ന് മനോരമ പറയുന്നു. ഇന്നു തിരഞ്ഞെടുത്ത ക്യാംപുകളിലെത്തി പാര്‍വതി നേരിട്ട് വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് കേന്ദ്രമായ ബോബി ബുക്സ് എക്സാം വിന്നര്‍ ഒരുലക്ഷം രൂപ മനോരമയ്ക്കു കൈമാറി. മനോരമയുടെ നേതൃത്വത്തില്‍ സംഭരിച്ച ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും ഇന്നലെ കുട്ടനാട്ടിലെ ഇരുപതോളം ക്യാംപുകളില്‍ വിതരണം ചെയ്തു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, ശുദ്ധജലം, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് എത്തിച്ചത്. കുട്ടനാടിനു കൈത്താങ്ങേകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മലയാള മനോരമയുമായി കൈകോര്‍ക്കാമെന്നും അവര്‍ പറയുന്നു. സമാനമായ രീതിയില്‍ മാതൃഭൂമിയും വാര്‍ത്ത നല്‍കുന്നുണ്ട്. 

....................................................................................................................................

Tags: Kalyan Group Owner Kalyana Raman, Lulu group Owner Yusufali, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.