Header Ads

വെടക്കാക്കി പുറത്താക്കാനുള്ള നീക്കം പാളി, മോഹന്‍ലാലിനെതിരെ ഒപ്പിട്ടവര്‍ പ്രതിരോധത്തില്‍



മോഹന്‍ലാലിന്റെ ഇമേജ് തകര്‍ത്ത് മോശക്കാരനാക്കി പുറത്താക്കാന്‍ ചിലര്‍ നടത്തിയ നീക്കം പാളി. കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് മോഹന്‍ലാലിനെ എങ്ങനെയും അവാര്‍ഡു ദാനച്ചടങ്ങില്‍ പങ്കെടുപ്പിച്ചേ തീരു എന്ന വാശിയില്‍ സര്‍ക്കാരും. ചടങ്ങില്‍ മോഹന്‍ലാല്‍ ഉണ്ടായിരിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് അവാര്‍ഡു ജേതാവ് ഇന്ദ്രന്‍സും. ഇതോടെ, മോഹന്‍ലാലിനെതിരെ സംഘടിച്ചവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പഴി മാധ്യമങ്ങളില്‍ കെട്ടിവച്ച് തടിതപ്പാന്‍ ശ്രമിക്കുകയാണ് ലാലിനെതിരെ സംഘം ചേര്‍ന്നവര്‍. 

അവാര്‍ഡുദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കുന്ന ഔദ്യോഗിക ക്ഷണപത്രം സര്‍ക്കാര്‍ അദ്ദേഹത്തിന് ഇന്ന് കൈമാറും. പക്ഷേ, ഈ ക്ഷണപ്പത്രം മോഹന്‍ലാല്‍ സ്വീകരിക്കുമോ എന്നത് സംശയകരമാണ്. ചലച്ചിത പുരസ്‌കാര സമര്‍പ്പണ ചടങ്ങിന്റെ ശോഭ മോഹന്‍ലാലിന്റെ സാന്നിധ്യം മൂലം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത് എന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 'ഏതെങ്കിലും വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ പരസ്പരം ശത്രുത തീര്‍ക്കാനുള്ള വേദിയല്ല സര്‍ക്കാരിന്റെ ചടങ്ങ്. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും ചടങ്ങില്‍ ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ല. ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടു യോജിപ്പില്ല,' മന്ത്രി വ്യക്തമാക്കി.

ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുത് എന്നാവശ്യപ്പെട്ട് ആരും സര്‍ക്കാരിന് ഇതേവരെ നിവേദനം നല്‍കിയിട്ടില്ലെന്നും ലാലിനുള്ള ക്ഷണം ഇന്നു കൈമാറുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്കു മോഹന്‍ലാലിനെ മന്ത്രി ബാലന്‍ ക്ഷണിച്ചിരുന്നു. അന്ന് 'ഒടിയന്‍' സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നു. അടുത്ത വര്‍ഷം വരാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണു മന്ത്രി ബാലന്‍ വീണ്ടും ക്ഷണിച്ചത്. എന്നാല്‍ ഔദ്യോഗികമായി കത്ത് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മോഹന്‍ ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിലീപിനെ പിന്തുണച്ച മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ചലച്ചിത്ര അക്കാദമയിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബീനാ പോളിന്റെ നിലപാടിനെ അക്കാദമിയും പിന്തുണയ്ക്കുന്നില്ല.

എന്നാല്‍, മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി അല്ലാതെ മറ്റൊരു മുഖ്യാതിഥി വേണ്ടെന്നു മാത്രമാണു നിവേദനത്തില്‍ ആവശ്യപ്പെട്ടതെന്നും ചലച്ചിത്ര കൂട്ടായ്മയിലെ ചിലര്‍ വിശദീകരിച്ചു. മുഖ്യാതിഥി വേണ്ടെന്ന നിലപാടിനെ മോഹന്‍ലാലിനെതിരായുള്ള നിവേദനമാക്കി മാറ്റിയതു മാധ്യമങ്ങളാണെന്നും അവര്‍ കുറ്റപ്പെടുത്തി. അങ്ങനെ ദിലീപിന്റെ പേരില്‍ മോഹന്‍ലാലിനെ മാറ്റാനുള്ള നീക്കം പൊളിഞ്ഞതോടെ എല്ലാ കുറ്റവും മാധ്യമങ്ങള്‍ക്ക് മേല്‍ ചാരുകയാണ് ഒപ്പിട്ടവര്‍. മോഹന്‍ലാലിനെ കരുതികൂട്ടി കരിവാരി തേയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇത്. മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ ഭീമഹര്‍ജിയില്‍ തങ്ങളുടെ അനുമതിയില്ലാതെ പേരു കൂട്ടിച്ചേര്‍ത്തതാണെന്നും തങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടില്ലെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജും ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും പറഞ്ഞതോടെയാണ് നീക്കങ്ങള്‍ പൊളിഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന രണ്ടാമത്തെ സംഘടിത നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങിലെ വിവാദങ്ങള്‍. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റതിനു ശേഷം ഒരു യോഗം നടത്തിയിരുന്നു. ഈ യോഗത്തിനു ശേഷമാണ് ആദ്യത്തെ ആക്രമണമുണ്ടായത്. അമ്മ യോഗത്തിനു ശേഷം മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. 

'മോഹന്‍ലാല്‍ രാജ്യത്തിന്റെ അഭിമാനമാണെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്കു കഴിയില്ല. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിര്‍പ്പു ഞാന്‍ നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നു,' പ്രകാശ് രാജ് പറയുന്നു. 

പ്രമുഖ നടന്മാരെ അവാര്‍ഡ് ചടങ്ങില്‍ അതിഥിയാക്കുന്നതു മുന്‍പും ചെയ്തിട്ടുണ്ടെന്നു ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. താന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ ശബ്ന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു തുടങ്ങിയവര്‍ അതിഥികളായി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ ലാലിനെ സര്‍ക്കാര്‍ ക്ഷണിക്കുംമുമ്പെ തന്നെ അദ്ദേഹത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തു വരികയായിരുന്നു. ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടു 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ആറു ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്രമേഖല മുന്നിട്ടിറങ്ങുമെന്നു കത്തില്‍ പറയുന്നു. കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണു കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

'ചടങ്ങിന് എല്ലാവരും വരണം മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെയാണ് അവാര്‍ഡ് ചടങ്ങിനു മങ്ങലേല്‍പിക്കുകയെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു പുരസ്‌കാര ജേതാവായ ഇന്ദ്രന്‍സിന്റെ നിലപാട്. എന്നെപ്പോലുള്ളവര്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. ചടങ്ങില്‍ എല്ലാവരും വരണം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവരുടെ ചൂടും ചൂരുമേറ്റാണു ഞാന്‍ വളര്‍ന്നത്. അവരൊക്കെ ഇല്ലാതായാല്‍ നാഥനില്ലാത്ത കുടുംബംപോലെയാവും. സര്‍ക്കാര്‍ ചടങ്ങല്ലേ, അവരല്ലേ ആരെയൊക്കെയാണു വിളിക്കേണ്ടതെന്നു തീരുമാനിക്കുന്നത്...?' ഇന്ദ്രന്‍സ് ചോദിക്കുന്നു.

..........................................................................................................................

Tags: Mohanlal, The protesters are blaming media for making controversy, Protesters say they didnt mean to oust Mohanlal from award giving ceremony, Prakash Raj, Indrans, AMMA, Malayalam News, Kerala News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.