Header Ads

പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ എത്തിയിട്ട് എന്തു ചെയ്യാനാണെന്ന് ജി സുധാകരന്‍



പ്രളയക്കെടുതിയില്‍ ജീവിതം വിറങ്ങലിച്ചു നില്‍ക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സ്ഥലമില്ല. കക്കൂസുകളെല്ലാം വെള്ളത്തിലായി. മണ്ണും ചെളിയും കയറി മൂടി. കുടിക്കാന്‍ തുള്ളി വെള്ളം പോലുമില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളിലാകട്ടെ, ആശ്വാസമല്ല, ദുരിതം മാത്രം. ജനങ്ങളുടെ ഒപ്പം നില്‍ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരുമൊന്നും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. എന്നാല്‍, ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായവും ചെയ്യുന്നുണ്ടെന്നും ദുരിതബാധിതര്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദുരിതബാധിതരെ പല ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. ദുരിതബാധിതരെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണങ്ങള്‍ രാഷ്ട്രീയ വിരോധം വച്ചാണെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും വ്യക്തമാക്കി.

പ്രളയം ആരംഭിച്ചിട്ട് ദിവസങ്ങളായി. പക്ഷേ, ജില്ലയിലെ മൂന്ന് മന്ത്രിമാരില്‍ ഒരാള്‍ പോലും കുട്ടനാട് സന്ദര്‍ശിച്ചിരുന്നില്ല. ഇന്ന് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജുവും സംഘവും ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് മാത്രമാണ് ജി.സുധാകരന്‍ അടക്കമുള്ള മന്ത്രിമാര്‍ പ്രദേശത്ത് എത്തിയത്. ഏറ്റവും ദുരിതമുണ്ടായത് കുട്ടനാട്ടിലാണെങ്കിലും കുട്ടനാട്ടുകാരനായ എംഎല്‍എ തോമസ് ചാണ്ടി പോലും പ്രദേശം സന്ദര്‍ശിച്ചില്ല എന്നാണ് പ്രദേശത്തുകാര്‍ ആരോപിക്കുന്നത്. ഇതോടെയാണ് വിവാദം ഉണ്ടായത്.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. വിവിധ ബോട്ടുകളിലും, തോണികളിലുമായാണ് ക്യാമ്പുകളിലെല്ലാം ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കുക എന്നതിനപ്പുറം അവര്‍ക്കാവശ്യമായ വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഒരു എംഎല്‍എ എന്ന നിലയില്‍ താന്‍ ആദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി പറഞ്ഞു. സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യവും ചെയ്തില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളില്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ തിരിഞ്ഞ് നോക്കാത്തത് തെറ്റായിപോയെന്നും, മന്ത്രിമാര്‍ ഒരു ക്യാമ്പ് പോലും സന്ദര്‍ശിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ജി.സുധാകരന്‍, തോമസ് ഐസക്ക്, പി.തിലോത്തമന്‍ എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍. ഇവരാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചെന്നിത്തല രാഷ്ട്രീയമായി വിഷയം ചര്‍ച്ചയാക്കിയത്. ദുരിതകാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പറയുന്നു. എന്നും കൂടെയുണ്ട്, റെയിന്‍ഹിറ്റ് കേരള എന്നീ ഹാഷ്ടാഗിലാണ് ചെന്നിത്തല ദുരിത മേഖലയിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ജലം കൊണ്ടു മുറിവേറ്റവരാണ് കുട്ടനാടും അപ്പര്‍കുട്ടനാടും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാരുണ്യം നിറഞ്ഞ മനോഭാവത്തോടെ ഇടപെട്ടു ഈ ജനതയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരണം ചെന്നിത്തല ആവശ്യപ്പെടുന്നു. കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് സന്ദര്‍ശനത്തിനിടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാട്ടിയില്ല. സ്വന്തം വീട് ഉള്‍പ്പെടുന്ന പ്രദേശമായിട്ടും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും തിരിഞ്ഞുനോക്കിയില്ല. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യത്തിന് ദുരിതാശ്വാസ ഫണ്ട് നല്‍കിയില്ല. ജനപ്രതിനിധികള്‍ സന്ദര്‍ശിക്കാത്തത് അങ്ങേയറ്റം നിരാശജനകം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പോലും വിളിച്ചില്ല,' ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രളയ ബാധിതര്‍ക്കായി ഒരു സര്‍ക്കാരും ചെയ്യാത്ത പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 'ഇനി മന്ത്രിമാര്‍ എന്ത് ആശ്വസിപ്പിക്കാനാണ്. ഭക്ഷണവും മരുന്നുമെത്തിച്ചു, താമസസൗകര്യമൊരുക്കി. അതില്‍ കൂടുതല്‍ എന്തു ചെയ്യാനാണ്. മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപ്പിക്കുന്നുണ്ട് വിമര്‍ശനം ഉന്നയിക്കുന്നവരുടെ ഭരണകാലത്ത് എത്ര ദുരിത മേഖലകളില്‍ പോയിട്ടുണ്ട്,' സുധാകരന്‍ ചോദിക്കുന്നു. തന്റെ മൂന്നു ബോട്ടുകളും മുപ്പതോളം ജീവനക്കാരും പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തുണ്ടെന്നും ദുരിദത്തിലായവര്‍ക്ക് അരിയും പയറും തേയിലയും പഞ്ചസാരയും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചതായും തോമസ് ചാണ്ടി പറഞ്ഞു. 'എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച പ്രയോജനം കിട്ടില്ല. പ്രളയ സമയത്ത് ഞാന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും വെള്ളം കയറാത്ത എന്റെ വീട്ടിലും വെള്ളം കയറി. ഈ പ്രദേശത്തുള്ളവര്‍ എല്ലാം മലയോര മേഖലകളിലെ ബന്ധുവീടുകളിലേക്ക് പോയി. എന്റെ ഭാര്യയേയും മക്കളേയും എറണാകുളത്തേ വീട്ടിലേക്ക് മാറ്റി. പ്രളയ ബാധിത പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. അതുമല്ല, അവിടേക്ക് ഓടിച്ചെല്ലാന്‍ പറ്റിയ പ്രായവുമല്ല എന്റെത്,' തോമസ് ചാണ്ടി പറഞ്ഞു.
..................................................................................................................................................

Tags: Rain damaged areas in Kerala, Kuttanad is completely under rain water, Flood in Kerala, rain damaged Kerala, Ministers are not ready to visit the flood affected areas, Thomas Chandy, Ramesh Chennithala, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.