അവിശ്വാസപ്രമേയം - ഒരു നിഷ്പക്ഷ വിലയിരുത്തൽ
Written by Dr Bala Rama Kaimal
ഭരണപക്ഷത്തിന് സഭയിൽ ഭൂരിപക്ഷം ഉള്ളപ്പോഴും ധൈര്യമായി ഒരു അവിശ്വാസപ്രമേയം ഒരു പ്രതിപക്ഷം കൊണ്ടുവന്നാൽ അതിന്റെയർത്ഥം അതൊരു മികച്ച രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയാണെന്നാണ്. ഇത്തരം പ്രമേയങ്ങൾ ഇതിനു മുൻപ് വന്നിട്ടുള്ളപ്പോഴൊക്കെ അതാണ് ഉദ്ദേശിക്കപ്പെട്ടിരുന്നതും. ഇന്നത്തെ ദിവസം എങ്ങാനും മുയൽ ചത്താലോ എന്ന ചിന്ത സീതാറാം യെച്ചൂരിക്കുപോലും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ആ നിലയ്ക്ക് പ്രതിപക്ഷത്തിന് അവരവതരിപ്പിക്കുന്ന അവിശ്വാസപ്രമേയംകൊണ്ട് ഉണ്ടാകേണ്ടത് വലിയ രാഷ്ട്രീയനേട്ടമാണ്. അതാകട്ടെ, പ്രമേയത്തിൽ നൽകുന്ന ചർച്ചകൾക്കുള്ള അവസരത്തെ വിനിയോഗിച്ച് സർക്കാരിനെ സഭയിൽ ലൈവായി ജനങ്ങൾ കാൺകെ കീറിമുറിച്ചാണ് സാധിക്കേണ്ടത്.
ഈ അവിശ്വാസപ്രമേയചർച്ചയിൽ ഉദ്ദേശിച്ച നേട്ടം പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോൺഗ്രസ്സിന് ഉണ്ടായോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
കൃത്യമായി പറയാം, കോൺഗ്രസുൾപ്പെടുന്ന പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരു നേട്ടവും ലഭിക്കുന്നില്ല. കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, പ്രതിപക്ഷത്തിന്റെ കുന്തമുന ആകേണ്ടിയിരുന്ന നേതാവ്, ഇവിടെ അത് രാഹുൽ ഗാന്ധിയായിരുന്നു, അദ്ദേഹത്തിന് സ്വന്തം പ്രസംഗംകൊണ്ട് ഒന്നും നേടാനായില്ല എന്നുള്ളതാണ്. അദ്ദേഹം വൈകാരികമായി പ്രസംഗിച്ചു.ആ പ്രസംഗം ഇന്ത്യ മുഴുവൻ വീക്ഷിച്ചു. പല മാധ്യമങ്ങളും നല്ല പ്രാധാന്യം രാഹുലിന്റെ പ്രസംഗത്തിന് നൽകുകയും ഓൺലൈൻ പ്രതികരണങ്ങളിൽ രാഹുൽ നന്നായി അഭിനന്ദിക്കപ്പെടുകയും ചെയ്തു. രാഹുലിൽ ഒരു പുതിയ നേതാവിന്റെ ഉദയം കാണുന്ന നിമിഷങ്ങൾ ആയിരുന്നവ എന്ന് പലരും ചിന്തിക്കാൻ അതിടയാക്കി.
പക്ഷേ, അതിനൊരു മറുവശവും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ വൈകാരികതക്കപ്പുറം കാര്യമാത്ര പ്രസക്തമായില്ല എന്നത് ഒപ്പംതന്നെ പതിയെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. എന്നുമാത്രമല്ല, മറുപടി പ്രസംഗത്തിൽ രാഹുലും മറ്റു പ്രതിപക്ഷനേതാക്കളും ഉന്നയിച്ച ഓരോ ആരോപണത്തിലും പ്രധാനമന്ത്രി മോദി കൃത്യമായി മറുപടി നൽകി. ഒപ്പം, സ്വന്തം സർക്കാരിന്റെ നേട്ടങ്ങൾ നല്ല രീതിയിൽ സഭയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ആ അദ്ദേഹത്തിന് അവതരണം കൊണ്ടുള്ള ഗുണമെന്തെന്നാൽ, ഇന്ത്യയിലെ രാഷ്ട്രീയതാല്പര്യമുള്ള മിക്ക ആളുകളും ഇന്ന് അവിശ്വാസപ്രമേയ ചർച്ച ടി വി വീക്ഷിക്കുകയായിരുന്നു എന്നുള്ളതാണ്. അതിന്റെ രാഷ്ട്രീയഗുണം മുഴുവനായും ബിജെപിക്കും മോദിക്കുമാണ് ലഭിക്കുക.
റാഫേൽ സംബന്ധിച്ച ആരോപണം വളരെ ഗൗരവമായ ഒന്നാണ്. പക്ഷേ, അത് കോൺഗ്രസ്സിന് ഒരു മണിക്കൂറിനകം തിരിച്ചടിച്ചു. രാഹുലിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപുറകേ ഫ്രാൻസ് അതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകി. റാഫേൽ ഇടപാടിലെ വിവരങ്ങൾ പുറത്തിവിടാനാകില്ല എന്നുള്ളത് 2008 -ൽ ഒപ്പിട്ട കരാറിന്റെ ഭാഗമാണെന്നാണ് ഫ്രാൻസ് നൽകുന്ന വിശദീകരണം. 2008-ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സർക്കാരാണ് അധികാരത്തിൽ ഇരുന്നത്. അവർ ഉണ്ടാക്കിയ കരാർ മൂലം ഇടപാടിലെ രഹസ്യങ്ങൾ പുറത്തിവിടാനാകുന്നില്ല എങ്കിൽ റാഫേൽ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണം തിരിച്ചടിക്കുകയാണ്. ആ കരാർ എന്തിന് അങ്ങനെയായി എന്നുള്ളതിന് ഇനി കോണ്ഗ്രസാണ് മറുപടി നൽകേണ്ടത്.
ചുരുക്കിപ്പറഞ്ഞാൽ നല്ല വാദങ്ങൾ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാരിനെയും പ്രതിരോധത്തിൽ വീഴ്ത്താനുള്ള ഏറ്റവും നല്ല അവസരം പ്രതിപക്ഷം പാഴാക്കി. അതേസമയം മോദി അത് നന്നായി മുതലെടുക്കുകയും ചെയ്തു. രാജ്യത്ത് നൂറു തെരഞ്ഞെടുപ്പു കൺവെൻഷനുകൾ നടത്തുന്നതിനേക്കാൾ ഗുണം ഒറ്റദിവസം പാർലമെന്റിൽ ഇരുന്നുകൊണ്ട് ഉണ്ടാക്കാൻ മോദിക്കും ബിജെപിക്കും ആയി. പതിമൂന്നു ദിവസം ഭരിച്ച പണ്ടത്തെ വാജ്‌പേയി സർക്കാർ തിരികെ വരാൻ ഉണ്ടായ കാരണങ്ങളിൽ ഒന്ന് വിശ്വാസപ്രമേയവേളയിലെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ, രാജ്യം മുഴുവൻ ടെലിവിഷനിലൂടെ വീക്ഷിച്ച ലോക്സഭയിലെ പ്രസംഗമായിരുന്നു.
രാഹുലിന്റെ പ്രസംഗം അവസാനിച്ച ശേഷമുള്ള നിമിഷങ്ങളെ രാജ്യം മുഴുവൻ ചർച്ച ചെയ്തു. പ്രസംഗം അവസാനിപ്പിച്ച രാഹുൽ ഗാന്ധി നേരെ പോയി മോദിയെ ആലിംഗനം ചെയ്തു. അടുത്ത നിമിഷംതന്നെ സോഷ്യൽ മീഡിയയിൽ രാഹുൽ ആലിംഗനവേളയിൽ പറഞ്ഞ കാര്യങ്ങളായി ചില വാചകങ്ങൾ പ്രചരിക്കാൻ തുടങ്ങി. അതിനർത്ഥം, ആലിഗനം ചെയ്യപ്പെട്ടിരുന്ന ഒന്നാണ് എന്നായിരുന്നു. ആലിംഗനവേളയിൽ രാഹുൽ പ്രധാനമന്ത്രിയോട് ഒന്നും ആ സമയത്ത് പറഞ്ഞില്ലെങ്കിലും കോൺഗ്രസ്സിറക്കിയ ആ പോസ്റ്ററുകൾ നല്ലൊരു നീക്കമായിരുന്നു. അതിനാൽത്തന്നെ കെട്ടിപ്പിടിച്ചതും.
പക്ഷേ, നിമിഷങ്ങൾക്കകം ആ ആലിംഗനതന്ത്രം പാളി. രാഹുൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ വൈറലായി. ആദ്യം വൈറലാക്കിയത് ബിജെപിയുടെ എതിരാളികൾ ആയിരുന്നു എങ്കിൽ, തൊട്ടുപിന്നാലെ അത് ചെയ്തത് ബിജെപിക്കാർ ആയിരുന്നു. മോദിയുടെ നെഞ്ചിലേക്ക് വീണു കിടക്കുന്ന രാഹുൽ ഒരു ബിജെപിക്ക് മാറുന്ന മീഡിയയിൽ പിന്നെ കണ്ടത്. രാഹുലിന്റെ ആ പ്രവർത്തി, ഒരു ഇരുത്തംവന്ന രാഷ്ട്രീയനേതാവിനുള്ള പ്രതിച്ഛായയല്ല സൃഷ്ടിച്ചത്. രാഹുൽ കെട്ടിപ്പിടിക്കാൻ ചെല്ലുമ്പോൾ പ്രധാനമന്ത്രി എഴുന്നേറ്റുനിൽക്കും എന്ന് രാഹുൽ പ്രതീക്ഷിച്ചിരിക്കണം. പ്രധാനമന്ത്രി ആ വേളയിൽ എഴുന്നേറ്റു നിന്നിരുന്നെകിൽ സംഭവം ആകെ മാറിപ്പോയേനെ. അവിടെ രാഹുൽ അഭിനന്ദിക്കപ്പെട്ടു എന്നൊരു സന്ദേശം ലഭിക്കുമായിരുന്നു. പക്ഷേ, മോദി എഴുന്നേറ്റില്ല എന്നത് ആലിംഗന തന്ത്രം പാളിപ്പോകാൻ ഇടയാക്കി.
പിന്നെ സീറ്റിൽ പോയിരുന്ന രാഹുൽ ഒപ്പമുള്ളവരെ നോക്കി കണ്ണിറുക്കിയ രംഗത്തിന്റെ ചിത്രങ്ങൾ അതിനുപുറകെ വൈറലായി. ഇത്തവണ അതിനു ബിജെപിവിരുദ്ധർക്ക് മെനക്കെടേണ്ടി വന്നില്ല. അഥവാ പ്രചരിപ്പിക്കുന്ന ജോലി മോദിയുടെയും ബിജെപിയുടെയും അനുഭാവികൾ ഏറ്റെടുത്തു. ആംഗലേയത്തിലെ മാധ്യമങ്ങൾ വരെ പ്രിയാ വാര്യരുമായി രാഹുലിനെ താരതമ്യം ചെയ്തു. രാഹുൽ വാര്യർ എന്നുവരെ സോഷ്യൽ മീഡിയ സംബോധന ചെയ്തു. മലയാളിയായ വിദ്യാർത്ഥിനിയും നടിയുമായ പ്രിയാ വാര്യർക്ക് ഇന്ത്യൻ പൊളിറ്റിക്‌സിൽ ഒരിടം കിട്ടിയെങ്കിൽ അതീ നിമിഷത്തിലാണ്. കയോസ് തത്വം പറയുംപ്രകാരം, ഈ പ്രപഞ്ചത്തിൽ ഏതു സംഭവത്തിനും ഒരു കാരണം ഉണ്ടെന്നും, ചിലതൊക്കെ ചിലപ്പോൾ സംഭവിക്കുന്നത് മറ്റു ചിലതിനു വേണ്ടിയാണ് എന്ന് പറയുന്നത് ശരിയാണോ!
കെട്ടിപ്പിടിക്കുന്ന ചിത്രവും രാഹുൽ വാര്യർ എന്നൊരു പേരും. ഉറപ്പാണ് രണ്ടും തെരഞ്ഞെടുപ്പുവേളയിൽ ഉപയോഗിക്കാൻ പോകുന്നത് ബിജെപിക്കാരാണ്. രാഹുലിന്റെ പരിഹാസ്യതയും മോദിയുടെ നെഞ്ചിൽ വീണ വെറും ജൂനിയറും പക്വതയില്ലാത്തവനുമായ നേതാവും എന്നുള്ള പ്രതീതികൾ വരുത്താൻ അവ രണ്ടും ധാരാളം മതിയാകും.
ഇനി മറ്റൊന്ന്. കടുത്ത മോഡി വിരോധികൾ എങ്ങനെയാണ് ആ കെട്ടിപ്പിടുത്തത്തെ വീക്ഷിച്ചത്? നമ്മുടെ രാജ്യം ഇന്ന് വ്യക്തമായിട്ട് ധ്രൂവീകരിക്കപ്പെട്ടിരിക്കുന്നു. അത് ഹിന്ദുവും മുസ്ലീമും ആയിട്ടല്ല, ബിജെപിയും ഇതര കക്ഷികളും ആയിട്ടുമില്ല, മറിച്ച്, മോദിയും മോദി വിരുദ്ധരും ആയിട്ടാണ്. അതിനകത്ത് മേൽപ്പറഞ്ഞ മത-രാഷ്ട്രീയ ഘടകങ്ങൾ ഇഴ ചേർന്നിട്ടിരിക്കുന്നു എന്നത് ഒപ്പം വായിക്കാം. മോഡി വിരുദ്ധർക്ക് മോദിയോടുള്ളത് രക്തദാഹമാണ്. ഹിന്ദുവിന്റെ വലതുപക്ഷരാഷ്ട്രീയത്തെ പേരിനെങ്കിലും പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ നേതാവെന്ന നിലയിൽ, ഗുജറാത്ത് കലാപവേളയിലും പിന്നീടും മോദിക്കെതിരെ ഉണ്ടായ വ്യാപകമായ പ്രചാരണം മൂലം, രാഷ്ട്രീയമായി എതിർകക്ഷികളെ തകർത്തുപരിശാക്കുന്ന തന്ത്രജ്ഞനെന്ന നിലയിൽ, നോട്ടു നിരോധനം, ജി എസ് ടി പോലുള്ള നയങ്ങൾ മൂലം, ഇങ്ങനെ പല കാരണങ്ങളാൽ മോഡി ശക്തമായി എതിർക്കപ്പെടുന്നു. ഇന്ത്യയിലെ ഭൂരിപക്ഷമതസമൂഹം രാഷ്ട്രീയമായി ശക്തിയാർജ്ജിച്ചതിൽ എതിർപക്ഷത്തിനുള്ള വിരോധമാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. അത്തരം മോദിയോടുള്ള വിരോധം ആ മനുഷ്യന്റെ രക്തത്തോടുള്ള എതിരാളികളുടെ ദാഹംപോലെ പലപ്പോഴും പ്രതിഫലിക്കപെടുന്നുണ്ട്. മോദിയോട് ഒരു തരത്തിലും, പാര്ലമെന്റിനകത്തെ മര്യാദയുടെ പേരിൽ എങ്കിൽപ്പോലും സന്ധിയാകുന്നത്, ഒന്ന് ഹസ്തദാനം ചെയ്യുന്നത്, ഒന്നും തന്നെ മോഡിയുടെ എതിരാളികൾ സഹിക്കില്ല. അത്തരത്തിലുള്ള പ്രതികരണങ്ങൾ വന്നുതുടങ്ങി എന്നുള്ളതാണ് സത്യം. അദ്‌ഭുതപ്പെടുത്തിയ കാര്യം സാമാന്യം നിഷ്പക്ഷനും രാഷ്രീയമായും മതപരമായും മധ്യമമാർഗ്ഗത്തിൽ മാത്രം പ്രതികരിക്കുന്ന ആളുമായ ശ്രീ. എം എൻ കാരശ്ശേരിയുടെ പ്രതികരണമാണ്. അത്യുജ്ജ്വലമായ പ്രസംഗം മോഡിക്കെതിരെ നടത്തിയിട്ട് പോയി കെട്ടിപ്പിടിച്ചത് എന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു.
If his speech is true, what is the meaning of that embrace?
If his embrace is true, what is the meaning of that speech?
ഇതായിരുന്നു ഫേസ്‌ബുക്കിൽ കുറിച്ചിട്ട ശ്രീ. കാരശ്ശേരിയുടെ വാക്കുകൾ. അതായത്, രാഹുലിനെ പ്രസംഗം ആത്മാർത്ഥമാണെങ്കിൽ കെട്ടിപ്പിടിച്ചത് എന്തിനെന്നും, കെട്ടിപ്പിടുത്തം ആത്മാർത്ഥമാണെങ്കിൽ ആ പ്രസംഗത്തിന്റെ ആത്മാർഥത എന്തെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.
ഇതിന്റെ അർഥം എന്താണ്?
അതിന്റെ അർഥം ഇതാണ്- മോദിയുടെ രാഷ്ട്രീയമോ അല്ലാതെയോ ഉള്ള ശത്രുക്കൾക്കിടയിൽ ആ കെട്ടിപ്പിടുത്തത്തോടെ രാഹുലിന്റെ ഇമേജ്. വിശ്വാസ്യത എന്നിവ നഷ്ടമായിരിക്കുന്നു. പ്രത്യേകിച്ചും ഇനി മുസ്‌ലിം സമുദായം രാഹുലിനെ വിശ്വസിക്കാൻ തയ്യാറാകില്ല. രാഹുലിന്റെ കെട്ടിപ്പിടുത്തത്തെ രാഷ്ട്രീയമായി നിഷ്പക്ഷരായുള്ളവർ പലരും അത്ര സീരിയസ്സായി കാണുന്നില്ല. പക്ഷേ, മോദിയോട് കടുത്ത ശത്രുത മനസ്സിൽ സൂക്ഷിക്കുന്നവർ ജാതിമത ഭേദമെന്യേ രാഹുലിനെ സംശയിക്കും. ആ കെട്ടിപ്പിടുത്തം രാഹുലിന്റെ മോദിവിരുദ്ധ നേതാവ് എന്നുള്ള പ്രതിച്ഛായ തന്നെയാണ് ഇല്ലാതാക്കിയത്. ,മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നുകൂടി ജയിച്ചു. അദ്ദേഹത്തിനെതിരെയുള്ള ദുർബ്ബലരിൽ ഏറ്റവും ശക്തനായ നേതാവ് കൂടുതൽ ദുർബ്ബലനായിരിക്കുന്നു.
ഏറ്റവുമൊടുവിൽ വോട്ടെടുപ്പ്. ഫലം വന്നപ്പോൾ 314 വോട്ടുകൾ ഉണ്ടായിരുന്ന എൻ ഡി എ മുന്നണിക്ക് അനുകൂലമാകുന്ന വിധത്തിൽ അവിശ്വാസപ്രമേയത്തിനെതിരെ 325 വോട്ടുകൾ. നൂറ്റി എഴുപതിലധികം വോട്ടുകൾ സർക്കാരിനെതിരെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 126 വോട്ടുകൾ. ശിവസേന എതിർക്കുന്ന അവസരത്തിൽ എൻ ഡി എ യ്ക്ക് കിട്ടേണ്ടിയിരുന്നത് 298 മാത്രമായിരുന്നു എന്നതാണ് വാസ്തവം.
പ്രതിപക്ഷം, പ്രത്യേകിച്ച് ശ്രീ. രാഹുൽ ഗാന്ധി സ്വന്തം ചെലവിൽ മോദിക്ക് ശക്തി പകർന്നു എന്നുള്ളതാണ് അവിശ്വാസ പ്രമേയത്തിന്റെ പരിണിതഫലം.
..........................................................................................................................................................
Tags: Rahul Gandhi hugs Narendra Modi, Non-confidence motion, Government overcame non-confidence, Rahul Gandhi's drama at Lok Sabha, Malayalam News, Thamasoma,
അഭിപ്രായങ്ങളൊന്നുമില്ല