അഭിമന്യുവിന്റെ ഘാതകന്‍ മുഹമ്മദലിയെ പൊക്കിയത് അതിരഹസ്യമായ പോലീസ് തന്ത്രത്തിലൂടെ
മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി മുഹമ്മദാലിയെ പോലീസ് പിടികൂടിയത് കൊല നടന്ന് 16 ദിവസത്തിനു ശേഷം. പട്ടാളചിട്ടയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ പ്രതിയെ പിടികൂടുക എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ഏറെശ്രമകരമായിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ചു പോലും പ്രതികള്‍ക്ക് അതീവ സംരക്ഷണമാണ് നല്‍കിയതെന്നു പോലീസ് സംശയിക്കുന്നു. കേഡര്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാരുടെ രഹസ്യതാവളത്തില്‍ നിന്നും മുഖ്യപ്രതി മുഹമ്മദ് അലിയെ പുകച്ചു പുറത്തുചാടിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന നേതാക്കള്‍ അടക്കം കൈമെയ് മറന്നു പ്രവര്‍ത്തിച്ചു എന്നാണ് പോലീസ് കരുതുന്നത്. ഇതിനാല്‍ തന്നെ പ്രതിയെ നേരിട്ടു പിടികൂടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് പോലീസ് വിലയിരുത്തിയിരുന്നു. അങ്ങനെയാണ് എസ് ഡി പി ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന നേതാക്കളെ പിടിച്ചു കുലുക്കാന്‍ പൊലീസ് തീരുമാനിച്ചത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അബ്ദുള്‍ മജീദ് ഫൈസി അടക്കമുള്ളവരെ പൊലീസ് പൊക്കിയത് ഈ നടപടിയുടെ ഭാഗമായിട്ടായിരുന്നു. ഇതിനും പുറമെ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് തുടര്‍ റെയ്ഡുകളും നടത്തി. ഇതോടെ കൊലയാളികളെ സംരക്ഷിച്ചാല്‍ തങ്ങള്‍ അകത്തു പോകേണ്ടി വരുമെന്ന ഭീതിയിലായി നേതാക്കള്‍.
സംസ്ഥാന നേതാക്കള്‍ക്കെതിരെ പോലീസ് നടപടികള്‍ സ്വീകരിച്ചത് അഭിമന്യു കേസുമായി ബന്ധപ്പെട്ടായിരുന്നില്ല. മറിച്ച്, വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ പേരിലും ഹൈക്കോടതിയിലേക്ക് മാര്‍ച്ചു നടത്തിയ സംഭവത്തിലും ജാമ്യമില്ലാ കേസ് ചുമത്തി അറസ്റ്റുചെയ്യുമെന്ന നിലവന്നു. സഹായമെത്തിച്ചിരുന്ന പോപ്പുലര്‍-ഫ്രണ്ട്എസ്ഡിപിഐ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നടങ്കം അറസ്റ്റു ചെയ്തും നിരീക്ഷിച്ചും മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് തടയിട്ടാണ് പൊലീസ് പ്രതികളെ കുടുക്കിയത്. ഹൈക്കോടതിയുടെ നിലപാടും പൊലീസിന് അനുകൂലമായി മാറി.
അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് കൊലയാളികള്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടതും ഇത്തരത്തിലാണ്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ റെയ്ഡുകള്‍ നടത്താന്‍ സൗകര്യം ലഭിച്ചു. ഈ അവസരത്തിലാണ് മുഹമ്മദലിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതും. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തന്നെ പ്രതികളുടെ ഒളിസ്ഥലത്തെ കുറിച്ചുള്ള സൂചന നല്‍കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
മംഗലാപുരത്തിന് സമീപത്തായി കേരളാ അതിര്‍ത്തിയിലായിരുന്നു പ്രതികളുടെ ഒളിസങ്കേതം. ഇങ്ങനെ ഒളിസങ്കേതം ഒരുക്കുന്നത് സംസ്ഥാന നേതാക്കള്‍ അറിയാതെ സാധിക്കില്ലെന്ന കാര്യം ഉറപ്പായിരുന്നു. ഇതറിഞ്ഞു കൊണ്ടു തന്നെയാണ് പൊലീസ് സംസ്ഥാന നേതാക്കളെ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കിയതും. മുഹമ്മദലിയെ കൂടാതെ അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ പ്രതികളും പൊലീസ് പിടിയിലാണെന്ന സൂചനയുണ്ട്. ഫാറൂഖ്, ബിലാല്‍, റിയാസ്, മുഹമ്മദ്, ആദില്‍ എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. ഇവരാണ് നിലവില്‍ അറസ്റ്റിലായവര്‍.
കൊച്ചി പൊലീസ് എത്തിയാണ് മുഹമ്മദിനെ പിടികൂടിയത്. അതീവ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം. കാസര്‍കോട്ടെ പൊലീസിന് അടക്കം ഇതേക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള മുഹമ്മദില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഹമ്മദ് വ്യക്തമാക്കിയെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തങ്ങള്‍ ചുവരെഴുതുന്നതിനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നും തര്‍ക്കമുണ്ടായപ്പോള്‍ കൊച്ചിന്‍ ഹൗസില്‍ തമ്പടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം.
എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്.
കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ കാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.
..........................................................................................................................
Tags: Foolproof strategies if Kerala police helped to arrest the major accused of Abhimanyu murder case, Muhammad, Popular Front, SDPI, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല