ജസ്‌നയുടെ തിരോധാനം: അന്വേഷണം ആറംഗ സംഘത്തിലേക്കു കേന്ദ്രീകരിക്കുന്നു
പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ആറു യുവാക്കളിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചന. മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ സംഘത്തെക്കുറിച്ചുള്ള സൂചന ജെസ്‌നയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയത്.
ജെസ്‌നയെ കാണാതായ ദിവസം മുതല്‍ തൊട്ടടുത്ത ദിവസങ്ങളിലും ഈ ആറു യുവാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരിലെ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കാണാതായതിനു തലേ ദിവസം ജെസ്‌ന ആണ്‍ സുഹൃത്തിനെ ഏഴു തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാണാതാകുന്ന ദിവസം രാവിലേയും ഈ സുഹൃത്തുമായി പത്തുമിനിറ്റ് സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജെസ്‌നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കി വെള്ളത്തൂവലില്‍ കഴിഞ്ഞ ആഴ്ച പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. വസ്തുതകളറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്‌നയെ യാത്രാമധ്യേ കാണാതാകുന്നത്.
..............................................................................................................................................
Tags: Finding of Jesna, Investigation concentrates on 6 men, Disappearance of Jesna, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല