Header Ads

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുരുക്കു മുറുകുന്നുതെളിവുകളെല്ലാം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീങ്ങുന്നു. വൈകാതെ ഇയാള്‍ അറസ്റ്റിലായേക്കുമെന്നാണു സൂചന. മെത്രാനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സര്‍ക്കാരിനേയും ഡിജിപി ലോക് നാഥ് ബെഹ്‌റയേയും അറിയിച്ചിട്ടുണ്ട്. മെത്രാനെ അറസ്റ്റ് ചെയ്താല്‍ എന്ത് സാമൂഹിക ആഘാതമാകും ഉണ്ടാവുകയെന്ന് ഡിജിപി പരിശോധിക്കുകയാണ്. ക്രൈസ്തവ വിഭാഗത്തെ ഇടതു പക്ഷത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന തരത്തില്‍ ഇടപെടലിനാണ് പൊലീസ് ശ്രമിക്കുന്നത്. എങ്കിലും കന്യാസ്ത്രീയുടെ മൊഴിയെ ബന്ധുക്കളും ശരിവച്ചതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാതെ നിവര്‍ത്തിയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി കഴിഞ്ഞു. മെത്രാനായതു കൊണ്ട് തന്നെ ഫ്രാങ്കോ മുളയ്ക്കലിന് ഒളിവില്‍ പോകാനും കഴിയുന്നില്ല.

അതിനിടെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പിനായി ശനിയാഴ്ച പാലാ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. തിങ്കളാഴ്ചയോടെ മൊഴിപ്പകര്‍പ്പും ഹാജരാക്കിയ തെളിവുകളും പൊലീസിനു ലഭിക്കും. ചങ്ങനാശ്ശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ചയാണ് കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയത്. പൊലീസിനു നല്‍കിയ മൊഴിയില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. കോടതിയില്‍നിന്നു രഹസ്യമൊഴിയുടെ പകര്‍പ്പു ലഭിച്ചശേഷമേ അന്വേഷണസംഘം തുടര്‍നടപടികളിലേക്കു കടക്കൂ. അതുവരെ കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ബിഷപ്പിന് അവസരം നല്‍കുകയാണ്. പ്രതിപക്ഷവും ബിഷപ്പ് പ്രതിസ്ഥാനത്ത് ആയതു കൊണ്ട് ഈ കേസിനെ കുറിച്ച് സംസാരിക്കുന്നില്ല. ബിജെപിയും പ്രത്യക്ഷ സമരത്തിനില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീയുമായി സഭ ഒത്തുതീര്‍പ്പിലെത്തിയാല്‍ എല്ലാ നടപടികളും വേണ്ടെന്ന് വയ്ക്കാന്‍ പൊലീസിന് കഴിയും. എന്നാല്‍ കന്യാസ്ത്രീ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ബിഷപ്പിനെ വെട്ടിലാക്കുന്നത്.


വെള്ളിയാഴ്ച ഡിവൈ.എസ്പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടനാട്ടുള്ള കന്യാസ്ത്രീയുടെ ബന്ധുക്കളില്‍നിന്നും പള്ളിവികാരിയില്‍നിന്നും മൊഴിയെടുത്തു. കന്യാസ്ത്രീയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, സഹോദരി എന്നിവര്‍ മൊഴി നല്‍കി. കന്യാസ്ത്രീയുടെ മൊഴിയിലുള്ളതെല്ലാം ശരിയാണെന്ന് ഇവരും പറഞ്ഞതായി അറിയുന്നു. കഴിഞ്ഞദിവസങ്ങളില്‍ കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധറിലെ വൈദികന്‍, മഠത്തിലുള്ള കന്യാസ്ത്രീയുടെ സഹോദരി, മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍ എന്നിവരില്‍നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മൊഴികളെല്ലാം ബിഷപ്പിനെതിരാണ്. ഇതും കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയാകുന്നു. അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും കന്യാസ്ത്രീയുടെ കൈയിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ അര്‍ത്ഥത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകളെല്ലാം പൊലീസിന്റെ കൈയിലുണ്ട്.

ബിഷപ്പിന്റെ പീഡനം തുടര്‍കഥയായതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീ. ആത്മഹത്യ ചെയ്യാന്‍ ധൈര്യം പോരാത്തിനാല്‍ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയില്‍ നിന്ന് പുറത്തുപോകാനും അവര്‍ തീരുമാനിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ബിഷപ്പിനോട് കേണപേക്ഷിച്ചിട്ടും നാട്ടില്‍ വരുമ്പോഴെല്ലാം മുറിയില്‍ ചെല്ലേണ്ടിവന്നിട്ടുണ്ടെന്ന് 47 കാരിയായ കന്യാസ്ത്രീ മജിസ്‌ട്രേട്ടിനും മൊഴി നല്‍കിയതാണ് സൂചന. നിരന്തരം ഫോണില്‍ വിളിച്ച് അശ്ലീലം പറയുമായിരുന്നു. സമാധാനം തരില്ലെന്ന് വ്യക്തമായതോടെ അവസാനം സഭ വിട്ടുപോകാന്‍ അപേക്ഷ നല്കിയത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ ജലന്ധര്‍ രൂപതയില്‍ നിന്ന് മറ്റേതെങ്കിലും രൂപതയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് സുപ്പീരിയര്‍ക്ക് കത്ത് നല്കി. എന്നാല്‍ കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളുടെ ഉപദേശത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്കുശേഷം അപേക്ഷ പിന്‍വലിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും കന്യാസ്ത്രീ മൊഴിനല്കിയിട്ടുണ്ട്. അശ്ലീലമാണ് ബിഷപ്പ് തന്നോട് പറഞ്ഞിരുന്നത്. അനുസരണം വ്രതമാക്കിയുള്ള കന്യാസ്ത്രീക്ക് ഇത് കേട്ടിരിക്കാനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മറിച്ച് ഒന്നും പറയുവാനോ ഫോണ്‍ കട്ടാക്കാനോ കഴിയുമായിരുന്നില്ല. ബിഷപ്പ് അശ്ലീലം പറയുന്ന കാര്യവും സന്യാസി സമൂഹം സുപ്പീരിയറിനോട് പറഞ്ഞിരുന്നു. 13 തവണ തന്നെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീ തീയതിയും സമയവും സഹിതം കന്യാസ്ത്രീ വിശദീകരിക്കുന്നത്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവുമെല്ലാം ആക്ഷേപമായെത്തുന്നു.

അതിനിടെ, കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. പരാതി നല്‍കിയ ജലന്ധറിലെ സഭയുടെ പി.ആര്‍.ഒ. ഫാ.പീറ്റര്‍ കാവുംപാടവും കഴിഞ്ഞദിവസം പൊലീസ്സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി. അത്രയും തവണ പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്നും മൊഴിയിലുണ്ട്. പീഡനം നടന്നതായി പറയുന്ന തീയതികളിലെല്ലാം ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതും ബിഷപ്പിന് വിനയാണ്. അതേസമയം ബിഷപ്പ് സന്ദേശമയച്ചെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും കന്യാസ്ത്രിയുടെ ബന്ധുക്കള്‍ മൊഴി നല്‍കി. ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കും. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറും.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പരാതിയും എത്തുകയാണ്. ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയുടേതാണ് വെളിപ്പെടുത്തല്‍. ഈ സംഭവം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതിയായി നല്‍കിയെന്നും ഇത് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് കര്‍ദിനാള്‍ ഉറപ്പുനല്‍കിയെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു. തന്നെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് നേരത്തെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള പരാതി ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും പിതാവ് പറഞ്ഞു. ഇതു പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. കഴിഞ്ഞ നവംബറില്‍ മകള്‍ അയച്ച കത്തില്‍ ഇത് പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം കത്തിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ദിനാളിനെ നേരില്‍ക്കണ്ട് പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഈ കന്യാസ്ത്രീയെ ജലന്തറിലെ മറ്റൊരു മഠത്തിലേക്ക് കഴിഞ്ഞമാസം സ്ഥലംമാറ്റി. ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയ ഇവര്‍ ഇപ്പോള്‍ കുറവിലങ്ങാടുള്ള കോണ്‍വന്റിലാണ്.

ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്കും മാര്‍പ്പാപ്പയ്ക്കും ഇമെയില്‍ വഴി പരാതി അയച്ചിരുന്നതായി കന്യാസ്ത്രീയുടെ മൊഴി പൊലീസിന് കിട്ടിയിരുന്നു. ആദ്യം പരാതി നല്‍കിയത് കുറവിലങ്ങാട് ഫെറോനാ വികാരിക്കായിരുന്നു. തുടര്‍ന്ന് പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചു. എന്നാല്‍ അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിനാല്‍ കഴിഞ്ഞ മെയില്‍ കര്‍ദിനാളിന് നേരിട്ട് പരാതി നല്‍കി. ബിഷപ്പ് ലത്തീന്‍ സഭയുടെ ബിഷപ്പായതിനാല്‍ താന്‍ നിസ്സഹായനാണെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാനുമായിരുന്നു കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം. തുടര്‍ന്നാണ് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും മാര്‍പ്പാപ്പയ്ക്കും പരാതി അയച്ചത്.

മെയ് 11ന് കൊച്ചിയില്‍ വച്ചാണ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്. സഭാ നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. വൈക്കം ഡി.വൈ.എസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്ന് 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പിഡീപ്പിക്കപ്പെട്ട ദിവസവും സമയവും അടക്കം വിശദമായ മൊഴിയാണ് നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി താന്‍ നല്‍കിയ പരാതികളുടെ പകര്‍പ്പുകളും കന്യാസ്ത്രീ ഡിവൈഎസ്പിക്ക് കൈമാറി. പരാതിയില്‍ നിന്ന് പിന്മാറാന്‍ കന്യാസ്ത്രീക്കുമേല്‍ ശക്തമായ സമ്മര്‍ദം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനാലാണ് മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച് സെക്ഷന്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരിയെ പിന്തുണയ്ക്കുന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയെടുപ്പും പൂര്‍ത്തിയായതിനാല്‍ ഉടന്‍തന്നെ അന്വേഷണ സംഘം ജലന്ധറില്‍ എത്തി ബിഷപ്പിനെ ചോദ്യംചെയ്യും. അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ വൈക്കം ഡി.വൈ.എസ്പിയെ കണ്ട് മൊഴി രേഖപ്പെടുത്തിയതായും വിവരമുണ്ട്.


......................................................................................................................

Tags: Jalandhar Bishop Franco, Molestation case against Bishop Franco Mulackal, All evidences are against the Bishop, Bishop Franco may be arrested soon

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.