Header Ads

മൈഥിലിയുടെ മരണം: പോലീസ് മറയ്ക്കുന്നത് എന്ത്....?


Picture Courtesy: Manorama News

പത്തനംത്തിട്ട കടമ്മനിട്ട കാരുമല മേലേടത്തുവീട്ടില്‍ മൈഥിലി വിനോദിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കടമ്മനിട്ട ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന ഈ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണ് എന്നു പോലീസ് ഉറപ്പിച്ചു പറയുമ്പോഴും അത് കൊലപാതകമെന്ന് നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും അടിയുറച്ചു വിശ്വസിക്കുന്നു. ആ മരണം കൊലപാതകമാണ് എന്നവര്‍ പറയുന്നത് ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ്. 

ജൂണ്‍ 13ന് വൈകിട്ട് വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൈഥിലിയെ കണ്ടത്. ഇത് കൊലപാതകമാണെന്നും മൃതദേഹത്തില്‍ കണ്ട അടയാളങ്ങള്‍ ഇതിനു തെളിവാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മൈഥിലിയുടെ മരണം. കാറ്റും മഴയുമുള്ളതിനാല്‍ വൈകിട്ട് 15 മിനിറ്റ് നേരത്തേ പ്ലസ്ടുക്കാരെ വിട്ടു. സ്‌കൂളില്‍ നിന്നു 10 മിനിറ്റ് നടന്നാല്‍ വീട്ടില്‍ എത്താം.

വീടിന് അടുത്തെത്തുന്നതു വരെ ഒപ്പം പഠിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. നോട്ട് എഴുതിയെടുക്കാനുള്ള പുസ്തകവുമായാണു മൈഥിലി വീട്ടില്‍ എത്തിയത്. 4.15ന് ഇളയ കുട്ടി സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതും ചേച്ചിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഇരുകാലുകളും നിലത്തുകുത്തി മുട്ടു മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ചുറ്റിയ കൈലി അടുക്കളയുടെ മേല്‍ക്കൂരയിലെ മൂന്നിഞ്ചുവലുപ്പമുള്ള പട്ടികയില്‍ ഉടക്കിവച്ചിരിക്കുകയായിരുന്നു.

അടുക്കള സ്ലാബില്‍ ചാരി നില്‍ക്കുന്ന നിലയില്‍ യൂണിഫോമിലായിരുന്നു കുട്ടി. വസ്ത്രത്തില്‍ വയറിന്റെ ഭാഗത്ത് വിരല്‍പ്പാടുകളും നെഞ്ചില്‍ മൂന്ന് സെന്റിമീറ്റര്‍ നീളമുള്ള ചതവുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്.

ബാഗിലുണ്ടായിരുന്ന പുസ്തകങ്ങളും ബുക്കും കട്ടിലില്‍ ചിതറികിടക്കുകയായിരുന്നു. സ്‌കൂള്‍ ആവശ്യത്തിന് അമ്മ നല്‍കിയ 2000 രൂപ ബാഗില്‍ കാണാനുണ്ടായിരുന്നില്ല.

മൈഥിലി വീടിനുള്ളിലേക്ക് കയറിയതും മുറിക്കുള്ളിലുണ്ടായിരുന്ന ആരോ ആക്രമിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നും മനസിലാകുന്നുണ്ടെങ്കിലും പ്രഥമികാന്വേഷണം നടത്തിയ പോലീസ് സംഘം ഇതു മുഖവിലയ്‌ക്കെടുത്തില്ല.

മൈഥിലി ആത്മഹ്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് മാതാപിതാക്കളും സഹപാഠികളും ഉറപ്പിച്ചു പറയുന്നു. സഹചര്യങ്ങളെല്ലാം ഇതൊരു കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ അന്വേഷണം നടത്തിയ ആറന്മുള പൊലിസ് കാര്യക്ഷമമായല്ല കേസ് കൈകാര്യം ചെയ്തത്.

മൈഥിലിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ജില്ലാപോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും കാര്യമായ പ്രതികരണം ഉണ്ടായില്ല. മൈഥിലിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.


......................................................................................................................

Tags: Police is hiding something in the unusual death of Mythili Vonod in Pathanamthitta. Death of Mythili: suicide or murder?

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.