Header Ads

കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് സാമ്പത്തിക പരാധീനത മൂലമെന്ന് വടക്കാഞ്ചേരിക്കാരായ ദമ്പതികള്‍
കൊച്ചി ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ സംഭവത്തിലെ കള്ളക്കളി പൊളിച്ചത് പൊലീസിന്റെ അതിവേഗ നടപടികള്‍. കുട്ടിയെ ഉപേക്ഷിച്ച് പോയത് ആദ്യം കണ്ടെത്തിയത് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴായിരുന്നു ആരോരുമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചു പോയതാണോ എന്ന് ഉറപ്പിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് കള്ളക്കളി തിരിച്ചറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ ഉപേക്ഷിച്ച് പോയത് ആരെന്ന് കൃത്യമായി മനസ്സിലാക്കാനാകുമെന്ന് എളമക്കര എസ് ഐ തിരിച്ചറിഞ്ഞു. ഈ സിസിടിവി ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കാനും തീരുമാനിച്ചു. ഇതിനൊപ്പം നഗരം അരിച്ചു പെറുക്കുകയും ചെയ്തു. എന്നാല്‍ ആരേയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. റെയില്‍വേ സ്‌റ്റേഷനുകളിലും നിരീക്ഷണം ശക്തമായി. ഇതിനിടെ ചാനലുകളിലും സിസിടിവി ദൃശ്യങ്ങള്‍ എത്തി. കൊടും ക്രൂരതയ്ക്ക് പിന്നില്‍ മലയാളികളാണെന്നും വ്യക്തമായിരുന്നു. ഇതിനിടെ ആരാണ് പ്രതികളെന്നതില്‍ പൊലീസിന് സൂചനകള്‍ ലഭിച്ചു തുടങ്ങി. വടക്കാഞ്ചേരിയിലാണ് ഇവരുള്ളതെന്നും തെളിഞ്ഞു.

ഇന്ന് പുലര്‍ച്ച രണ്ടരയോടെ എത്തിയ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. വടക്കാഞ്ചേരി സ്വദേശി ടിറ്റോയും ഭാര്യയുമാണ് ചിത്രത്തിലുള്ളതെന്നും പൊലീസിന് ഉറപ്പായി. ഇതോടെ എളമക്കര എസ് ഐയും സംഘവും വടക്കാഞ്ചേരിയിലെത്തി. ടിറ്റോ വീട്ടില്‍ തന്നെയുണ്ടായിരുന്നു. പ്രസവത്തിന്റെ അവശതയിലായിരുന്നു ഭാര്യ. കുട്ടിയെ ഉപേക്ഷിച്ചത് ടിറ്റോ സമ്മതിച്ചു. 


തങ്ങള്‍ക്ക് നാല് മക്കളുണ്ടെന്നും ഒരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാലാണ് ഉപേക്ഷിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് ടിറ്റോയെ അറസ്റ്റ് ചെയ്തത്. ഭാര്യയെ ബന്ധുക്കളോട് പൊലീസ് സ്‌റ്റേഷനിലെത്തിക്കാനും നിര്‍ദ്ദേശിച്ചു. നാലമത്തെ കുട്ടിക്ക് നല്ല ഭാവി ഉണ്ടാകാനാണ് കര്‍ത്താവിനെ ഏല്‍പ്പിച്ചതെന്നാണ് ഭാര്യയും പൊലീസിനോട് വിശദീകരിച്ചത്. കുടുംബത്തിലെ മറ്റ് ചിലര്‍ക്കും കുട്ടിയെ ഉപേക്ഷിച്ച വിവരം അറിയാമായിരുന്നു. സിസിടിവിയുണ്ടെന്ന ബോധമില്ലാതെയാണ് ഇവര്‍ കുട്ടിയെ പള്ളിയില്‍ വച്ചത്. കുടുംബത്തിലെ പരാധീനതകള്‍ പൊലീസിനോട് ഭാര്യയും എണ്ണിയെണ്ണി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പള്ളിയിലെത്തിയ ദമ്പതികള്‍ ഓറഞ്ച് കളര്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ പാരിഷ് ഹാളിന് സമീപം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ യുവാവ് കുഞ്ഞിന് ഉമ്മ നല്‍കിയ ശേഷം തറയില്‍ കിടത്തി വേഗത്തില്‍ നടന്നു പോകുകയായിരുന്നു.

ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. കുഞ്ഞിനെ എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പള്ളിയില്‍ ഉപേക്ഷിച്ച കുട്ടിയുള്ളത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

...........................................................................................................

Tags: Couples left infants in Edappally church, Edappally St. george Ferona Church, infant is abundant in church, News source: Marunadan Malayali, Malayalam news, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.