Header Ads

അലയണം ഗൗരി; അലയുക തന്നെ വേണം, നിന്റെ ഈ ആത്മാവ് :

                                 - മനുവിത്സൻ



🐾 ഗൗരി, ഞാനറിയുന്നിന്ന്, നീ -
       മരണത്തിന്റെ കാലടികൾ
       പിന്തുടർന്ന്    പോയവളല്ല.
       മറിച്ച് പിന്തുടർന്ന മരണത്തിന്,
       ജീവിതം ഭിക്ഷ നൽകിപ്പോയവൾ.

🔥 ഗൗരി,  ഞാനറിയുന്നിന്നു,   നീ -
       മാളോർക്ക് വെറുമൊരാത്മാവ്.
       നിനക്ക് നീയാര്? ഉര ചൊല്ലു നീ
       അസുരമന്നൻ ലങ്കേശ പുത്രി.

 🔴 ഗൗരി,  ഞാനറിയുന്നിന്നു,   നീ -
        മത  വെറിയുടെ   പേവിഷ -
        ത്തീണ്ടലിനെതിരെ, സ്വന്തം
        നെഞ്ച്  കാട്ടി,   ഭിക്ഷയായ് -
        ആത്മാവീ,  ഭൂമിക്ക്  ബലി-
        കൊടുത്ത, രാവണ പുത്രി.

🌹  ഗൗരി,  ഞാനറിയുന്നിന്നു,   നീ -
        നിനക്കാത്മ ശാന്തിക്കായ് കേഴില്ല.
        അത് നിനക്ക് ഞാൻ നേരുന്നുമില്ല
        അലയുകീ ഭൂമിയിൽ നീയാത്മാവായി
        പ്രതികാരമില്ലാത്ത പീഡാനുഭവമായി.

🖤      ഗൗരി,  ഞാനറിയുന്നിന്ന്,   നീ -
        ഇനിയൊരിക്കലും ഉണരില്ലെന്ന്.
        നിനക്ക് അർപ്പിക്കാൻ കരുതി വച്ച
        ഈ കറുത്ത സ്നേഹം, വരേണ്യ -
        പേവിഷത്തോടുള്ള എന്റെ മറുപടി.

🖤      ഗൗരി,  വൈകി ഞാനറിയുന്നിന്ന്,
        ഒന്നുമൊരിക്കലുമെവിടെയും
        അവസാനിച്ചിടാത്തയീ സമിഥം,
        അതിൽ നീ തേടിയ ശരിയുത്തരം!
        ആ ഉത്തരം നിന്റെയീ മരണമെന്ന്!

        സഖീ, വെറുതേ, വെറുതേയെങ്കിലും,
        അതൊരു സ്വപ്നമായിരുന്നെങ്കിൽ?

        ഗൗരീ, വെറുതേ, വെറുതേയെങ്കിലും,
        വേട്ടനായ്ക്കളാൽ, നീ നെഞ്ച് ചിതറി
        പ്രാണൻ വേട്ട് മരിക്കാതിരുന്നെങ്കിൽ?

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.