Header Ads

കോടതി രചിച്ച പുതുപ്രണയ ചരിതം; അവര്‍ ജീവിക്കട്ടെ, ഭീതിയില്ലാതെ



പതിനെട്ടുകാരനായ ആണ്‍കുട്ടിക്കും പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിക്കും ഒരുമിച്ച് കഴിയാന്‍ നിയമം തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോള്‍ പൂവണിഞ്ഞത് ഹനീഷിന്റേയും റിഫാന്റേയും സ്വപ്‌നങ്ങളാണ്. ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്നം.

ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും എച്ച്. ഹനീഷിന്റെയും പ്രണയ കഥ ഇനി ചരിത്രമാണ്. പത്തൊന്‍പത് വയസ്സുള്ള റിഫാനയും പതിനെട്ട് വയസ്സുള്ള ഹനീഷിനേയും പിരിക്കാന്‍ ഇനിയാര്‍ക്കുമാകില്ല. പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നേരിട്ടുകൊണ്ട് ജീവിത വഴിയില്‍ മുന്നോട്ട് പോവുകയാണ് ഇരുവരും. ആര്‍ക്കും ഇനി ഇവരെ വേര്‍പെടുത്താനാകില്ല. ആലപ്പുഴയിലെ ഈ യുവ പ്രണയിതാക്കള്‍ ഇനിയും ഒരുമിച്ച് തന്നെ ജീവിതം തുടരും.

ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയന്‍കാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയം. പക്ഷേ ആരും അംഗീകരിച്ചില്ല. കുട്ടിക്കളിയായി കണ്ട് വേര്‍പിരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇരുവരും ഒളിച്ചോടി.

പിന്നീട് വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങളെ എല്ലാവരും ഉപദേശിച്ചിരുന്നത്. പക്ഷേ ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ ആയില്ല. ഞങ്ങള്‍ യോജിച്ചെടുത്ത തീരുമാനം ആണ്. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഒളിച്ചോടിപ്പോയത്. ഏപ്രിലാണ് രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കള്‍ ആലപ്പുഴ പൊലീസില്‍ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രില്‍ 22ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാന്‍ കോടതി ഉത്തരവായി. എന്നാല്‍ റിഫാനയുടെ കടുംബം ഇത് അംഗീകരിച്ചില്ല.

ഹൈക്കോടതിയെ സമീപിച്ച് റിഫാനയ്ക്ക് വിവാഹം പ്രായമായില്ലെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പിന്നെ കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. അത് പുതിയ ചരിത്രവും എഴുതി. തങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും റിഫാനയും ഹനീഷും കോടതിയില്ഡ വ്യക്തമാക്കി. ഹനീഷിന് 21 വയസ്സാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോള്‍ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹരജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.

യുവാവ് കുട്ടിയെന്ന നിര്‍വ്വചനത്തില്‍ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാല്‍ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ജീവിക്കാന്‍ കഴിയും. കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഈ പ്രണയത്തിന് പുതിയ തലം വന്നു.

പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച് ജീവിക്കുന്നത് സര്‍വസാധാരണമായ സമൂഹത്തില്‍ കണ്ണടച്ച് ഇരിക്കാന്‍ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതിവ്യക്തമാക്കി. പ്രായപൂര്‍ത്തിയയവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. ഇവിടെ പെണ്‍കുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
...........................................................................................................

Tags: Kerala High Court allowed 18 year old boy and 19 year old girl to live together, The love story of Shifana and Haneesh, News source: Marunadan Malayali, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.