Header Ads

നിയമത്തെയും, പിന്നെ കുറേ വെറും വിശ്വാസങ്ങളെയും കുറിച്ച്:

Written by Adv CV Manuvilson


ശരിയും തെറ്റും കണ്ടു പിടിക്കാനുള്ള ഉപകരണങ്ങളാണ് കോടതിയും നിയമവും എന്നതു പൊതുവെ നാട്ടിൽ പ്രചാരത്തിൽ ഉള്ള ഒരു ചൊല്ലാണ്. കോടതി വിധിക്കുന്നതെല്ലാം ശരികളും, അല്ലാത്തതൊക്കെ തെറ്റുകളും ആയി മാറുന്ന ഒരു കലഘട്ടത്തിൽ ജീവിക്കുന്നവർ എന്ന നിലയിൽ, ഈ നാടൻ ചൊല്ലിന്റെ പൊരുൾ അന്വേഷിക്കപ്പെടേണ്ടതാണ്. ഇവിടെയാണ് നിയമവും പിന്നെ നമ്മുടെ കുറേ വെറും വിശ്വാസങ്ങളും പുനർ വായിക്കപ്പെടേണ്ടത് അത്യാവശ്യമായിത്തീരുന്ന സാഹചര്യം.

നിയമം ശരിയും തെറ്റും നിർവചിച്ച്, എല്ലവരോടും ശരികൾ മത്രം ചെയ്യാൻ അഹ്വാനം ചെയ്തിട്ടുണ്ടെന്നു ആരെങ്കിലും ധരിച്ചു പോയിട്ടുണ്ടെങ്കിൽ അതു വെറും തെറ്റിധാരണ മാത്രമാകാനേ തരമുള്ളു. വസ്തുതാപരമായി, അത് അങ്ങനെയല്ല. ഇവിടെ, എന്താണ് നിയമം എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു വെറുതെ നേരം കളയാൻ എനിക്ക് തെല്ലും ഉദ്ദേശമില്ല. എന്റെ അഭിപ്രായത്തിൽ നിയമം കുറെ ശരികളുടെ കൂട്ടമാണ്. ഇത്തിരി കൂടി വ്യക്തമാക്കി പറഞ്ഞാൽ, തീർത്തും ആപേക്ഷികമായ കുറേ ശരികളുടെ കൂട്ടം. ആ ശരികൾക്കുള്ളിൽ എവിടെയോ കിടപ്പുണ്ട്, നിയമം എന്ന കോടതിവാക്കും, ഒപ്പം നീതി എന്ന സംജ്ഞയും. പലപ്പോഴും നിയമം എന്ന വാക്കിന്റെ പര്യായമായോ, അതോ നിയമം തന്നെയായോ നമ്മിൽ പലരും തെറ്റിദ്ധരിക്കാറുള്ള അതേ വാക്ക്, നീതി. 

[അതേ കുറിച്ച് പറയാം, ഇപ്പോഴല്ല, പിന്നെ.]

ഇപ്പോൾ പറയാനുള്ളത്, നിയമത്തെക്കുറിച്ചാണ്.

-നിയമം നിർവചിക്കുന്നത് കുറ്റങ്ങളെയാണ്, ശരി-തെറ്റുകളെയല്ല. കുറ്റം ചെയ്യരുതെന്ന ഒരു വിലക്കും നിയമം ആർക്കും മുന്നിൽ വയ്ക്കുന്നില്ല. മറിച്ചു, കുറ്റം ചെയ്താൽ, അതു ചെയ്തവൻ അതിന്റെ ശിക്ഷ ഏറ്റു വങ്ങേണ്ടി വരുന്നതുൾപ്പെടേയുള്ള സകല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും എന്ന മുന്നറിയിപ്പു മാത്രമെ അതു നൽകുന്നുള്ളൂ.

തെറ്റായ നിയമം അനുസ്സരിക്കില്ലെന്ന പ്രഖ്യാപനം നടത്തി, തന്റെ നിയമ ലംഘന പ്രസ്ത്ഥാനത്തെ മഹാത്മജി ന്യായീകരിച്ചതു വളരെ ശ്രദ്ധെയമാണ്. 

അദ്ദേഹം എഴുതി:

“ലോകത്തൊരു ഗവണ്മെന്റും തങ്ങളുടെ പ്രജകളോട് നിങ്ങൾ ഈ കുറ്റ ക്രുത്യം ചെയ്യരുതെന്നു പറയുന്നില്ല. മറിച്ച് അതു പറയുന്നതു, നിങ്ങൾ ഈ കുറ്റം ചെയ്താൽ ഞങ്ങൾ നിങ്ങളെ ശിക്ഷിക്കും എന്നാണ്.

അപ്പോൾ, കുറ്റം ചെയ്യാതിരിക്കുക ഒരു കടമയല്ല, മറിച്ചു ഒരു വിവേചനം ആണ്. അഥവാ, അതു വെറും വിവേചനം മാത്രമാണ്. പൌരനെന്ന നിലയിൽ ഒരാൾക്കു, നിയമം കുറ്റം എന്നു നിർവ്വചിച്ചിരിക്കുന്ന ഒരു പ്രവൃത്തി, ഒന്നുകിൽ ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ, കുറ്റം ചെയ്യാൻ തീരുമാനിക്കുന്നയാൾ, അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും നേരിടണമെന്നു മാത്രം.

ഒരു ഉദാഹരണത്തിലൂടെ ഇതിനെ വ്യക്തമാക്കാം. തന്റെ കയ്യിൽ 500 രൂ. സ്വന്തമായുള്ള, പുക വലിക്കുന്ന വേളയിൽ പിടിക്ക പെട്ടാൽ ആ തുക പിഴയായ് നൽകാൻ ഒരുക്കമുള്ള ആർക്കും പൊതു സ്ഥലത്ത് പരസ്യമായി പുക വലിക്കാം എന്ന് പറഞ്ഞാൽ, ഉൾക്കൊള്ളാൻ ഇത്തിരി പ്രയാസമാണെങ്കിലും, വാസ്തവമതല്ലേ? അങ്ങിനെ നോക്കുംബോൾ, തന്റെ കൈവശമുള്ള 500 രൂ. പിഴയായി നൽകാൻ തയ്യാറുള്ള ആർക്കും പൊതുസ്ഥലത്തു പരസ്യമായി പുക വലിക്കാനുള്ള അവകാശമുണ്ടെന്ന്, തലകുനിച്ചെങ്കിലും, സമ്മതിക്കാതെ തരമില്ലെന്ന് തൊന്നുന്നു. പക്ഷേ അങ്ങനെയെങ്കിൽ, പ്രത്യാഘാതം ഏറ്റു വാങ്ങാൻ തയ്യാറുള്ള, ശിക്ഷ ഏറ്റുവാങ്ങാൻ ഒരുക്കമുള്ള ആർക്കും കുറ്റം ചെയ്യാനുള്ള അവകാശം നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് കരുതേണ്ടി വരുമോ? * എത്ര ഭയാനകമാണ് ആ ചിന്ത തന്നെ?

ആരും കുറ്റം ചെയ്യില്ല എന്നതു ഒരു വിശ്വാസമാണ്. ആ വിശ്വാസം തകർക്കുന്നവരാണ് കുറ്റവാളികൾ. ഈ വെറും വിശ്വാസത്തിൽ കെട്ടിപൊക്കിയ ഗോപുരമാണ് നമ്മുടെ നിയമ വാഴ്ച്. ഒരു രാജ്യത്തിലെ മുഴുവൻ കുറ്റവാളികളും ആ വിശ്വാസത്തെ മുഖവിലക്കെടുക്കുംബോൾ മാത്രം പ്രായോകികമാകപ്പെടുന്ന ഒന്നാണ് ഈ സുന്ദര സുരഭില വിശ്വാസം.

നിയമത്തിലും നിയമ വാഴ്ച്ചയിലും വിശ്വാസതിനുള്ള പങ്ക് വളരെ വലുതാണ്. ഒരാളും നിയമത്തിന് അതീതനല്ലെന്നു വിശ്വസിക്കുമ്പോളും, ആരൊക്കെയോ നിയമത്തിനു അതീതരായ് ഉണ്ടെന്ന തിരിച്ചറിവു പോലും നമ്മുടെ അടിസ്ഥാന വിശ്വാസത്തിനു കാതലായ ഒരു വ്യത്യാസവും ഉണ്ടാക്കിയിട്ടില്ല. വൈകിട്ട് 8 മണി മുതൽ, അടച്ചിട്ട കടത്തിണ്ണകളിൽ ഉറങ്ങാനായി ഇടം തേടുന്നവരുടെ എണ്ണം കൂടിവരുന്നു എന്ന പതിവു ദ്രുശ്യം ശ്രദ്ധിക്കുന്ന ആർക്കും ഞാനീ പറഞ്ഞ വിശ്വാസത്തിന്റെ പ്രസക്തി വായിച്ചുഎടുക്കാവുന്നതാണ്. 

സ്വന്തമായി ഒന്നുമില്ലാത്ത ഒരു കൂട്ടം സ്വതന്ത്ര ഭാരതീയർ ! തങ്ങളുടെ സ്വകാര്യ നേട്ടങ്ങൾക്ക്, എന്തിനു, പ്രാഥമിക ആവശ്യങ്ങൾക്കായി പോലും, ഗതിയില്ലാത്ത വിധം കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ട അവസ്ഥയിലേക്ക്, ഗതികേടുകൾ കൊണ്ട് ചെന്നെത്തിയവർ. ഇതിലൊരുവൻ ചിന്തിക്കുന്ന, എന്തിനു താൻ ഒരു കുറ്റകൃത്യം ചെയ്യാതിരിക്കണം? താൻ ചെയ്യുന്ന ഏതു കുറ്റത്തിനും ലഭിച്ചേക്കാവുന്ന കൊടിയ ശിക്ഷ എന്നത്, നിലവിൽ താൻ അനുഭവിച്ചു പോരുന്ന ദുരവസ്ഥയേക്കാൾ ഒരിക്കലും വലുതാകില്ലെന്ന യഥാർത്ഥ്യം നില നിൽക്കെ, എന്തിനു താനൊരു കുറ്റം ചെയ്യാതിറ്റിക്കണം എന്നയാൾ ചിന്തിച്ചാൽ, എന്തു പറയും, മറുപടിയായിട്ട്?

സാധാരണ ഗതിയിൽ, ഈ ചോദ്യത്തിനു ഒരു ഉത്തരവുമില്ല..

പക്ഷെ, എന്നിട്ടും നമ്മൾ പരിഷ്കൃതർ, അടിയുറച്ചു വിശ്വസിക്കുന്നു, ആരും നിയമം ലംഘിക്കില്ലെന്നും, കുറ്റം ചെയ്യില്ലെന്നും.


അടിയുറച്ച ഈ വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണെന്നു എനിക്കറിയില്ല. ഒരു പക്ഷെ അതും ഒരു വിശ്വാസമാകാം. പരിഷ്കൃതരായ നമ്മൾ കുറെ പേർക്കായി, തെണ്ടി പരിഷകളായ അവർ യാതൊരു കുറ്റവും ചെയ്യാതെ, നിയമം ലംഘിക്കാതെ, മര്യാദയ്ക്ക് ജീവിച്ചു കൊള്ളും എന്ന നമ്മുടെ സംസ്കാരത്തിന്റെ ആത്മവിശ്വാസം. ഒരു പക്ഷേ, ആ വിശ്വാസം മാത്രമാണോ, സൗഭദ്രമെന്ന് കരുതി നാം അഭിമാനിക്കുന്ന നമ്മുടെ നിയമവാഴ്ച ?

ഹോ! ഭയാനകം!!

[ ADV CV മനുവിൽസൻ]


Tags: Adv Manuvilson, CV manu Wilson, Manuvilsan, Lexi Loci, Advocates associates, Kerala High Court 

No comments

Powered by Blogger.