കെവിന്‍ വധത്തില്‍ ചരടുവലിച്ച രഹ്നയെ സംരക്ഷിക്കുന്നത് പോലീസ് ഉന്നതന്‍: എ എസ് ഐ ബിജു
മകളെ വിവാഹം കഴിച്ച കെവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക്
നിര്‍ദേശം കൊടുത്തത് നീനുവിന്റെ അമ്മ രഹ്നയാണെന്ന് വിവരം നേരത്തെ തന്നെ
പുറത്തുവന്നിരുന്നു. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം ആയിട്ടും
എന്താണ് രഹ്ന മാത്രം കാണമറയത്ത് നില്ക്കുന്നത്. കാര്യം നിസാരമാണ്. രഹ്നയുടെ
അടുത്ത ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്നും പ്രതികളെ
രക്ഷിക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും
റിമാന്‍ഡിലുള്ള ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു തന്നെയാണ് കോടതിയില്‍
വെളിപ്പെടുത്തിയത്. അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്നാണ്
മുഹമ്മദ് റഫീഖിന്റെ പ്രതികരണം.
ചാക്കോയും സാനുവും കീഴടങ്ങുന്നതിനു മുന്‍പു രഹ്നയെ ഭദ്രമായ സ്ഥലത്ത്
എത്തിച്ചിരിക്കുമെന്നാണു പോലീസ് കരുതുന്നത്. തെന്മല ഒറ്റക്കല്ലിലെ
വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവില്‍
നാട്ടുകാര്‍ കണ്ടത്. തെന്മലയിലെയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍
കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാനു ചാക്കോയുടെ ഭാര്യ മുന്‍പു ജോലി
ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍
നടത്തുന്നുണ്ട്. ഇതിനിടെ, രഹ്നയുടെ ചില അടുത്ത ബന്ധുക്കള്‍ പോലീസിന്റെ
നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതായും സൂചനയുണ്ട്.
അതിനിടെ കെവിന്‍ വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടലുകള്‍
നടക്കുന്നുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെ ഇതിന് ഉത്തമ
ഉദാഹരണം. ആറ്റില്‍ വീണ് മരിച്ചതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പോലീസ്
സമര്‍പ്പിച്ചിരിക്കുന്നത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട
അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍
പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
കെവിന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്
ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയോട് അന്വേഷിച്ചിരുന്നു.
കേസിന്റെ അന്വേഷണം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നതായി എസ്പി
അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് കേസ്
അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് എസ്പി നിര്‍ദ്ദേശിച്ചത്.
ഷാനുവിന്റെ ജോലി തെറിച്ചു
കോട്ടയം മാന്നാനത്ത് കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു
ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചു. ഷാനു ജോലി ചെയ്തിരുന്ന സ്ഥാപനം ഇയാളെ
പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം
നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ
വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും
മാനേജര്‍ വെളിപ്പെടുത്തി.
സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി
എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തില്‍
തിരുവനന്തപുരത്ത് എത്തുന്നത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷാനു ജാമ്യം
ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ്
കമ്പനിയുടെ തീരുമാനം. ശനിയാഴ്ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ
വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്പനിയുടെ മാനേജര്‍ പ്രതികരിച്ചു.
സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്.
അതിനാല്‍ അപ്പോള്‍ തന്നെ അവധിയും നല്‍കി. എന്നാല്‍ പിന്നീട് ടി.വിയില്‍
നിന്നാണ് ബാക്കി കാര്യങ്ങള്‍ അറിഞ്ഞത്. ഷാനുവിനെ നാല് വര്‍ഷമായി അറിയാം.
ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി.
അതേസമയം കെവിന്‍ വധക്കേസില്‍ കോടതിയില്‍ പോലീസ് നല്‍കിയ റിമാന്‍ഡ്
റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ പ്രതികളെ സഹായിക്കുന്നതാണെന്ന് ആരോപണം.
കെവിനെ പ്രതികള്‍ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാന്‍ഡ്
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദനമേറ്റ് അവശനായി കിടന്നയാള്‍ക്ക്
എങ്ങനെയാണ് പുഴയിലേക്ക് ഓടാന്‍ സാധിക്കുക എന്ന ചോദ്യം ന്യായമായും
ഉയരുന്നു. സ്വന്തമായി ഓടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ക്ക് കാര്യമായി
മര്‍ദനമേറ്റിട്ടില്ല എന്ന വാദം ഉയര്‍ത്തി പ്രതിഭാഗത്തിന് നേരിടാനാകും.
അങ്ങനെയൊരു വാദം ഉയര്‍ന്നാല്‍ കേസ് ദുര്‍ബലമാവുകയും ചെയ്യും.
കെവിന്‍ ഓടിപ്പോയി എന്ന മൊഴിയില്‍ പ്രതികള്‍ ഇപ്പോഴും ഉറച്ചു
നില്‍ക്കുകയാണ്. ഇതിന്റെയര്‍ഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു
എന്നു തന്നെയാണ്. ഇപ്പോള്‍ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയില്‍ വീണ്
വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാന്‍
കഴിയുന്നയാള്‍ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന
ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ്
പോലീസിന്റെ റിപ്പോര്‍ട്ട്.
..........................................................................................
Tags: High police officer is helping Neenu's mother Rehna, Honor killing in Kerala, Kottayam, death of Kevin, the culprit Shanu lost his job in Dubai, Police is still supporting the culprits: ASI Biju accused: News source: Rashtradeepika, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല