Header Ads

കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു




ചെന്നൈ: പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ച കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇത് കണ്ട സവര്‍ണ്ണ ജാതിയില്‍പ്പെട്ടവര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയാണെന്നാരോപിച്ച് യുവാക്കളുമായി വാക്കേറ്റത്തി ലേര്‍പ്പെടുകയായിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്.

തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ദളിതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിനാധാരമെന്നാണ് എന്‍.ജി.ഒ സംഘടനകളുടെ റിപ്പോര്‍ട്ട്.

പൊലീസില്‍ പരാതിപ്പെട്ടതോടെ രണ്ട് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദളിത് ഗ്രാമത്തിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു.

ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.

പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദു കുടുംബങ്ങളുമാണുള്ളത്.
....................................................................................................................

Tags: 3 dalits are murdered in Sivaganga district, Tamilnadu, dalits are suffering from religious hindus, News source: Dool News, Malayalam news, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.