Header Ads

കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എ എസ് ഐ ബിജുവിനും പങ്ക്; ഗുണ്ടകള്‍ കെവിന്റെ വീടു കണ്ടുപിടിച്ചത് പോലീസ് സഹായത്തോടെ



പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്ക് എല്ലാ സഹായവും നല്‍കിയത് എഎഎസ് ഐ ബിജുവെന്ന് വ്യക്തം. മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നോക്കി നിന്നെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിനെ അടക്കി വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കിയെന്നും ഐജിയുടെ അന്വേഷണത്തില്‍ വ്യക്തമായി. തെന്മലയില്‍ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

കെവിന്റെ തട്ടിക്കൊണ്ടുപോകലില്‍ ഗാന്ധിനഗര്‍ പൊലീസ് പങ്കാളിയായെന്ന് വ്യക്തമാക്കുന്ന ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കേരളാ പൊലീസ് നാണക്കേട് കൊണ്ട് മുഖം കുനിക്കുന്നത്. എഎസ്‌ഐ ബിജുവിനെതിരേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമികള്‍ക്ക് വീട് കാട്ടിക്കൊടുത്തതും സംഘത്തെ പോകാന്‍ അനുവദിച്ചതും ബിജുവാണെന്ന് ഡിജിപിക്ക് ഐജി കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യത്തില്‍ പൊലീസ് പങ്കാളിയായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഐജി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി ഷാനു ഉള്‍പ്പെട്ട അക്രമിസംഘത്തിന് ബിജുവിന്റെ സഹായം കിട്ടിയെന്നാണ് പുതിയ കണ്ടെത്തല്‍.

കാര്യങ്ങളറിഞ്ഞിട്ടും എഎസ്‌ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോള്‍ എഎസ്‌ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിര്‍ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. തട്ടിക്കൊണ്ടുപോയ ഉടന്‍ സംഭവം പൊലീസ് അറിഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ മനപ്പൂര്‍വം പൂഴ്ത്തിയത് എഎസ്‌ഐയാണെന്നാണ് ഐജി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ചതും ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവാണ്. ബിജു പ്രതികളുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ആറ് മണിക്ക് സംസാരിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ എഎസ്‌ഐ ബിജു മാന്നാനത്ത് എത്തിയിരുന്നു.

ഞായാറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എസ്‌ഐ ഷിബു വിവരം അറിയുന്നത്. അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്‌നമാക്കി മാറ്റി. കോട്ടയം ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിഞ്ഞില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം എസ്‌ഐ ഷിബുവിനൊപ്പം സസ്‌പെന്റ് ചെയ്യപ്പെട്ട എഎസ്‌ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിങ്‌സടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്.

സംക്രാന്തിക്കാരനായ കെവിന്‍ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടില്‍ നിന്നായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ മിക്കവാറും. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലില്‍ ആക്കിയ ശേഷം കെവിന്‍ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. സംഭവത്തില്‍ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താന്‍ അക്രമിസംഘത്തിന് സഹായകമായത് എഎസ്‌ഐയുടെ നിലപാടായിരുന്നു. ഇക്കാര്യത്തിലുള്ള ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടിനായുള്ള അന്വേഷണവും പൊലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടില്‍ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോള്‍ തന്നെ സമീപവാസികള്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അക്രമികള്‍ ഭയപ്പെടുത്തി. നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാന്‍ അവസരം നല്‍കി.

കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പൊലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല. മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാക പോലും ചെയ്തില്ല. ഇതിന് പിന്നിലും എഎസ്‌ഐയുടെ ഇടപെടലുണ്ട്. പ്രതികളുമായി ഒത്തുതീര്‍പ്പിന് ബിജു നീക്കം നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വ്യക്തമാണ്. ബിജുവുമായി ഷാനുവിന്റെ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. അക്രമം നടക്കുമെന്നും കെവിനെ തട്ടിക്കൊണ്ടു പോയത് ഷാനുവാണെന്നും ബിജുവിന് കൃത്യമായ വിവരം ഉണ്ടായിരുന്നെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെവിന്‍ ചാടിപ്പോയെന്നും അങ്ങ് എത്തിയാണോ ചാടിപ്പോയതെന്നും ബിജു ചോദിക്കുന്നുണ്ട്. ഇതെല്ലാം ഗൂഢാലോചനയില്‍ ബിജുവിനുള്ള ബന്ധത്തിന് തെളിവാണ്.

അനീഷിനെ തിരിച്ചു തരാമെന്നും വീട്ടില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും നീനുവിനെ തിരിച്ചു തരാന്‍ സഹായിക്കണം എന്നും ഷാനു ആവശ്യപ്പെടുമ്പോള്‍ കഴിയാവുന്നത് പോലെ എല്ലാം ചെയ്തു തരാം എന്നാണ് ബിജു നല്‍കുന്ന മറുപടി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഷാനു ബിജുവിനെ വിളിക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അനീഷിന്റെ മാന്നാനത്തെ വീട് അക്രമിച്ച് അനീഷിനെയും കെവിനെയും ഷാനുവും കൂട്ടരും തട്ടിക്കൊണ്ടു പോയത്. ഈ ഓഡിയോയുടെ വിശദാംശങ്ങള്‍ മറുനാടന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. അതിന് ശേഷമാണ് ഐജിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേസില്‍ ബിജുവിനെ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.

സംഭവത്തില്‍ പിറ്റേന്ന് കെവിന്റെ പിതാവും നീനുവും പരാതി നല്‍കിയിട്ടും എസ്‌ഐ ഷിബു കാര്യമായ നടപടിയെടുക്കാന്‍ കൂട്ടാക്കാതിരുന്നത് ഷാനുവിനുള്ള സഹായം എന്നവണ്ണം വിവരം അറിഞ്ഞുകൊണ്ടായിരുന്നോ എന്നാണ് സംശയവുമുണ്ട്. അക്രമിസംഘം വിട്ടയച്ച കെവിന്റെ ബന്ധു അനീഷ് തട്ടിക്കൊണ്ടു പോകലിന് ശേഷം മടങ്ങി വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴിയില്‍ പൊലീസിന് തങ്ങള്‍ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. അവര്‍ അനങ്ങില്ല എന്ന് തട്ടിക്കൊണ്ടു പോകലിനിടയില്‍ ഷാനു തന്നോട് പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഐജിയുടെ നേതൃത്വത്തില്‍ വിശദമായി തന്നെ പൊലീസ് പരിശോധിക്കുന്നുണ്ട്.

...........................................................................................................

Tags: Gandhinagar police ASI Biju was also involved in the case, ASI helped the culprits by accepting bribe, SI Shibu, honour killing in Kerala, Kottayam, News source: Malayalam Manorama, Malayalam News, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.