Header Ads

നഴ്‌സ് ലിനി ഇനി അനശ്വര രക്തസാക്ഷി, അമ്മയ്ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ കഴിയാതെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തില്‍ രാത്രി തന്നെ സംസ്‌ക്കരിച്ചു. രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാനായിരുന്നു ഇത്. നിപ ബാധിച്ച് മരണപ്പെട്ടവരെ ചികിത്സിക്കുന്നതിനിടെയാണ് ലിനി എന്ന എന്‍ആര്‍എച്ച്എം നഴ്‌സ് മരണപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിയുടെ വിയോഗം ഒരു രക്തസാക്ഷിത്തമാണെന്നാണ് നഴ്‌സിങ് സമൂഹം പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിയാണെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ലിനിയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. എന്‍ ആര്‍ എച്ച് എം മുഖേനയാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നത്. പിഎസ്ഇ വഴി നിയമിതരായ നഴ്‌സുമാരേക്കാള്‍ കുറഞ്ഞ ശമ്പളമായിരുന്നു അതിനാല്‍ ഇവര്‍ക്കും ലഭിച്ചിരുന്നത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു ലിനി. ഇവരുടെ വിയോഗത്തോടെ ആ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടമായി.

നിപ ബാധിച്ച് മരിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന ലിനിയെ മരണം തേടിയെത്തിയത് അതേ രോഗം പടര്‍ന്നുപിടിച്ചാണ്. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്തബന്ധുക്കളെ മാസ്‌ക്ക് ധരിച്ച് മൃതദേഹം കാണാന്‍ അനുവദിച്ചു. എങ്കിലും മക്കള്‍ക്ക് ഒരു അന്ത്യചുംബനം നല്‍കാനുള്ള അവസരം പോലും ലഭിക്കാതെയാണ് ലിനി യാത്രയായത്. രാത്രി രണ്ട് മണിയോടെ മരിച്ച ലിനിയെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ ഉടനടി സംസ്‌ക്കരിക്കുകയായിരുന്നു. രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്.


രോഗവുമായി ഹോസ്പിറ്റലില്‍ വരുന്നവരെ സ്വന്തം അച്ഛനും അമ്മയുമായി കണ്ടു കൊണ്ടാണ് ഓരോ നഴ്‌സുമാരും ജോലിയിടുക്കുന്നത്, അതുകൊണ്ട് തന്നെ ഡോക്ടര്‍മാരെക്കാള്‍ വൈറസ് പെട്ടന്ന് പിടിപെടുവാന്‍ നഴ്‌സുമാര്‍ക്ക് സാധ്യത കൂടുതലാണ്. ഗവണ്മെന്റ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വേണ്ടത്ര പ്രൊട്ടക്ഷന്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായി നഴ്‌സുമാരുടെ സംഘടനകളും അഭിപ്രായപ്പെടുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് മരണപ്പെട്ട ലിനി. നേരത്തെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലിനി. ഒരു വര്‍ഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിയമിതയായത്. ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ അനുവദിക്കുകയും കുടുംബത്തിലെ ഒരംഗത്തിനു ഗവണ്മെന്റ് ജോലി നല്‍കി സഹായിക്കണമെന്നും സര്‍ക്കാറിനോട് യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. അവള്‍ അനശ്വര രക്തസാക്ഷിയാണെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ലിനിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ജാസ്മിന്‍ പറഞ്ഞു.

എല്ലാവരോടും അനുകമ്പയോടും സ്‌നേഹത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു ലിനിയെന്നാണ് സഹപ്രവര്‍ത്തകരും പറയുന്നത്. ലിനിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് ഇവര്‍. അതേസമയം വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയും പേരാമ്പ്ര താലൂക്ക് ആശുപത്രിയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. ലിനയുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാണ്. അടുത്തിടപഴകിയവരുടെ രക്തസാമ്പിള്‍ അടക്കം ശേഖരിച്ച് പരിശോധന നടത്താനും രോഗം പടരുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു.

നിപ വൈറസിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയിരുന്നു. വവ്വാലുകള്‍ പുറത്ത് പോകാതിരിക്കാന്‍ കിണറ് മൂടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് പകരുന്നത് വവ്വാലുകളിലൂടെയാണോയെന്ന് വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപാ വൈറസ് ബാധിച്ചവര്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെങ്കില്‍ ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും, പണമില്ലെന്ന കാരണത്താല്‍ ആരുടെയും ചികിത്സ മുടങ്ങരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മൂന്നിടത്ത് ആരോഗ്യ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നിപാ വൈറസ് മൂലമുള്ള പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പേരാമ്പ്രയ്ക്ക് സമീപം പന്തിരിക്കര, ചെറുവണ്ണൂര്‍, ചെമ്പനോട എന്നിവിടങ്ങളിലാണ്ആരോഗ്യ വകുപ്പിന്റെ ക്യാമ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദര്‍ശിക്കും. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ചവര്‍ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതര്‍ നല്‍കിയ ജാഗ്രാതാനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.

...................................................................................................

Tags: Nurse Lini, Nipah virus, death of nurse Lini, State government opened control room to help people, News source: Marunadan Malayali, News Source: Thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.