Header Ads

ഭാര്യയെ ചുട്ടുകൊന്ന വിരാജിനെ പിടികൂടാനായില്ല: കൊലയ്ക്കു കാരണം വൈരാഗ്യമെന്ന്തൃശൂര്‍ ഭാര്യയെ നാട്ടുകാര്‍ നോക്കി നില്‍ക്കെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് വിരാജിനെ പിടികൂടാനായില്ല. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീത്തുവും ആറുവര്‍ഷമായി ദമ്പതികളായിരുന്നു. എന്നാല്‍ ഇരുവരും പിണങ്ങി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു കൊല. ഇതിനായി ജീത്തുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനു സഹായിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരാണെന്നു പറയപ്പെടുന്നു.

വിരാജിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. കൃത്യം നടത്തി കടന്നു കളഞ്ഞ ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു ജീത്തുവിന്റെ അച്ഛന്‍ ജനാര്‍ദനനും പറയുന്നു. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീത്തുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു. ഇതെല്ലാം ഗൂഢാലോചനയ്ക്ക് തെളിവാണ്. എന്നാല്‍ ഇത്തരത്തില്‍ കേസ് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല എന്നാണ് ജീത്തുവിന്റെ അച്ഛന്‍ പറയുന്നത്.

ആറുവര്‍ഷം മുമ്പാണ് വിരാജും ജീത്തുവും വിവാഹിതരായത്. അഭിപ്രായ വ്യത്യാസങ്ങള്‍മൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബ ശ്രീയില്‍നിന്ന് ജീത്തു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ഗീതു ഓട്ടോറിക്ഷയില്‍ എത്തി. ഇതിനിടെയാണ് സംഭവം നടക്കുന്നത്. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോള്‍ ഒഴിച്ച് ഗീതുവിനെ തീകൊളുത്തി. ജീത്തു ഇവിടേക്കു വരുന്ന കാര്യം വിരാജിനെ അറിയിച്ചത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് എന്നാണ് കരുതുന്നത്. എന്നാല്‍, ഇത്തരമൊരു ക്രൂരത വിരാജ് കാണിക്കും എന്നതിനെക്കുറിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അറിവുണ്ടായിരിക്കാന്‍ വഴിയില്ല. പക്ഷേ, അക്രമം തടയാനോ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ആരും ശ്രമിച്ചില്ല എന്നത് സംശയം ജനിപ്പിക്കുന്നു.

ജീത്തുവിനെ കൊല്ലാന്‍ പെട്രോളുമായിട്ടാണ് എത്തിയത്. പെട്രോള്‍ ഒഴിക്കുമ്പോഴും തടയാന്‍ ആരും തയ്യാറായില്ല. എന്നാല്‍, വിരാജിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. അടുത്തുണ്ടായിരുന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീത്തുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ല. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലാണ് ജീത്തുവിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തെക്കുറിച്ചു ഗീതു മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തിനു ദൃക്‌സാക്ഷിയായ അച്ഛന്‍ ജനാര്‍ദനന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. 'പലിശ കയറിയാണു കടം കുമിഞ്ഞത്. ഒന്നും ഇല്ലാത്തവരാണു ഞങ്ങള്‍. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയത്. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാള്‍ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം' ജനാര്‍ദനന്‍  പറഞ്ഞു.

എന്നാല്‍, ഈ സംഭവത്തില്‍ തങ്ങള്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതു കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്ന് ദൃക്‌സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍ പറഞ്ഞു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പെട്രോള്‍ ഒഴിച്ച ഉടനെ ജീത്തു  ഓടിയെന്നും വിരാജ് പുറകെ പാഞ്ഞുവെന്നും ഇവര്‍ പറയുന്നു. ഒരാള്‍ ജീവനോടെ വെന്തുരുകുന്നത് കണ്ടപ്പോള്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീത്തുവാണെന്ന് ഭാരവാഹികള്‍ പറയുന്നു. ജീത്തുവിനോടും അച്ഛന്‍ ജനാര്‍ദ്ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന വിരാജ് ഇത്രയും ക്രൂരമായി പെരുമാറുമെന്ന് കരുതിയില്ലെന്നും പറയുന്നു.

പ്രതി വിരാജിനെ പ്രാദേശിക സിപിഎം നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് കെപിഎംഎസ് ആരോപിച്ചു. സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

................................................................................................

Tags: Woman burnt to death by her husband, police searching for Viraj who burned her wife to death at Thrissur, Nobody helped while Jeethu was burning, Source Marunadan Malayali, Malayalam News, Thamasoma


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.