പുരോഹിതരുടെ വെള്ള കുപ്പായത്തേക്കാള്‍ നഴ്‌സുമാരുടെ വെള്ള ഉടുപ്പ് ശ്രേഷ്ഠം
മതാചാര്യന്മാരെപ്പറ്റിയുള്ള ആവലാതികളും ആക്ഷേപങ്ങളും ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ കാര്യത്തില്‍ മാത്രം
ജാതിമത വ്യത്യാസം ഉണ്ടാകുന്നില്ല. സ്ത്രീ പീഡനം, ബാല പീഡനം, ദോഷം
മാറ്റല്‍, സന്താന ലബ്ധി വരുത്തുക, പണം തട്ടല്‍, വിസ തട്ടിപ്പ് തുടങ്ങി
എല്ലാ മേഖലകളിലും ഈ കൂട്ടര്‍ കൈ വെച്ചിട്ടുണ്ട്. ഇതുപോലുള്ള ചതികളും
പറ്റിക്കലും ധാരാളം പിടിക്കപ്പെടുന്നുണ്ടങ്കിലും ഇതിന് ശാശ്വതമായ പരിഹാരം
കാണുവാന്‍ സാധിക്കാതെ വരുന്നു. നിയമത്തിന്റെ പോരായ്മയോ, സമുദായ
നേതൃത്വത്തിന്റെ കഴിവുകേടോ വിശ്വാസികളുടെ ബലഹീനതയോ എന്താണ് എന്ന്
മനസ്സിലാക്കുവാന്‍ പ്രയാസം ആകുന്നു. ഈ കൂട്ടര്‍ക്ക് ഇന്നുള്ള ചില അവിശുദ്ധ
കൂട്ടുകളും, അവയില്‍ കൂടിയുള്ള സ്വാധീനങ്ങളും വളരെ വലുതാണ്. അതിനാല്‍ ആണ്
കുറ്റവാളികള്‍ നിയമത്തിന്റെ ചില പഴുതുകള്‍ ഉപയോഗിച്ച്് രക്ഷപെടുന്നത്.
സമുദായത്തിന്റെ ഒരു ലേബല്‍ വെച്ചുകൊണ്ട് എന്തും ആകാം എന്നുള്ള ഹുങ്ക് ആണ്
ഇവരെ വലിയ തെറ്റുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. മത പുരോഹിതന്മാരുടെ
തെറ്റുകള്‍ക്ക് കുട പിടിക്കുവാന്‍ ഒരുകൂട്ടം സമുദായ നേതാക്കളും. ഇവിടെയും
മണ്ടന്മാര്‍ ആകുന്നത് താഴെത്തട്ടിലുള്ള വിശ്വാസികള്‍ തന്നെ. എല്ലാ
സമുദായങ്ങളിലും ഒരുകൂട്ടം ആളുകള്‍ സമുദായങ്ങളെ കൈപ്പിടിയില്‍
ഒരുക്കിയിരിക്കുകയാണ്. ഇതില്‍കൂടി വലിയ ഒരു വരുമാനം ഇവരുടെ കൈകളില്‍
എത്തുന്നു. ഇവര്‍ നടത്തുന്ന ക്രമക്കേടുകള്‍ ഇന്ന് മറനീക്കി
പുറത്തുവന്നുകൊണ്ടിരിക്കുന്നൂ. പാരമ്പര്യങ്ങളും, വിശ്വാസങ്ങളും
മുറുകെപ്പിടിക്കുകയും കേരളത്തിന്റെ ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും
വളരെ സംഭാവനകള്‍ നല്കിയ ക്രിസ്തീയ സഭയും ഇന്ന് പല കാര്യങ്ങളിലും
ധാര്‍മ്മികത നഷ്ടമാക്കികൊണ്ടിരിക്കുന്നൂ. ഇതിന്റെ ഉത്തരവാദികള്‍ വിശ്വാസി
സമൂഹമല്ല. അനീതികള്‍ക്ക് എതിരെ അവര്‍ പ്രതികരിക്കുവാന്‍
തുടങ്ങിയിരിക്കുന്നൂ എന്നത് ആശാവഹം തന്നെ.
സീറോ മലബാര്‍ കത്തോലിക്കാ സഭ ഇന്ന് വലിയ ഒരു പ്രതിസന്ധിയെയാണ് നേരിടുന്നത്.
അവിടുത്തെ നേതൃത്വം മുതല്‍ പുരോഹിതര്‍ വരെ പലകാര്യങ്ങളിലും സംശയത്തിന്റെ
നിഴലിലാണ്. ഈ സഭയുടെ ആര്‍ച്ചു ബിഷപ്പ് ആയ ജോര്‍ജ് ആലഞ്ചേരി പിതാവിനെ
പ്രസ്തുത സഭയിലെ ഒരു വിഭാഗം പുരോഹിതര്‍ക്ക് തന്നെ വിശ്വാസം
ഇല്ലാതെയായിരിക്കുന്നു. പുരോഹിതരെ വിശ്വാസികള്‍ക്കും. കുട്ടനാട്ടില്‍
കര്‍ഷക സ്‌നേഹം നടിച്ച്് ഒരു വൈദീകന്‍ കോടികളുടെ മുതലുമായി
മുങ്ങിയിരിക്കുന്നൂ. കുറച്ചുകാലം മുമ്പുവരെയും തെറ്റുകളെ തിരുത്തുവാന്‍
കറപുരളാത്ത നല്ല ആത്മീയ പിതാക്കന്മാരുടെ നല്ല ഒരു നേതൃത്വം എല്ലാ സഭകളിലും
ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മുകള്‍ മുതല്‍ താഴോട്ട്
ചീഞ്ഞുകൊണ്ടിരിക്കുന്നു.
കത്തോലിക്കാ സഭ ഇത്രത്തോളം പ്രതിസന്ധികളെ നേരിടുവാനുള്ള കാരണവും അതിന്റെ
ഉത്തരവാദിത്വവും അതിലെ വിശ്വാസികള്‍ക്ക് തന്നെയാണ്. ഈ സഭയിലെ അംഗങ്ങള്‍ക്ക്
പുരോഹിതര്‍ പറയുന്നതാണ് വേദവാഖ്യം. അവിടെ ഒരു ജനാധിപത്യ വ്യവസ്ഥിതി ഇന്നും
നിലവില്‍ വന്നിട്ടില്ല. ഇടയലേഖനങ്ങള്‍ ഇറക്കിയും, ദേവാലയങ്ങളില്‍
ആരാധനയ്ക്കായി എത്തുന്നവരില്‍ തെറ്റായ സന്ദേശങ്ങള്‍ നല്കിയും സഭക്കും,
അവരുടെ ഇഷ്ടക്കാര്‍ക്കും വോട്ട് നേടിയെടുക്കുന്നു. വിശ്വാസികളുടെ രാഷ്ട്രീയ
സ്വാതന്ത്ര്യം പോലും ഇവിടെ ഹനിക്കപ്പെടുന്നൂ. ദൈവത്തിന്റെ
പ്രതിപുരുഷന്മാരെ അനുസരിക്കണം, അവരെ ചോദ്യം ചെയ്യരുത് എന്ന് വീടുകളില്‍
പൂര്‍വ്വ പിതാക്കന്മാര്‍ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങളെ പിന്‍തലമുറ അപ്പാടെ
അനുസരിച്ചതിന്റെ ബലത്തില്‍ ആണ് ഈ കൂട്ടര്‍ ശക്തി പ്രാപിച്ചത്.
സഭയുടെ ഇടയന്റെ ഒത്താശയോടെ വിജയിച്ച സ്ഥാനാര്‍ഥി എന്നും
കടപ്പെട്ടിരിക്കുന്നത് വിശ്വാസികളോടല്ല, സഭയുടെ നേതൃത്വത്തോട് മാത്രം.
സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും എത്തിച്ചേരുന്നതും മുകളില്‍ തന്നെ.
ആതുരാലയത്തിന്റെ പേരിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലും
വിശ്വാസികളില്‍ നിന്നും പണപ്പിരിവ് നടത്തി അവന്റെ അദ്ധ്വാനഫലം കൊണ്ട്
കെട്ടിടവും അനുബന്ധ കാര്യങ്ങളും ലക്ഷ്യം കാണുമ്പോള്‍ പാവപ്പെട്ട വിശ്വാസി
പുറത്ത്, കാര്യങ്ങള്‍ നോക്കുവാനും കാണുവാനും മെത്രാനും അദ്ദേഹത്തിന്റെ
ചുവടുതാങ്ങികളായ ഏതാനും പുരോഹിതരും നീണ്ട ജൂബയും സ്വര്‍ണ ചെയിന്‍ ധരിച്ച
ചില കപട സഭാ സ്‌നേഹികളും. ഈ കൂട്ടരാണ് ഇന്ന് സഭയെ വിറ്റ് സുഖലോലുപതയില്‍
കഴിയുന്നത്.
സാധാരണക്കാരന് അവിടുത്തെ വരവോ ചിലവോ അറിയുവാനുള്ള അവകാശമില്ല. അവന്റെ
മക്കള്‍ക്ക് സഭയുടെ സ്ഥാപനത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇല്ല.
ആതുരസേവനത്തിന്റെ പേരില്‍ പടുത്തുയര്‍ത്തുന്ന സൂപ്പര്‍ സ്‌പെഷ്യലിറ്റി
ആശുപത്രികള്‍ തട്ടിപ്പിന്റെ മറ്റൊരു ഭാഗം ആണ്. പണക്കാരന്റെ മക്കള്‍
പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക് ജോലി കൊടുക്കുവാനുള്ള ഒരു ഉപാധി. പറച്ചില്‍
ആതുരസേവനം. കുടുംബം പുലര്‍ത്തുവാന്‍ പാവപ്പെട്ടവന്റെ മക്കള്‍ നഴ്‌സിംഗ്
പഠിച്ചിറങ്ങിയാല്‍ അവര്‍ക്ക് ജോലിയില്ല, അഥവാ ജോലി നല്‍കിയാല്‍ അതിന്
ധാരാളം ഉപാധികളും.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം നഴ്‌സുമാര്‍ക്ക് നല്കുവാന്‍ പോലും
മടികാട്ടി അതിന് മുട്ടാത്തര്‍ക്കം പറഞ്ഞവരാണ് സഭാ മാനേജ്‌മെന്റുകള്‍.
പുരോഹിതര്‍ ധരിക്കുന്ന നീണ്ട വെള്ള കുപ്പായത്തേക്കാള്‍ നൂറു മടങ്
ശ്രേഷ്ഠമാണ് നഴ്‌സുമാര്‍ ധരിക്കുന്ന വെള്ള ഉടുപ്പിന്. അതില്‍ പാപത്തിന്റെ
കറകള്‍ പറ്റിയിട്ടില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാന്‍,
മാതാപിതാക്കള്‍ക്കും തങ്ങളുടെ കൂടെ പിറപ്പുകള്‍ക്കും ഒരത്താണി ആകുവാന്‍
രാപകല്‍ കഷ്ടപ്പെടുന്നവരുടെ വിയര്‍പ്പിന്റെ അംശം മാത്രമേ ആ ഉടുപ്പുകളില്‍
പതിഞ്ഞിട്ടുള്ളൂ. സ്വന്തം മക്കള്‍ പോലും പരിചരിക്കുവാന്‍ മടികാട്ടുന്ന ഈ
കാലത്ത് അവന്റെ മുറിവുകളെ വെച്ചുകെട്ടുവാനും, മലമൂത്ര വിസര്‍ജ്യം
എടുക്കുവാനും, പുഞ്ചിരി തൂകുന്ന മുഖത്തോടെ രോഗികള്‍ക്ക് ആശ്വാസം പകരുവാന്‍ ഈ
നഴ്‌സുമാര്‍ക്കേ സാധിക്കുകയുള്ളൂ. അവരുടെ കഷ്ടപ്പാടിന്റെ വേതനം മാത്രമേ
അവര്‍ ചോദിക്കുന്നുള്ളൂ. അതിന് മുഖം തിരിച്ചുകൊണ്ട് അവരുടെ ന്യായമായ
അവകാശത്തെ നിധേധിക്കുന്ന പുരോഹിതര്‍ക്ക് ഈ വെള്ളക്കുപ്പായം ധരിക്കുവാനോ,
വിശുദ്ധ ബലി അര്‍പ്പിക്കുവാനോ അര്‍ഹത ഇല്ലാതായിരിക്കുന്നൂ.
കഴിഞ്ഞ ദിവസം ഒരു കാത്തോലിക്ക പുരോഹിതന്‍ വേഷം മാറി പിന്‍വാതിലിലൂടെ
പള്ളിയില്‍ പ്രേവേശിച്ച് ബലിയര്‍പ്പിക്കുവാന്‍ ശ്രെമിക്കുകയും
വിശ്വാസികള്‍ അദ്ദേഹത്തെ കൂകി വിളിച്ഛ് മടക്കി അയക്കുകയും ചെയ്തുവത്രേ.
യുഡിഫ് ഭരണ കാലത്ത് കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുവാന്‍ നിയമസഭയില്‍
എത്തിയ സംഭവത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നൂ പുരോഹിതന്റെയും പള്ളി
പ്രവേശനം. സഭക്കും ഒരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന അധികാര
വര്‍ഗത്തെയും പുരോഹിതരെയും ജനം തള്ളിപറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ.
സഭയുടെ സ്വത്തിന്റെ അവകാശി അതിലെ വിശ്വാസികള്‍ തന്നെ. അത് ഒരുകൂട്ടം
ആളുകള്‍ക്ക് മാത്രം അനുഭവിക്കുവാന്‍ ഉള്ളതല്ല. മാറി വരുന്ന സര്‍ക്കാരുകള്‍
സഭയുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുവാനുള്ള ആര്‍ജവം കാട്ടണം. എങ്കില്‍
മാത്രമേ ഇവിടെ നീതി നടപ്പാകുകയുള്ളൂ.
Santhosh Pavithramangalm
..........................................................................................
Tags: Salary of nurses, religious leaders, believers, KM Mani, The white dress of nurses
അഭിപ്രായങ്ങളൊന്നുമില്ല