Header Ads

വവ്വാലുകള്‍ക്ക് ശാപമോക്ഷം, നിപ്പയ്ക്കു കാരണം അവയല്ല



കോഴിക്കോട്: ഒടുവില്‍ വവ്വാലുകള്‍ക്കു ശാപമോക്ഷം. നിപ്പ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് കണ്ടെത്തി. ഭോപ്പാലില്‍ നടത്തിയ പരിശോധനയില്‍ വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. നാല് സാമ്പിളുകളും നെഗറ്റീവാണ്. മറ്റ് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും. രോഗബാധയുണ്ടായ ചങ്ങോരത്തെ കിണറുകളിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. 

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളാണ് എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. അതിനാല്‍, വവ്വാലുകളെ കൂട്ടത്തോടെ കൊല്ലാന്‍ പോലുമുള്ള ആഹ്വാനങ്ങള്‍ ചിലര്‍ നടത്തിയിരുന്നു. നിപ്പ വൈറസിനു കാരണം വവ്വാലുകളല്ല എന്നു തെളിഞ്ഞതോടെ ഈ ജീവികള്‍ക്ക് ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്. 

നിപ്പ വൈറസ് ബാധ സംബന്ധിച്ച് അനാവശ്യ ഭീതി വേണ്ടന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. എന്നാല്‍ രോഗം നിസാരവല്‍ക്കരിക്കരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും മന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടത്തിയ സര്‍വകക്ഷി യോത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

രോഗം നിയന്ത്രണവിധേയമാണ്. 15 പേരില്‍ രോഗം സ്ഥിരീകരിച്ചതില്‍ 12 പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്. ഇന്നലെയും ഇന്നുമായി പരിശോധനയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. കൂടുതല്‍ രോഗം പകരുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

അതേസമയം നിപ്പ വൈറസിനെതിരായി ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് കോഴിക്കോട് എത്തി. ഹ്യുമന്‍ മോണോഫോണല്‍ ആന്റിബോഡീസ് എന്ന മരുന്നിന്റെ 50 ഡോസ് എത്തിയിട്ടുണ്ട്. ഈ മരുന്ന് ഇതുവരെ പൂര്‍ണമായി പരീക്ഷിച്ചിട്ടില്ല. അതിനാല്‍ പേറ്റന്റും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ 15 പേരില്‍ പരീക്ഷിച്ചത് വിജയകരമായിരുന്നു. അതിനാലാണ് ഇന്ത്യ മരുന്ന് ആവശ്യപ്പെട്ടത്.
......................................................................................................................

Tags: Bat birds are not behind spreading nipah virus, investigations proved that bat birds are not behind Nipah, Nipah is under control, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.