Header Ads

കാസര്‍ഗോഡ് മില്ലിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒമ്പതുവയസ്സുകാരന്‍ മരിച്ചു; മരണത്തില്‍ ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി



കാസര്‍ഗോഡ്: വോര്‍ക്കാടി മരമില്ലിന് സമീപം ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ ഒമ്പത് വയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വോര്‍ക്കാടി ബേക്കറി ജംഗ്ഷന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ നാരായണ ആചാരിശാരദ ദമ്പതികളുടെ മകന്‍ ശ്രാവണ്‍ കുമാര്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജ്യേഷ്ഠന്‍ ജിതേഷിനൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ശ്രാവണിനെ മരമില്ലിന് സമീപം നിര്‍ത്തി ജിതേഷ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി. ആറരയോടെ ജിതേഷ് തിരിച്ചുവന്നപ്പോഴാണ് മില്ലിന് സമീപം കൂട്ടിയിട്ട മരത്തടികള്‍ക്ക് മുകളില്‍ ശ്രാവണിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

കഴുത്തിനും കാലുകളിലും മുറിവേറ്റ പാടുണ്ട്. പാന്റ്‌സ് പകുതി ഊരിയ നിലയിലായിരുന്നു. ശ്രാവണിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് രാവിലെയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്പി എം.വി സുകുമാരന്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഉച്ചയോടെ പരിശോധനക്കെത്തി. കളിയൂര്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. ഇന്ദുജ, സാവിത്രി, ഭുവന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്.

.....................................................................

Tags: death of a 9 year old, Body sent for autopsy, police investigating the death of a 9 year old in Kasargod, News source: Marunadan Malayali, Malayalam News, thamasoma  

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.