Header Ads

ഫെയ്‌സ് ബുക്ക് നിറയെ പ്രണയം നിറച്ച ഷാനു പെങ്ങളുടെ പ്രണയത്തില്‍ പിശാചായി മാറിമുസ്ലീമായ അയല്‍ക്കാരിയെ പ്രണയിച്ച് എതിര്‍പ്പുകള്‍ അവഗണിച്ച് ജീവിത സഖിയാക്കിയ ചാക്കോ.... പ്രണയത്തിന്റെ വേദനകള്‍ ഫെയ്‌സ് ബുക്കിലിട്ട് ആരാധികമാരെ സൃഷ്ടിക്കുന്ന ഷാനു ചാക്കോ.. ദാരിദ്യം മാത്രം കൂടെയുണ്ടായിരുന്ന കാമുകനെ കെട്ടാന്‍ ഏതറ്റം വരേയും പോയ രഹന. ഇവരായിരുന്നു പ്രണയത്തിന്റെ പേരില്‍ കെവിന്റെ ജീവനെടുത്തത്. ഈ മൂന്ന് പേരുമായിരുന്നു പ്രധാന ഗൂഢാലോചനക്കാരെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. ഇതില്‍ എങ്ങനെ കെവിനെ തട്ടിയെടുക്കണമെന്നും വകവരുത്തണമെന്നും നിശ്ചയിച്ചത് ചാക്കോയും മകന്‍ ഷാനുവും ചേര്‍ന്നായിരുന്നു. എല്ലാത്തിനും കൂട്ടായി നിയാസിനെ ചേര്‍ത്ത് നിര്‍ത്തിയത് അമ്മ രഹനയും. അങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്തത് സാധുവാകും മുമ്പ് തന്നെ മകള്‍ നീനു വിധവയായി. കേരളത്തെ ഞെട്ടിച്ച ദൂരഭിമാനക്കൊലയില്‍ ചുരുളുകള്‍ അഴിക്കുകയാണ് പൊലീസ്.

കൃത്യം നടപ്പാക്കാനാണു ബന്ധുവായ നിയാസിനെ കൂട്ടുപിടിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. നിയാസിന്റെ രാഷ്ട്രീയ സ്വാധീനവും സുഹൃദ്ബന്ധവുമാണ് ഇതിനു കാരണമായത്. സംഘാംഗങ്ങളെ സംഘടിപ്പിക്കുന്നതും വാഹനങ്ങള്‍ ഏര്‍പ്പാടാക്കുന്നതും നിയാസ് ഏറ്റെടുത്തു. ഇടമണ്ണിലും പുനലൂരിലുമുള്ള തന്റെ സുഹൃത്തുക്കളെ ഇതിനായി നിയാസ് കണ്ടെത്തി. നിയാസ് മൂന്നു വാഹനങ്ങള്‍ സംഘടിപ്പിച്ചാണു തട്ടിക്കൊണ്ടുപോകല്‍ ആസൂതണം ചെയ്തത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് ദുരഭിമാന കൊലപാതകക്കേസില്‍ നിയാസ് പ്രതിയായത്. ഇതോടെ ജോലി ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു. ഡിവൈഎഫ് ഐക്കാരനായ നിയാസിനെ സിപിഎം പുറത്താക്കിയിട്ടുമുണ്ട്.

നിയാസാണ് തട്ടിക്കൊണ്ട് പോകലിന്റെ അന്തിമ ചിത്രം തയ്യാറാക്കിയത്. ഷാനുവും ചാക്കോയും പറഞ്ഞത് അനുസരിച്ചായിരുന്നു ഇത്. കോട്ടയത്തുനിന്നു തിരിച്ചുവരുംവഴി വിജനമായ പിറവന്തൂര്‍ചാലിയക്കര റോഡ് തിരഞ്ഞെടുത്തത് ഈ സ്ഥലങ്ങളെക്കുറിച്ച് പ്രതികള്‍ക്കു നല്ല ധാരണയുള്ളതു കൊണ്ടാണ്. വനമേഖലയായതിനാല്‍ കെവിനെ ഭീഷണിപ്പെടുത്താന്‍ ഈ സ്ഥലം യോജ്യമാണെന്ന് ഇവര്‍ ഉറപ്പിച്ചു. കെവിനെയും ബന്ധു അനീഷിനെയും രണ്ടു വാഹനങ്ങളിലായാണു കൊണ്ടുപോയത്. അനീഷിനു ഛര്‍ദിക്കാനായി ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചാലിയക്കര ഭാഗത്തു വാഹനം നിര്‍ത്തിയപ്പോള്‍ മറ്റു വാഹനങ്ങളിലുള്ളവരും എന്താണെന്ന് അറിയാനായി അവിടേക്കു ചെന്നുവെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. ഈ സമയം കെവിന്റെ വാഹനത്തില്‍ ടിറ്റോ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ കെവിന്‍ പുറത്തിറങ്ങി. അതു മൂത്രമൊഴിക്കാനാണെന്നാണ് ടിറ്റോ കരുതിയത്. തുടര്‍ന്ന് കെവിന്‍ ഓടിപ്പോയെന്നും കണ്ടെത്താനായില്ലെന്നുമാണ് ഇവര്‍ അന്വേഷണസംഘത്തോടു പറഞ്ഞിരിക്കുന്നത്. ഇത് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമാണ്. തട്ടിക്കൊണ്ട് പോകലില്‍ മാത്രമേ പങ്കുള്ളൂവെന്ന് വരുത്താനുള്ള നീക്കം. കൊലക്കയര്‍ കിട്ടാതിരിക്കാന്‍ തയ്യാറാക്കിയ തന്ത്രമാണിതെന്ന് പൊലീസ് പറയുന്നു.

ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചാര്‍ത്തിയത്. സാനു ചാക്കോ തിരുവനന്തപുരത്തു വിമാനമിറങ്ങിയതു ശനിയാഴ്ചയായിരുന്നു. തിരുവനന്തപുരത്തുള്ള ഭാര്യവീട്ടിലേക്കാണു നേരെ പോയത്. രാത്രി എട്ടരയോടെ കാറുമായി അവിടെനിന്നു പോയി. ഇതിനിടെ, ഭാര്യയുടെ മൊബൈല്‍ ഫോണില്‍നിന്നു സാനു നടത്തിയ ചില കോളുകളെക്കുറിച്ചു പൊലീസ് അന്വേഷിക്കുകയാണ്. ഇതില്‍ സംശയം തോന്നിയ നമ്പറുകള്‍ പേരൂര്‍ക്കട പൊലീസ് കോട്ടയം സംഘത്തിനു കൈമാറി. പേരൂര്‍ക്കട സിഐ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം വഴയിലയിലെ സാനുവിന്റെ ഭാര്യവീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഈ നമ്പറുകളുടെ കാര്യം ശ്രദ്ധയില്‍ പെട്ടത്. ഇതിലും ഗൂഢാലോചനയുടെ തെളിവുകള്‍ അവശേഷിക്കുന്നതായാണ് സൂചന. ഇതെല്ലാം നിയാസിനേയും ഷാനുവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.

ഷാനു ഗൂഡാലോചകനും നിയാസ് സംഘാടകനുമായി മാറുകയായിരുന്നു. നീനു പൊലീസില്‍ പരാതി പറഞ്ഞപ്പോള്‍ അവര്‍ കണ്ണടച്ചു. പണത്തിന്റെ സഹായത്താല്‍ പൊലീസുകാരെ വിലയ്‌ക്കെടുത്തു. എല്ലാം അറിഞ്ഞിട്ടും എ എസ് ഐ ബിജുവും പ്രതികളെ സഹായിച്ചു. ബിജുവിനെതിരെ കേസെടുക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ പൊലീസിനെ രക്ഷിക്കാന്‍ ഉന്നതര്‍ സജീവമായി രംഗത്തുണ്ട്. എങ്ങനേയും കൊലക്കുറ്റം ഒഴിവാക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നതും ബിജുവിനെ ഓര്‍ത്താണ്.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ഒരു മാസം മുന്‍പാണ് ആത്മഹത്യ ചെയ്തത്. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീന്‍. ഇദ്ദേഹം മരിച്ചതോടെ കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമര്‍പ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഇയാള്‍ ഏതാനും ദിവസം മുന്‍പ് തെന്മല പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎഫ്‌ഐ ഇടമണ്‍34 യൂണിറ്റ് പ്രസിഡന്റായിരുന്ന നിയാസ് ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ പരാതികളെല്ലാം കേസാക്കാതെ നോക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞു. ഇങ്ങനെ ജോലി നേടിയെടുക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കെവിന്റെ കൊലപാതകത്തില്‍ പ്രധാനിയായി മാറിയതും.

അതിനിടെ ഷാനു ചാക്കോ ഫേസ്ബുക്കില്‍ പ്രണയചിന്തകള്‍ പങ്കുവച്ചത് ഒട്ടേറെത്തവണയാണെന്നും പൊലീസ് കണ്ടെത്തി. സാനു വിവാഹം കഴിച്ചതും പ്രണയിച്ചാണെന്നും പൊലീസ് പറയുന്നു.

ഫേസ്ബുക്കില്‍ പങ്കുവച്ച പ്രണയ പോസ്റ്റുകളില്‍ ചിലത്:

'സ്‌നേഹിച്ച മനസ്സുകള്‍ തമ്മില്‍ പിരിയുമ്പോള്‍ അടര്‍ന്നുവീഴുന്ന ഓരോ കണ്ണുനീര്‍ത്തുള്ളിക്കും പറയാനുള്ളത് ഒന്നുമാത്രം.. മറക്കാനായി ആരെയും സ്‌നേഹിക്കരുത്'

'കാലം പുതിയ കഥകള്‍ എഴുതുമ്പോള്‍, പഴകിത്തുടങ്ങിയ ഓര്‍മകളിലെ അവസാന സ്പന്ദനവും ചിതലെടുത്തുപോകുമ്പോള്‍, ഓര്‍ക്കുക.. ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു.'

ഞാന്‍ തിരയുന്നത്..നിന്റെ മൗനത്തെയല്ല....... അതില്‍ നീ ഒളിപ്പിച്ചുവച്ച ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ വാക്കുകളെയാണ്.


........................................................................................................

Tags: Shanu chacko, the culprit of Kevin murder case, Shanu chacko's marriage was love marriage, Shanu Chacko and his father were the culprits, News source: marunadan Malayali, Malayalam news, thamasoma


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.