Header Ads

യേശുദാസിനെ ആരാധകര്‍ ദൈവാവതാരമാക്കരുത്: ജെസ്മി


 
സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും മൂലം ഗാനഗന്ധര്‍വ്വന്‍ യേശുദാസ് കടുത്ത വമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷം വിവാദവിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും പിന്നീടദ്ദേഹം സംസാരിക്കാറുമില്ല. അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നതു മുഴുവന്‍ അദ്ദേഹത്തിന്റെ ആരാധകരാണ്. യേശുദാസ് വിചാരിച്ചാല്‍ കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ ഒരാളെപ്പോലും അനുവദിക്കില്ല എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റെ പ്രഖ്യാപനം. യേശുദാസിനെ ദൈവാവതാരമാക്കി, വിമര്‍ശനങ്ങള്‍ക്ക് അധീതമാക്കുന്നവരോട് എഴുത്തുകാരി ജെസ്മിയുടെ മറുപടി. സെല്‍ഫി, സെല്‍ഫിഷ് ഗാന ഗന്ധര്‍വന്‍, പിന്നെ ഞാന്‍ എന്ന വിഷയത്തില്‍ ജെസ്മി സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ. 

സെല്‍ഫി, സെല്‍ഫിഷ്, ഗാനഗന്ധര്‍വ്വന്‍, പിന്നെ ഞാനും.....

അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങള്‍ ഗാനഗന്ധര്‍വ്വന്റെ സെല്‍ഫി സംഭവത്തില്‍ വായിച്ചു. കുറേ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹം ഗാനമണ്ഡപത്തില്‍ അതുല്യന്‍ ആകാം... നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല...ശ്വേതവര്‍ണ്ണവസ്ത്രം ധരിക്കുന്നതിനാല്‍ തെറ്റിദ്ധരിയ്ക്കുമെങ്കിലും അദ്ദേഹം ലോക പണ്ഡിതനുമല്ല. സ്വന്തം മരുമകള്‍ ജീന്‍സ് ധരിക്കുന്ന കാലത്തും ജീന്‍സിനും ലെഗ്ഗിന്‍സിനുമെതിരെ പ്രക്ഷുബ്ധനാകുമ്പോള്‍ എല്ലാ വാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല. സ്വന്തം നിലനില്‍പ്പിനുവേണ്ടി പലരേയും വഞ്ചിച്ച വാര്‍ത്തകള്‍ അറിയുമ്പോള്‍ അദ്ദേഹം ഒരു സര്‍വ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല പിന്നെയോ ഒരു സാധാരണ മനുഷ്യന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും. 

എന്റെ ഒരു സ്‌നേഹിതക്ക് ദുഃഖം ഉളവാക്കിയ അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്രകാരം ആണ്;മുന്‍പ് ഈ അമ്പലം ഒരു കക്കൂസിന്റെ അത്ര ചെറുതായിരുന്നു എന്ന പ്രസ്താവന ആ ഭക്തക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു എന്ന് പറയാറുണ്ട്.

സെല്‍ഫിയിലേക്ക് മടങ്ങിവരാം. സെല്‍ഫി സര്‍വ്വസാധാരണം ആകാത്ത കാലത്ത് ക്യാമറ കൊണ്ട് നടക്കുന്ന ഒരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ഒബ്രോണ്‍ മാളില്‍ ഒരു ഓഡിയോ കാസെറ്റ് റിലീസുമായി ബന്ധപ്പെട്ട് യേശുദാസ് വന്നിരുന്നു. ക്യാമറയുമായി അദ്ദേഹത്തിന്റെ അടുത്തുചെന്നു. എന്നെ കണ്ടമാത്രയില്‍ വളരെ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആരോ ക്യാമറ വാങ്ങി ഫോട്ടോ എടുത്ത് തിരിച്ചു തന്നു. പിന്നീടാണ് ഭാര്യ പ്രഭയെ കണ്ടത്. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന എന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് യേശുദാസ് എന്റെ കയ്യില്‍ നിന്ന് ക്യാമറ വാങ്ങി ഭാര്യയും ഞാനുമായുള്ള ഫോട്ടോ എടുത്തു. 

തിരിച്ച് കോഴിക്കോടുള്ള എന്റെ താമസസ്ഥലത്തെത്തി. പിറ്റേന്ന് എറണാംകുളത്തു നിന്നു ഫ്രെണ്ട്‌സിന്റെ തുരുതുരാ ഫോണ്‍ വിളി എനിക്ക് വന്നു.'എറണാകുളത്ത് വന്നിട്ടും എന്ത്യേ കാണാന്‍ വരാഞ്ഞേ' എന്ന പരിഭവങ്ങള്‍...'എങ്ങനെ അറിഞ്ഞു' എന്ന എന്റെ ചോദ്യത്തിന് ഇന്നത്തെ നാട്ടുവാര്‍ത്ത പേജില്‍ ഫോട്ടോ ഉണ്ട് എന്ന് ഉത്തരം... യേശുദാസും ഭാര്യയും ഞാനും നില്‍ക്കുന്ന ഫോട്ടോ എടുക്കുന്നത് ഒരു വിരുതന്‍ ഫോട്ടോഗ്രാഫര്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തി പത്രത്തില്‍ ഇട്ടിരിയ്ക്കുന്നു. അനുവാദത്തോടെ ഫോട്ടോ എടുക്കുന്നത് അദ്ദേഹത്തിന് വിരോധമില്ലെന്ന് സാരം. ചില ഗുണ്ടകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതു പിന്നീട് പ്രശസ്തര്‍ക്ക് വിനയായിട്ടുള്ളതിന്റെ ഭയമാകാം. അദ്ദേഹവും തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണ്. ആരാധകര്‍ ചേര്‍ന്ന് ദൈവാവതാരം ആക്കാതിരിക്കുന്നതല്ലേ നല്ലത്.


..............................................................................................

Don't make Yesudas as a God: Jesme, writer Jesme, Yesudas is a man with faults and errors, Malayalam News, thamasoma

No comments

Powered by Blogger.