നിപ വൈറസ്: ഭീതി പടര്‍ത്തി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍
വെള്ളത്തിലൂടെയും, വായുവിലൂടെയും, രോഗം വന്നവരുടെ
സ്രവങ്ങളിലൂടെയുമൊക്കെയാണെന്ന് നിപ വൈറസ് പരക്കുന്നത് എന്ന് ശാസത്രലോകം
പറയുമ്പോഴും അതിനേക്കാളേറെ വേഗത്തില്‍ വൈറസ് ഭീതി പരക്കുന്നത് വാട്‌സ്
ആപ്പിലൂടെയാണ്. അപകടകരമായ രീതിയിലാണ് വാട്‌സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങളും
ഭീതിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. ജനങ്ങളെ ഭയാശങ്കയുടെ
മുള്‍മുനയില്‍ നിര്‍ത്തുകയെന്നല്ലാതെ മറ്റൊരും ഗുണവും ഇതുകൊണ്ട്
ലഭിക്കുന്നില്ല. ഏറ്റവും പുതിയതായി ഇപ്പോള്‍ പ്രചരിക്കുന്നത് ബ്രോയിലര്‍
കോഴികളിലൂടെയും നിപാ വൈറസ് പരക്കുന്നുണ്ടെന്നാണ്.
മരുന്നുകള്‍ കുത്തിവെച്ച് കൃത്രിമ വളര്‍ച്ചയും തൂക്കവും വയ്പ്പിക്കുന്ന
ഇത്തരം കോഴികളില്‍ നിപ്പാ വൈറസ് അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ കുറച്ച്
കാലത്തേക്ക് ബീഫും ചിക്കനും കഴിക്കുന്നത് നിര്‍ത്തുന്നതായിരിക്കും
നല്ലതെന്നാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി
പ്രവാസികളടക്കമുള്ളവര്‍ വീട്ടിലേക്ക് വിളിച്ചു പറയുകയും ചെയ്തു കുറച്ച്
ദിവസത്തേക്ക് ചിക്കനും ബീഫുമൊന്നും കഴിക്കേണ്ട എന്ന്. റംസാന്‍ വ്രതത്തിന്റെ
സമയത്ത് ഏറ്റവുമധികം ഉപോയഗിക്കുന്ന രണ്ട് ഭക്ഷണ വിഭവങ്ങള്‍ക്കും
അങ്ങനെയൊരു തീരുമാനമായിരിക്കുകയാണ്. മറ്റൊരു പ്രചരണം വാഴ ഇലകൊണ്ട്
ഉണ്ടാക്കുന്ന അടയടക്കമുള്ള വിഭവങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്.
വാഴയിലയില്‍ വവ്വാലുകള്‍ വന്നിരിക്കറുണ്ടെന്നും അവയുടെ വിസര്‍ജ്യത്തിന്റെ
അവശിഷ്ടങ്ങള്‍ ഇലകളിലുണ്ടാകുമെന്നും അതിനാല്‍ അത്തരം ഇലകളില്‍ പൊതിഞ്ഞ
ഭക്ഷണം ആരും കഴിക്കരുത്. മാത്രമല്ല ഹോട്ടലുകളില്‍ നിന്ന് ഊണ് പ്ലേറ്റിലോ,
പേപ്പര്‍ വാഴയിലയിലോ തന്നെ വേണമെന്ന് പറയുകയും വേണമെന്നാണ് മറ്റൊരു വാട്‌സ്
ആപ്പ് ഉപദേശം. മറ്റൊന്ന് വവ്വാലുകള്‍ മനുഷ്യ ജീവന് ആപത്താണെന്നും അവയെ
കൂട്ടത്തോടെ കൊന്നോടുക്കണമെന്നുമാണ് ആഹ്വാനം.
ചങ്ങരോത്തെ കിണറ്റില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്
എന്നുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ആഹ്വാനം നടക്കുന്നത്. വാട്‌സ് ആപ്പിലേ
ആഹ്വാനം കേട്ട് വവ്വാലുകളെ കൊല്ലാന്‍ പോയാല്‍ നേരത്തെ വാട്‌സ് ആപ്പിലെ
ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടത്തിയ അവസ്ഥയിലാകും. വൈല്‍ഡ് ലൈഫ്
പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരം അകത്ത് കിടക്കേണ്ടി വരും. പശുവിന്റെയും
ആടിന്റെയും പാല്‍ കുടിക്കുന്നതിന് വരെ വാട്‌സ്ആപ്പ്
നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് നിപ്പാ വൈറസിന്റെ പേരില്‍. കേരളത്തില്‍
ഇത്തരത്തില്‍ പശുവിന്റെയോ ആടിന്റെയോ പാല്‍ കുടക്കുന്നതിനോ, ബ്രോയിലര്‍
ചിക്കന്‍ കഴിക്കുന്നതിനോ നിപ്പാ വൈറസിനെ ഭയപ്പെടേണ്ടെന്ന് ആരോഗ്യ വകുപ്പും,
മൃഗസംരക്ഷണ വകുപ്പും ആവര്‍ത്തിച്ച് ഉറപ്പ് പറയുമ്പോഴും നാട്ടുകാര്‍ക്ക്
വിശ്വാസം വാട്‌സ്ആപ്പിനെയാണ്.
ഇത്തരത്തില്‍ പുരകത്തുമ്പോള്‍ വാഴവെട്ടുന്ന വാട്‌സ്ആപ്പ് അമ്മാവന്മാരെ
അടക്കി നിര്‍ത്തിയാല്‍ തന്നെ പകുതിയാളുകളുടെ ഭീതിയും മാറിക്കിട്ടും. ഇത്തരം
വ്യാജ പ്രചരണങ്ങളില്‍ വിശ്വസിച്ച് മലബാറിലെ ആശുപത്രികളില്‍
സൂചികുത്താനിടമില്ലാത്ത തരത്തില്‍ തിരക്കാണ്. പലരും നിരവധി സംശയങ്ങളുമായാണ്
വരുന്നത്. സാറെ വാട്‌സ്ആപ്പില്‍ കണ്ടു പശുവിന്റെ പാല്‍ ഉപയോഗിക്കരുതെന്ന്
ഞങ്ങളിന്നലെ വൈകിട്ട് ചായയില്‍ പശുവിന്റെ പാല് ഉപയോഗിച്ചിരുന്ന അതുകൊണ്ട്
വല്ല കുഴപ്പവുമുണ്ടാകുമോ എന്നൊക്കെ ചോദിച്ച് ആശുപത്രിയിലെത്തുന്നവരുമുണ്ട്.
അവരുടെ സംശയങ്ങളും ഭീതിയുമൊക്കെ ഇത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമാണ്
എന്നാല്‍ അതിലേക്ക് ഇവരെ തള്ളിവിടുന്ന വാട്‌സ്ആപ്പ് വൈറസുകളേയാണ് നിലക്ക്
നിര്‍ത്തേണ്ടത്.
രണ്ട് ദിവസത്തേക്ക് വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിപ്പാവൈറസ്
കൊണ്ടുള്ള അനാവശ്യ ഭയം പകുതിയും കുറഞ്ഞ് കിട്ടും. ഭയമല്ല മുന്‍കരുതലാണ്
ആവശ്യമുള്ളതെന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും ആവര്‍ത്തിച്ച്
പറയുമ്പോഴും ആളുകളെ ഭീതിപ്പെടുത്തുന്നതിന് മാത്രമാണ് ഇത്തരം വാട്‌സ്ആപ്പ്
സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിനിടെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍
കോളേജിലും നിപ്പാവൈറസ് ബാധമൂലം ഒരാള്‍ മരണപ്പെട്ടെന്ന വാര്‍ത്തയും
പ്രചരിച്ചിരുന്നു.
പ്രവാസികളാരും നാട്ടിലേക്ക് പോകരുതെന്നും തിരിച്ച് പോരാന്‍
കഴിയില്ലെന്നുമാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന മറ്റൊരു സന്ദേശം.
കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ വരുംദിവസങ്ങളില്‍ യാത്രാ
വിലക്കേര്‍പ്പെുത്താന്‍ സാഹചര്യമുണ്ടെന്നും അതിനാല്‍ റംസാന്
നാട്ടില്‍പോവാന്‍ ഉദ്ദേശിച്ചവരൊക്കെ ഇവിടുന്ന് പെരുന്നാളാഘോഷിച്ചോളും
എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍.
........................................................................................................
Tags: Nipah virus fear spreads through Whatsapp messages, false messages relating to Nipah virus spread in Whatsapp, news source: Marunadan Malayali, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല