ഫസല്‍ വധം: കോടിയേരിയെ അവഗണിച്ച ഡിവൈഎസ്പി ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം
ഫസല്‍ വധക്കേസില്‍ പാര്‍ട്ടിയുടെ പങ്ക് വെളിയില്‍ വരുമെന്ന്
ഉറപ്പായപ്പോള്‍, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിവൈഎസ്പി
കെ.രാധാകൃഷ്ണനെ പാര്‍ട്ടി നേതൃത്വം ആദ്യം താക്കീതു ചെയ്തു. അതിനു വഴങ്ങാതെ
വന്നപ്പോള്‍ നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങളുടെ ഒരു പരമ്പര
തന്നെയായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന പരിഗണന പോലും നല്‍കാതെയാണ്
പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തെ വേട്ടയാടുന്നത്. ഫസല്‍ വധക്കേസ്
സത്യസന്ധമായി അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. സിപിഎമ്മിന്റെ
കോപത്തില്‍ പെട്ട് ജീവിതം പോലും വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍
ഇദ്ദേഹത്തിന്.
ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണവും എത്തിച്ചേര്‍ന്നത്
കാരായിമാരിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇവരാണെന്ന് സംസ്ഥാന പൊലീസ്
അന്വേഷിച്ചപ്പോഴും കണ്ടെത്തിയിരുന്നു. ഈ വൈരാഗ്യം കാരണം പെന്‍ഷന്‍ പോലും
നല്‍കാതെയാണ് സര്‍ക്കാര്‍ കെ രാധാകൃഷ്ണനെ ദ്രോഹിക്കുന്നത്. കേസിന്റെ
അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍
അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട്
രംഗത്തിറങ്ങിയിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
ഈ കേസിന്റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നോട്
ആവശ്യപ്പെട്ടതായി രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. അന്വേഷണം
സിപിഎമ്മിലേക്കെത്തിച്ചതിന്റെ വാശിയില്‍ പിന്നീടു തന്നെ ക്രൂരമായി
മര്‍ദിച്ചെന്നും ഔദ്യോഗിക ജീവിതം താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎസ് ലഭിച്ചെങ്കിലും നിയമനം നല്‍കാതെ ബുദ്ധിമുട്ടിച്ചു. വിരമിച്ചതിനുശേഷം
ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കണ്ടെങ്കിലും
ആട്ടിപ്പായിക്കുന്നതിനു തുല്യമായിരുന്നു സമീപനമെന്നും രാധാകൃഷ്ണന്‍
വെളിപ്പെടുത്തി.
ഇത്തരമൊരു വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത് ജീവിതം വഴിമുട്ടിയ
അവസ്ഥയിലാണ്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട്
എന്‍ഡിഎഫില്‍ ചേക്കറിയതോടെയാണ് സിപിഎമ്മിന്റെ കണ്ണില്‍ കരടായത്.
പാര്‍ട്ടിയിലെ മുസ്ലിം യുവാക്കളെ എന്‍ഡിഎഫിലേക്ക് ആകര്‍ഷിച്ച ഫസലിനോടു
സിപിഎമ്മിനു ശത്രുതയുണ്ടായിരുന്നതായി അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ
ബോധ്യപ്പെട്ടിരുന്നതായി രാധാകൃഷ്ണന്‍ പറഞ്ഞു. കൊല നടത്തിയതു
സിപിഎമ്മാണെന്നു തെളിയുമെന്നു വന്നതോടെയാണ് കോടിയേരിയുടെ
ഇടപെടലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫസല്‍ കൊല്ലപ്പെട്ടതു പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണെന്നുള്ള തെളിവുകള്‍
അദ്ദേഹം ശേഖരിക്കുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി ആദ്യംമുതലേ കൊലപാതകത്തെ
പ്രതിരോധിക്കാനാണു ശ്രമിച്ചത്. 'യാതൊരു സ്വാധീനത്തിനും വഴങ്ങാതെ അന്വേഷണം
ശരിയായ രീതിയിലേ കൊണ്ടുപോകൂ എന്ന വാശി എനിക്കുണ്ടായിരുന്നു. എന്നാല്‍,
അന്വേഷണ സംഘത്തെ അടക്കം എനിക്കെതിരാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ്
ചെയ്തത്,' മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് രാദാകൃഷ്ണന്‍ ഇക്കാര്യങ്ങല്‍
വ്യക്തമാക്കിയത്.
'പ്രത്യേക അന്വഷണസംഘത്തില്‍ ഇരുപതോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്റെ
നിലപാട് അവരെ അറിയിച്ചു. അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തുമെന്ന്
ഉറപ്പായതോടെയാണു കോടിയേരിയുടെ അടിയന്തര ഇടപെടലുണ്ടായത്. ചുമതലയേറ്റു പത്താം
ദിവസം അദ്ദേഹം നേരിട്ടുവിളിച്ച് അന്വേഷണം അവസാനിപ്പിച്ചോളൂ എന്നു പറഞ്ഞു.
എന്തിനു ചുമതലയില്‍ നിന്നു നീക്കുന്നുവെന്നു ചോദിച്ചെങ്കിലും മറുപടി
കിട്ടിയില്ല. എന്നെ നീക്കിയതായി അറിയിച്ചു പിന്നാലെ ഡിജിപിയുടെ
സന്ദേശവുമെത്തി. തുടക്കംമുതലേ എന്റെ ടീമിലെ ഉദ്യോഗസ്ഥരുടെ മനോവീര്യവും
ആത്മധൈര്യവും ചോര്‍ത്തിക്കളയാന്‍ വേണ്ടതൊക്കെ ചെയ്തു. ഉദ്യോഗസ്ഥരുടെ
വീടുകളില്‍ നേരിട്ടുചെന്ന് അവരുടെ ഭാര്യമാരെയും മക്കളെയും ഭീഷണിപ്പെടുത്തി.
ആയുധം കാണിച്ചു ഭയപ്പെടുത്തി. ജീവിക്കാന്‍ വിടില്ല എന്നാണു പറഞ്ഞത്.'
'കൊല്ലുമെന്നു നേരിട്ടു പറയില്ല. അതാണ് അവിടത്തെ ശൈലി. ഇതോടെ സമ്മര്‍ദമായി.
ടീമിനുള്ളില്‍ ഞാന്‍ ഒറ്റപ്പെട്ടു. കേസില്‍ നിര്‍ണായക സൂചനകള്‍ നല്‍കിയ
വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തി. കൊലയ്ക്കു പിന്നില്‍ ബ്ലേഡ്
മാഫിയയാണെന്നു കഥയുണ്ടാക്കി. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന
കാലത്തു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നെ ക്രൂരമായി മര്‍ദിച്ചു.
ഒന്നരവര്‍ഷത്തെ ചികിത്സ വേണ്ടിവന്നു. പൊലീസില്‍ നിന്ന് ആരും
കാണാനെത്തിയില്ല. എന്റെ പേരില്‍ കള്ളക്കേസു ചുമത്തി. വിരമിക്കുന്നതിന്
എട്ടുമാസം മുന്‍പാണ് ഐപിഎസ് ലഭിക്കുന്നത്. സര്‍ക്കാര്‍ നിയമന ഉത്തരവു
തന്നില്ല. അതിനെതിരെ നീങ്ങുകയും ചെയ്തു. നീതി തേടി സുപ്രീം കോടതിയെ
സമീപിക്കാനിരിക്കുകയാണ്. ഏറെ ദുരിതപൂര്‍ണമാണ് ഇപ്പോഴത്തെ ജീവിതം.'
'സത്യം തുറന്നുപറയാന്‍ എന്നും ഒരുക്കമായിരുന്നു. പാലാ സെന്റ് തോമസ്
കോളജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് സ്ഥാപിച്ചതു ഞാനാണ്. അതാണ് എന്റെ
പശ്ചാത്തലം. രണ്ടു കാലില്‍ നടക്കുന്ന കണ്ണൂരിലെ പാര്‍ട്ടിക്കാരെ ഭയത്തോടെ
മാത്രമേ കാണാനാകൂ. എന്റെ ജീവിതം തകര്‍ത്തത് അവരാണ്. എന്റെ മക്കളുടെ പഠനം
പൂര്‍ത്തിയായിട്ടില്ല. വീടുപണിക്കായി ലോണെടുത്തതില്‍ 30 ലക്ഷം കടമുണ്ട്.
ബന്ധുക്കളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. പെന്‍ഷനും
ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ പോയി
കണ്ടിരുന്നു. ഒട്ടും മയമില്ലാത്ത വാക്കുകളാണു കേള്‍ക്കേണ്ടി വന്നത്.
ആട്ടിയിറക്കും പോലെയാണ് അനുഭവപ്പെട്ടത്,' രാധാകൃഷ്ണന്‍ പറഞ്ഞു.
വത്സരരാജക്കുറുപ്പിന്റെ മരണത്തിനു പിന്നിലും സി പി എം: രാധാകൃഷ്ണന്‍
ഡിവൈഎസ്പി ആര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ മറ്റൊരു കൊലപാതക കേസിലെ
ഗൂഢാലോചനയും സംശയങ്ങള്‍ക്ക് ഇടയാക്കി. ഫസല്‍ വധം സിപിഎമ്മിന്റെ ജില്ലയിലെ
സമുന്നത നേതാക്കളുടെ മനസ്സറിവില്ലാതെ നടക്കില്ലെന്ന സൂചനയുള്‍പ്പെടെ
നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് തലശ്ശേരിയിലെ ബിജെപി നേതാവും
അഭിഭാഷകനുമായിരുന്ന വല്‍സരാജക്കുറുപ്പാണ്. പിന്നീട് വല്‍സരാജക്കുറുപ്പ്
കൊല്ലപ്പെട്ട ശേഷം ബ്ലേഡ് മാഫിയക്കാര്‍ കൊന്നുവെന്ന് വരുത്തി
തീര്‍ക്കുകയായിരുന്നു എന്നാണ് രാധാകൃഷ്ണന്‍ നല്‍കുന്ന സൂചന.
വല്‍സരാജക്കുറുപ്പിന്റെ കൊലപാതകം സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും ബാക്കി
നില്‍ക്കുന്നുണ്ട്. ഇഷ്ടമില്ലാത്തവനെ വകവരുത്തി ആ കുറ്റം മറ്റുള്ളവര്‍ക്ക്
മേല്‍ കെട്ടിവെക്കുന്ന ഏര്‍പ്പാടാണ് പൊതുവില്‍ കണ്ണൂരിലെ രാഷ്ട്രീയ
കൊലപാതകങ്ങളില്‍ പലപ്പോഴും നടക്കുന്നത്. ഈ സൂചന തന്നെയാണ് വത്സരാജ
ക്കുറുപ്പിന്റെ കൊലപാതകനുമായി ബന്ധപ്പെട്ട് ഉയരുന്നതും. ബിജെപി പെരിങ്ങളം
മണ്ഡലം കമ്മിറ്റിയംഗമായിരുന്ന പി.പി. വല്‍സരാജക്കുറുപ്പ് 2007 മാര്‍ച്ച്
അഞ്ചിനാണു കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ അഞ്ചംഗ സംഘം
വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് ആര്‍എസ്എസ്
ആരോപിച്ചപ്പോള്‍ കൊള്ളപ്പലിശ ഇടപാടില്‍ ആര്‍എസ്എസിന്റെ മധ്യസ്ഥത്തിന്
എതിരായി പ്രവര്‍ത്തിച്ചതിന് പ്രതികാരമായി അവര്‍ തന്നെയാണ് കൊലപാതകം
നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ പ്രത്യാരോപണം. എന്നാല്‍ പിന്നീട്
കേസില്‍ അറസ്റ്റിലായവരില്‍ രണ്ടു പേര്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു.
പാനൂര്‍ അരയാക്കൂല്‍ ഒളാനക്കുനിയില്‍ ഷാജിയും പന്തക്കല്‍ വായനശാലയ്ക്കു
സമീപത്തെ കിര്‍മാണി മനോജും. ഇതേ കിര്‍മാണി മനോജാണു പിന്നീട്
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി അറസ്റ്റിലായത്. എന്നാല്‍,
എല്‍ഡിഎഫ് ഭരണകാലത്തായതിനാല്‍ സിപിഎം ബന്ധം സംബന്ധിച്ചുള്ള അന്വേഷണം
നടന്നില്ല. സംഭവത്തിനു പിന്നില്‍ കൊള്ളപ്പലിശ സംഘം എന്ന തരത്തിലായിരുന്നു
അന്വേഷണത്തിന്റെ പുരോഗതി. ഇതിന് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. ഒടുവില്‍
കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തുകയും
ചെയ്തു.
വല്‍സരാജക്കുറുപ്പിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സിപിഎം അനുഭാവിയായ ഒരു പ്രതിയെക്കൂടി
പിടികൂടി. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ ഏരിയാ നേതാവിനെ
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് ക്രൈംബ്രാഞ്ച്
ഡിവൈഎസ്പിയെ സ്ഥലം മാറ്റിയാണ് കണക്കു തീര്‍ത്തത്. ഗൂഢാലോചന സംബന്ധിച്ച്
കാര്യമായ അന്വേഷണം നടത്താതെയാണു ക്രൈംബ്രാഞ്ചും കേസ് അവസാനിപ്പിച്ചത്.
ആരോപണം ശുദ്ധ അസംബന്ധം: കോടിയേരി
ഫസല്‍ വധക്കേസില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ താന്‍ ഇടപെട്ടെന്ന മുന്‍
ഡിവൈഎസ്പി: കെ.രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നു സിപിഎം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതേ ആരോപണം നേരത്തെയും ഇയാള്‍ തന്നെ
ആക്ഷേപമായി ഉന്നയിച്ചതാണ്. സിബിഐ അടക്കം പരിശോധിക്കുകയും തള്ളിക്കളയുകയും
ചെയ്തതാണ്.
വ്യക്തിപരമായ ഒരു കേസില്‍പെടുകയും അതില്‍ നിയമനടപടി നേരിടുകയും
ചെയ്യേണ്ടിവന്നതിന്റെ വൈരാഗ്യമായിട്ടു രാധാകൃഷ്ണന്‍ ഇങ്ങനെ അന്നുമുതല്‍
പറഞ്ഞു നടക്കുന്നുണ്ട്. അന്ന് ആരോപിച്ചതും അതിനു മറുപടി നല്‍കിയതും പലരും
മറന്നതുകൊണ്ടാണ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്. ആ നിലയ്ക്ക്
അതെടുത്താല്‍ മതിയെന്നും കോടിയേരി പറഞ്ഞു.
കോടിയേരിയെ പ്രതിയാക്കണം: കൃഷ്ണദാസ്
ഫസല്‍ വധക്കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി
രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം വേണമെന്നു ബിജെപി ദേശീയ
സമിതിയംഗം പി.കെ.കൃഷ്ണദാസ്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടിയേരി
ബാലകൃഷ്ണനെ പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്തണം. കൊലക്കുറ്റം
ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ മുഖംമൂടി
പിച്ചിച്ചീന്തപ്പെട്ടു.
പ്രതികള്‍ സിപിഎമ്മുകാരാണെന്നു തിരിച്ചറിയുമെന്ന ഘട്ടമെത്തിയപ്പോഴാണ്
കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍
തീരുമാനിച്ചതെന്നാണു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍
നിര്‍ണായക മൊഴി നല്‍കിയ രണ്ടു സാക്ഷികളുടെ ദുരൂഹ മരണവും ഡിവൈഎസ്പി
രാധാകൃഷ്ണനു നേരെയുണ്ടായ വധശ്രമവും അന്വേഷണവിധേയമാക്കണമെന്നും കൃഷ്ണദാസ്
ആവശ്യപ്പെട്ടു.
വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, അന്വേഷണം വേണം: ചെന്നിത്തല
തലശ്ശേരി ഫസല്‍ വധക്കേസില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്പി.
രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്മേല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന്
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം
ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഫസല്‍ കേസില്‍
നിര്‍ണായ വിവരം നല്‍കിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാരശിനിന്‍
എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
ഞെട്ടിപ്പിക്കുന്നതാണ്'.
ഇവര്‍ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ്
മാഫിയകളുടെ തലയില്‍കെട്ടിവെച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍
വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍
അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് ഇതിന്റെ നിജസ്ഥിതി
പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
..............................................................................................
Tags; FASAL MURDER CASE, D Y S P Radhakrishnan, Kodiyeri Balakrishnan, Ramesh Chennithala, CPM has major role in the murder of Fassal, Fasal is murdered because he left CPM, News Source Marunadan Malayali, Malayalm News, Thamasoma,
അഭിപ്രായങ്ങളൊന്നുമില്ല