Header Ads

ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കും; ഭര്‍ത്താവ് സജീഷിന് യോഗ്യതക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലിയും



തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സഹായവുമായി പിണറായി സര്‍ക്കാര്‍. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. യോഗ്യത അനുസരിച്ച് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് 5 ലക്ഷം വീതം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. എങ്കിലും സജീഷിന് താല്‍പ്പര്യമാണെങ്കില്‍ സ്‌പെഷ്യല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജോലി നല്‍കാമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ വിവിധ സംഘടനകളും വ്യക്തികളും ആ കുടുംബത്തെ സഹായിക്കാനുള്ള മനസുമായി രംഗത്തെത്തിയിട്ടുണ്ട്.

മക്കളെ തനിച്ചാക്കരുത് എന്നായിരുന്നു ലിനിയുടെ ആഗ്രഹം. ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കള്‍ക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം. പനി മൂര്‍ച്ഛിച്ച് കിടപ്പിലാകും മുമ്പ് ഭാര്യ തന്നെ വിളിച്ചു സംസാരിച്ച വിവരവും സജീഷ് മാധ്യമങ്ങളോട് പങ്കുവെച്ചു. കിടപ്പിലാകും മുമ്പ് ചെറിയ പനിയുണ്ടായിട്ടും അത് കണക്കിലെടുക്കാതെ ലീന ജോലിക്ക് പോയെന്നും ഭര്‍ത്താവ് വ്യക്തമാക്കി. ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങനെ താന്‍ വിദേശത്തു കഴിയുമെന്നും സജീഷ് വേദനയോടെ ചോദിക്കുന്നു.

സ്വയം ജീവന്‍ ബലിയര്‍പ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. അമ്മയും അയല്‍വാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി.
................................................................................

Tags: Kerala government will give 10 lakhs each to the children of nurse Lini, Government decided to give job to Sujeesh, Lini's husband, Some private individuals also collecting money to support the family of Lini, Nipah virus, Perambra, News Source: Marunadan Malayali, Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.