Header Ads

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക്കിന് കര്‍ശന ഉപാധികളോടെ ജാമ്യം



വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതിയായ വരാപ്പുഴ എസ്‌ഐ ദീപക്കിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, വിചാരണക്കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ദീപക്കിന് ജാമ്യം അനുവദിച്ചത്.

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനും ദീപക്കിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീജിത്ത് ഡോക്ടര്‍മാര്‍ക്കു നല്‍കിയ മൊഴിയില്‍ എസ്‌ഐ ദീപക് മര്‍ദ്ദിച്ചതായി പറയുന്നില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ശ്രീജിത്തിനെ മര്‍ദ്ദിച്ചതിലും മരണത്തിലും പങ്കില്ലെന്ന് വ്യക്തമാക്കി ദീപക്ക് നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.ഏപ്രില്‍ 24 മുതല്‍ എസ്‌ഐ ദീപക്ക് റിമാന്‍ഡില്‍ കഴിയുകയാണ്. എസ്പി അടക്കം മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തന്നെ ബലിയാടാക്കുകയാണെന്നും എസ്‌ഐ പറഞ്ഞു.

എന്നാല്‍, ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക്ക് മര്‍ദ്ദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട് പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.തുടര്‍ന്ന് സാക്ഷികള്‍ ഇത് സംബന്ധിച്ച് നല്‍കിയ 164 പ്രകാരമുള്ള മൊഴി കോടതിയില്‍ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെതിരെ കേസെടുത്തിട്ടുള്ളതെന്നും ആരേയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
................................................................................................

Tags: SI Deepak out for bail, Varappuzha custody murder case, murder of Sreejith in Varapuzha, SI Deepak got bail, News Source: Marunadan Malayali, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.